Thursday, January 22, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 10

10.തക് ബാത്തും മോണിംഗ് മാർക്കറ്റും
===============================


രാവിലെ നാലുമണിക്കുതന്നെ ഉണർന്നു. പ്രഭാതകൃത്യങ്ങൾക്കുശേഷം റൂമിലുണ്ടായിരുന്ന കെറ്റിലിൽ കാപ്പിയുണ്ടാക്കിക്കുടിച്ചു. അഞ്ചുമണിയായപ്പോൾ യാത്രയ്ക്ക് തയ്യാറായി. ചൂടുവെള്ളം കിട്ടാൻ താമസം വന്നതിനാൽ  ചില സഹയാത്രികർ വരാൻ കുറച്ചു വൈകി. എല്ലാവർക്കും റൂമിനെക്കുറിച്ചു ധാരാളം പരാതികൾ. എങ്കിലും ഈ തണുത്ത വെളുപ്പാൻകാലത്ത് ആരോഗ്യപ്രശ്നങ്ങളെയൊന്നും വകവയ്ക്കാതെ ചുറുചുറുക്കോടെ എല്ലാവരും വാഹനങ്ങളിൽ  കയറി. റോഡിൽ പൊടി നിറഞ്ഞിട്ടുണ്ടെങ്കിലും ഈ വണ്ടികളൊക്കെ ഇപ്പോൾ ഷോറൂമിൽനിന്നു കൊണ്ടുവന്നതാണെന്നു തോന്നിപ്പോകുന്നതുപോലെ വെട്ടിത്തിളങ്ങി മനോഹരമായിരിക്കുന്നു. 'തക് ബാത്' എന്നൊരാചാരം എല്ലാദിവസവും പുലർകാലത്ത് ഇവിടെ അരങ്ങേറുന്നുണ്ട് . അതിനു സാക്ഷ്യംവഹിക്കാനും ആവശ്യമുള്ളവർക്ക്  പങ്കെടുക്കാനുമായാണ് ഇപ്പോഴത്തെ യാത്ര.  ആറരയോടെ ചടങ്ങവസാനിക്കും.  ഇതെന്താണെന്നല്ലേ ? പറയാം. 

ഇന്നാട്ടിലെ മൊണാസ്ട്രികളിലും ബുദ്ധവിഹാരങ്ങളിലുമൊക്കെയുള്ള ബുദ്ധസന്യാസിമാർ അതിരാവിലെ ഭിക്ഷാടനത്തിനിറങ്ങുന്ന ചടങ്ങാണിത്. എല്ലാദിവസവും ഉദയത്തിനുമുന്നേതന്നെ  വഴിയോരത്ത് തങ്ങൾക്കു നൽകാൻ കഴിയുന്നതിൽ ഏറ്റവുംനല്ല  ഭക്ഷണവുമായി നാട്ടുകാർ ഭക്ത്യാദരങ്ങളോടെ കാത്തിരിക്കും. നിരനിരയായി നടന്നുവരുന്ന കഷായവസ്ത്രധാരികളായ  ഭിക്ഷുക്കൾ ഭക്ഷണം സ്വീകരിച്ച് തങ്ങളുടെ തോളിൽ തൂക്കിയിട്ടിരിക്കുന്ന  പാത്രങ്ങളിൽ  ശേഖരിച്ചു മടങ്ങിപ്പോകും.  യുട്യൂബിലൊക്കെ ഇതിനെക്കുറിച്ചുള്ള വ്‌ളോഗുകൾ പലതും കണ്ടിട്ടുണ്ടെകിലും ഇപ്പോൾ ഇത് നേരിൽക്കാണാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു. 

