Thursday, January 22, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 12


12. കുവാങ് സീ ജലപാതം 

==================

തോണിയാത്ര തുടരുകയാണ്. കാഴ്ചകൾ  ബാക്കിയുണ്ട്. ഇനി പോകുന്നത് തികച്ചും വിസ്മയകരമായ മറ്റൊരു ദൃശ്യാനുഭവത്തിലേക്കാണ്. കുവാങ് സീ  എന്നറിയപ്പെടുന്ന ഒരു ജലപാതശൃംഖലയും അതിനോടുചേർന്നുള്ള ഒരു കരടിപരിത്രാണനകേന്ദ്രവും.  കുവാങ് സീ, വനത്തിനുള്ളിൽ  വളരെ ഉയരത്തിൽനിന്നു താഴേക്കുപതിച്ച്, കളകളംപാടി  പല തട്ടുകളായി ഒഴുകി ഇടയിൽ പൊയ്കകളും ചാലുകളും സൃഷ്ടിച്ച്  അതിസുന്ദരമായൊരു ദൃശ്യവിരുന്നൊരുക്കി കാത്തിരിക്കുകയാണ്. ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ അമ്പതു വെള്ളച്ചാട്ടങ്ങളുടെ പട്ടികനോക്കിയാൽ അതിലൊന്നു കുവാങ് സീ ആയിരിക്കും. ടട് കുവാങ് സീ  എന്നതിന് "The Falls of the Golden Deer" എന്നാണ് ഇംഗ്ലീഷ്  പരിഭാഷ. ഈ പേരിനുപിന്നിൽ ഒരു കഥയുമുണ്ട്.  പണ്ടെന്നോ  നാട്ടിൽ കഠിനമായ  വരൾച്ച ജനങ്ങളെ വല്ലാതെ വലച്ചപ്പോൾ ജ്ഞാനിയായ  ഒരു വൃദ്ധൻ ഈ സ്ഥലത്ത്  ജലസ്രോതസ്സ് ഉണ്ടാകുമെന്നു കണ്ടെത്തുകയും അവിടം കുഴിച്ച് നീരൊഴുക്കുണ്ടാക്കുകയും ചെയ്തത്രേ! അക്കാലത്ത് ഐതിഹ്യകഥകളിലൊക്കെ പ്രചാരത്തിലുണ്ടായിരുന്ന ഒരു സ്വർണ്ണമാൻ  ഈ നീരൊഴുക്കിന്റെ വശ്യഭംഗിയിൽ മനംമയങ്ങി പാറകൾക്കിടയിൽ കൂടുകൂട്ടിയെന്നാണ് വിശ്വാസം. 


ബോട്ട് യാത്രകഴിഞ്ഞു കുറേദൂരം റോഡുയാത്രകൂടി  ചെയ്തിട്ടാണ് കുവാങ് സീയുടെ പരിസരത്തുള്ള പാർക്കിംഗ് ഏരിയായിൽ  എത്തുന്നത്. അവിടെയുള്ള ടിക്കറ്റ് കൗണ്ടെരിൽനിന്നു എടുത്ത  ടിക്കറ്റ്  എൻട്രി ഗേറ്റിൽ കാണിച്ചാൽ അവർ നമുക്ക് ഒരു വാഹനം കാട്ടിത്തരും. ഈ ഇലക്ട്രിക്ക് വെഹിക്കിളിൽ കുവാങ് സീയുടെ പ്രവേശനകവാടംവരെ പോകാം. വിദേശികൾക്ക് 60000 കിപ്പ് ആണ് ടിക്കറ്റ് ചാർജ്ജ്. ഇവിടെയൊക്കെ ഭക്ഷണസാധനങ്ങൾ വിൽക്കുന്നവരെയും മറ്റു  കടകളുമൊക്കെ ധാരാളമായി കാണാം. ശുചിമുറിസൗകര്യങ്ങളുമുണ്ട്.   ഇനി  ഒരു ഗഹനകാന്തരത്തിലേക്കു കടക്കുകയായി. നടക്കാൻ ബുദ്ധിമുട്ടുള്ളവരെ മലയുടെ മുകൾഭാഗംവരെ ഈ വാഹനത്തിൽ എത്തിക്കും. ഞങ്ങൾ നടന്നുകയറാനാണ് തീരുമാനിച്ചത്. ആദ്യം എത്തുന്നത് കരടികൾ യഥേഷ്ടം വിഹരിക്കുന്ന ഒരു ഭാഗത്തേക്കാണ്.  ഇതൊരു  മൃഗശാലയൊന്നുമല്ല.  ബെയർ റെസ്ക്യൂ  സെന്റർ ആണ്. 