 മതപരവും ആത്മീയസ്വഭാവമുള്ളതുമായൊരു ചടങ്ങായതുകൊണ്ടു  ശരീരം നന്നായി മറയുന്നവിധത്തിൽ  വസ്ത്രം ധരിക്കണമെന്നു നിർദ്ദേശമുണ്ടായിരുന്നു.   
 തേരവാദ  ബുദ്ധിസം (പരമ്പരാഗത ബുദ്ധമതതത്വങ്ങങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്ന   യാഥാസ്ഥികബുദ്ധമതവിഭാഗം) ലാവോസിൽ പ്രചാരത്തിലായ  പതിനാലാം നൂറ്റാണ്ടുമുതൽ ഈ ചടങ്ങു നടക്കുന്നു എന്നാണ് ചരിത്രഭാഷ്യം. ഈ വിഭാഗത്തിൽ സന്യാസിമാരും സാധാരണക്കാരും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇത് പരസ്പരപിന്തുണയുടെ  മാർഗ്ഗമാണ്. സന്യാസിമാർ അറിവും ബുദ്ധതത്വങ്ങളും  ആത്മീയദർശനങ്ങളും ജനങ്ങൾക്ക് പകർന്നുനൽകുന്നു. സാധാരണജങ്ങളാകട്ടെ, സന്ന്യാസിമാർക്ക്  അവർക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റുവസ്തുക്കളും നിറഞ്ഞമനസ്സോടെ തങ്ങളുടെ അവകാശമെന്ന രീതിയിൽ നൽകുന്നു.  ശ്രീബുദ്ധനോടുള്ള ആരാധനയും ബുദ്ധമതതത്വങ്ങളോടുള്ള  ആദരവും  അഭിനിവേശവുമൊക്കെയാണ് തദ്ദേശീയരെ ഇത്തരമൊരു പുണ്യപ്രവൃത്തിയിലേക്കു പ്രേരിപ്പിക്കുന്നത്. അതുചെയ്യുന്നതാവട്ടെ അങ്ങേയറ്റം ആത്മസമർപ്പണത്തോടെയാണെന്നും മനസ്സിലാക്കാനാവും. 

മീകോങ് നദീതീരത്തോടുചേർന്നുള്ള ചെറിയമലഞ്ചെരുവിലെ ചുരംപോലുള്ള പാതയുടെ താഴെഭാഗത്താണ് വാഹനങ്ങൾ പാർക്കുചെയ്തത് ഞങ്ങൾ മുകളിലേക്കുനടന്ന് മൊണാസ്ട്രിയും ക്ഷേത്രങ്ങളുമൊക്കെയുള്ള തെരുവിലാണ് നിലയുറപ്പിച്ചത്. വളരെ  വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന പാതയുടെ വശത്തെ നടപ്പാതയിൽ കാർപ്പറ്റ് വിരിച്ചതിനുമേൽ  നിരവധി  ചെറിയ സ്റ്റൂളുകൾ നിരത്തിയിരിക്കുന്നു. അതിൽ ഇരുന്നുവേണം ദാനധർമ്മം നടത്തേണ്ടത്.  സഞ്ചാരികൾക്കായി അവിടെവന്നിരിക്കുന്ന വിദേശികൾക്കും ഈ ചടങ്ങിൽ ഭാഗഭാക്കാകാം. ദാനം ചെയ്യാനുള്ള ചോറും പഴങ്ങളുമൊക്കെ അടങ്ങിയ  കൂടകൾ വിൽക്കാനായി കുറച്ചുപേർ നിൽക്കുന്നുണ്ട്. ഒരെണ്ണം വാങ്ങി, പാദരക്ഷകൾ ഊരിവെച്ച് ഒരു സ്റ്റൂളിൽ ഇരിക്കാം. സന്യാസിമാർ വരുമ്പോൾ ഓരോരുത്തരുടെയും കൈയിലുള്ള പാത്രത്തിലോ  സഞ്ചിയിലോ അല്പാല്പമായി  അത് നിക്ഷേപിച്ചാൽ മതി. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നവരിൽ ചിലരും തക് ബാത്തിൽ പങ്കുചേരാൻ ഭക്ഷണക്കൂടയും  വാങ്ങി സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു. ഈ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തുന്നവർ തികഞ്ഞ നിശ്ശബ്ദത പാലിച്ച് അച്ചടക്കത്തോടെ നിൽക്കേണ്ടതുണ്ട്. ഫോട്ടോയും  വീഡിയോയും എടുക്കാം. പക്ഷേ ഫ്ലാഷ്ലൈറ്റ് പാടില്ല. 