ഈ  കരടിസംരക്ഷണകേന്ദ്രത്തിൽ ഓരോവർഷവും ധാരാളം കരടികൾ എത്തപ്പെടാറുണ്ട്. വേട്ടക്കാരിൽനിന്നും ബെയർ ബൈൽ ഫാമിങ് നടത്തുന്നവരിൽനിന്നും അംഗവൈകല്യം സംഭവിച്ചതോ മാരകമുറിവേറ്റതോ ആയ കരടികളെ മോചിപ്പിച്ച് ഇവിടെയെത്തിച്ച് സ്വാഭാവികമായ ജീവിതപരിസരങ്ങൾ ഒരുക്കിക്കൊടുത്തു സംരക്ഷിക്കുന്ന കേന്ദ്രമാണിത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ലെങ്കിലും  കാലാകാലങ്ങളായി കറുത്തമുടി ഇടതൂർന്നുവളരാൻ സഹായിക്കുന്ന  കരടിനെയ്യുടെ ഔഷധമൂല്യത്തെക്കുറിച്ച് മനുഷ്യൻ വളരെ ബോധവാനാണ്. എന്നാൽ  കരടിയുടെ പിത്തരസം (bile) എന്തിനാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലായില്ല. അന്വേഷണത്തിൽ അറിയാൻകഴിഞ്ഞത് പനിമുതൽ കരൾരോഗങ്ങൾക്കുവരെയുള്ള മരുന്ന്  ഇതിൽനിന്നുണ്ടാക്കാന്നുണ്ടെന്നാണ്.  ഈ ചികിത്സകളും ശാസ്ത്രീയമായി   അടിത്തറയുള്ളതൊന്നുമല്ല. പക്ഷേ ഇതിനൊക്കെയായി കരടികൾ അനുഭവിക്കേണ്ടിവരുന്ന ക്രൂരതകൾ ചില്ലറയൊന്നുമല്ല. മനുഷ്യന്റെ ക്രൂരതയുടെയും ഒപ്പം സഹജീവിയോടുള്ള ആർദ്രസ്നേഹത്തിന്റെയും നേർക്കാഴ്ചകൾ ഒരേസമയം നമ്മളിവിടെ ദർശിക്കുന്നു. ഈ  ലോകം എത്ര വിചിത്രം!


പിന്നെയും ആകാശംമുട്ടെ  വളർന്നുനിൽക്കുന്ന വൃക്ഷമുത്തശ്ശന്മാർക്കിടയിലൂടെ ആരോ  തെളിച്ചുപോയ മൺപാതയിൽ പദങ്ങളൂന്നി, ഇരുവശത്തുമുള്ള  അനവധിയായ സസ്യവൈവിധ്യങ്ങളെ നോക്കിക്കണ്ടു  മുന്നോട്ടു നടക്കാം. അധികവും നമ്മുടെ നാട്ടിലുള്ളവതന്നെ. കുറച്ചുദൂരം നടക്കുമ്പോൾ തള്ളിനിൽക്കുന്ന ചുണ്ണാമ്പുകല്ലുകളിലൂടെ പാൽനുരപതച്ചു കുതിച്ചു താഴേക്കുപതിക്കുന്ന ഒരു കാട്ടുചോലയും അതുവന്നുപതിച്ചു രൂപംകൊണ്ട ചെറിയൊരു ജലാശയവും. പച്ചയും നീലയും കലർന്നൊരു മനോഹരവർണ്ണമാണ് ആ ജലത്തിന്. ഈ വൈഡൂര്യവർണ്ണമാണ് കുവാങ് സീയെ     ഇത്രമേൽ   ജനപ്രിയമാക്കുന്നത്.  വെള്ളത്തിൽ  കലര്ന്ന  കാൽസിയം  കാർബോണറ്റിന്റെ  അംശവും മണ്ണിലെ ചെമ്പും   അലുമിനിയവും പോലുള്ള  ലോഹങ്ങളുടെ  അംശമുള്ള  ധാതുക്കളുമാണ്  സൂര്യപ്രകാശത്തിൽ  പ്രതിഫലിച്ച് ഈ വർണ്ണചാരുതയേകുന്നത്. എത്രകണ്ടാലും മതിവരില്ല ഈ സുന്ദരദൃശ്യം. 