സമയം കടന്നുപോകുന്നു. തെരുവുനിറയെ സഞ്ചാരികളെക്കൊണ്ടു  നിറഞ്ഞു. നിൽക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥ. സന്യാസിമാരെ സ്പർശിക്കാതിരിക്കാൻ തെരുവിൽ  കയറുകൊണ്ട്  ഒരു അതിർത്തിരേഖ സൃഷ്ടിച്ചിരുന്നു. അങ്ങനെയിരിക്കെ അതാ കുങ്കുമനിറത്തിലെ വസ്ത്രം ധരിച്ച് നഗ്നപാദരായി പലപ്രായത്തിലുള്ള  സന്യാസിമാർ നിശ്ശബ്ദരായി നടന്നുവരുന്നു. മുഖത്തു ശാന്തതയുടെ അവരണമണിഞ്ഞ നേർത്ത മന്ദസ്മിതം. ഓരോരുത്തരിൽനിന്നായി ഭിക്ഷ സ്വീകരിച്ച് വണങ്ങി അവർ കടന്നുപോകുന്നു. ശ്വാസമടക്കി എല്ലാവരും അത് കണ്ടുനിന്നു. ഒടുവിലത്തെ സന്യാസിയും ഭക്ഷവാങ്ങി നടന്നുമറഞ്ഞപ്പോൾ ഞങ്ങളും പതിയെ ക്ഷേത്രങ്ങളും മൊണാസ്ട്രിയുമൊക്കെ ഒന്ന് കണ്ടുവരാമെന്നു കരുതി നടന്നു. നാടിൻറെ വാസ്തുവൈദഗ്ധ്യം പ്രകടമാക്കുന്നവിധമായിരുന്നു അവയുടെയൊക്കെ  നിർമ്മിതി. കുറേസമയം  നടന്നശേഷം  മറ്റൊരു ദൃശ്യവിസ്മയം അനുഭവേദ്യമാക്കുന്നതിനായി മുന്നോട്ടു നടന്നു. 

കഴിഞ്ഞദിവസം നൈറ്റ് മാർക്കറ്റായിരുന്നു കണ്ടതെങ്കിൽ ഇപ്പോൾ കാണുന്നത്  മോർണിംഗ് മാർക്കറ്റ് ആണ്. രാത്രിവിപണി പ്രധാനമായും വിദേശികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നെങ്കിൽ ഇതാകട്ടെ വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപകാരപ്രദം. തദ്ദേശീയരുടെ കൃഷിയിടങ്ങളിൽ വിളയുന്ന പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും മത്സ്യമാംസാദികളും  പലചരക്കുസാധനങ്ങളും കൗതുകവസ്തുക്കളും കരകൗശലോത്പന്നങ്ങളും ഒക്കെ ഇവിടെ നമുക്ക് വാങ്ങാനാവും. തെരുവോരങ്ങളിൽ അവയൊക്കെ നിരത്തിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ കാണുന്ന മിക്കവാറും പഴങ്ങളും പച്ചക്കറികളും ഇവിടെയുമുണ്ട്. നമുക്ക് പരിചിതമല്ലാത്ത ധാരാളം ഇനങ്ങളും ഇവിടെക്കാണാം. ഇഞ്ചിയൊക്കെ വളരെ വലുപ്പമുള്ളവയാണ്. കാന്താരിയും നല്ല നീളമുള്ളവയാണ്. കോഴികളെ കൊന്നു തൂവലൊക്കെ കളഞ്ഞു  കാലുൾപ്പെടെ നിരത്തിവെച്ചിരിക്കുന്നതുകണ്ടു. കോഴിക്കാൽ ഇട്ട് സൂപ്പുണ്ടാക്കുമത്രേ!  മീകോങ് നദിയിലെ മത്സ്യങ്ങളുൾപ്പെടെ  പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വാങ്ങാനെത്തുന്നവർക്ക് അത് ചൂടോടെ കഴിക്കാനാവും.  രാവിലെ അഞ്ചുമണിമുതൽ പതിനൊന്നുതുമണിവരെയാണ് ഈ ചന്ത പ്രവർത്തിക്കുന്നത്. 

ചന്തയിൽ അധികനേരം ചെലവിടാനാകില്ല. ഹോട്ടലിൽച്ചെന്നു പ്രഭാതഭക്ഷണം കഴിച്ച് അടുത്ത യാത്രയ്ക്ക്  പുറപ്പെടണം. മീകോങ് നദിയിലൂടെ  ഒരു തോണിയാത്രയാണ് ഇന്നത്തെ  ലക്‌ഷ്യം. 



 

No comments:

Post a Comment