വീണ്ടും കാനനവീഥിയിലൂടെ മുകളിലേക്ക്   നടക്കണം. ചിലയിടങ്ങളിൽ വഴുക്കലുണ്ടാകും. ശ്രദ്ധയോടെ, മുമ്പോട്ടുപോകുമ്പോൾ അതാ മുമ്പുകണ്ടതിനേക്കാൾ മനോഹരമായ മറ്റൊരു ജലപാതദൃശ്യം.. ശുഭ്രവർണ്ണത്തിൽ താഴേക്കു കുതിച്ച് അവിടെയും  ഒരു സുന്ദരസരോവരം രൂപമെടുക്കുന്നു. നിറങ്ങുകവിഞ്ഞ തടാകജലം ഒരു കാട്ടുചോലയായി ഒഴുകിപ്പോകുന്നു.   ചിലരൊക്കെ വെള്ളത്തിലിറങ്ങി നീന്തുന്നതും കാണാം. ഇങ്ങനെ പല തട്ടുകളിലായി മുകളിലേക്കെത്തുമ്പോൾ ജലപാതത്തിന്റെ ഉയരം വളരെക്കൂടുന്നു. പാറക്കെട്ടിന്റെ വലുപ്പവും ആകൃതിയുമനുസരിച്ച് വെള്ളമൊഴുകുന്ന രൂപവും അത്യാകർഷകമായിരിക്കുന്നു. എത്രയോ കാലങ്ങളായി നിരന്തരം   വെള്ളമൊഴിയൊഴുകി ചുണ്ണാമ്പുകല്ലുകളിൽ തേയ്മാനം വന്നു പല ആകൃതികൾ രൂപപ്പെട്ടിട്ടുണ്ട്. ആ കാഴ്ചകണ്ടാസ്വദിക്കാൻ വെള്ളച്ചാട്ടത്തിനഭിമുഖമായി ഒരു പാലം നിർമ്മിച്ചിട്ടുണ്ട്. മുകളിലെയും തഴെയുള്ളതുമായ ജലമൊഴുക്ക് അവിടെനിന്നാസ്വദിക്കാം. കുറേസമയം ആ അഭൗമസൗന്ദര്യത്തിനു ഹൃദയംകൊടുത്ത്, കഴിയുന്നത്ര കണ്ണുകളിലാവാഹിച്ച് ഞങ്ങൾ തിരിച്ചിറങ്ങി. അപ്പോഴേക്കും വാഹനത്തിൽ മലമുകളിലേക്കുപോയ സഹയാത്രികരും അവിടെയെത്തിയിരുന്നു. ചിലർ  ഞങ്ങളുടെകൂടെ  നടന്നുതന്നെ മടങ്ങി. കാടിന്റെ സൗന്ദര്യമറിയണമെങ്കിൽ നടന്നുതന്നെ പോകണം. 


പ്രായമേറെയുള്ള കൂറ്റൻമരങ്ങളാണ്  കാട്ടിലധികവും. വേരുകളും വള്ളിപ്പടർപ്പുകളുമൊക്കെയായി അവരുടെ സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നു. എന്റെ  സ്വന്തംനാടായ  ഇടുക്കിജില്ലയിലെ കാടുകളും ഇതുപോലെയൊക്കെയുണ്ട്. പക്ഷേ അവിടെ കണ്ടിട്ടില്ലാത്ത ധാരാളം സസ്യങ്ങൾ ഇവിടെയുണ്ട് .  കാട്ടിൽ വളർന്നുനിൽക്കുന്ന  ചേമ്പ് അതിഗംഭീരം. നല്ല  ഉയരവും വളരെ വിസ്തൃതമായ ഇലകളും. ഭക്ഷ്യയോഗ്യമാണോഎന്നറിയില്ല. പക്ഷികളും മൃഗങ്ങളുമൊക്കെ കുറവാണെന്നു തോന്നുന്നു. അധികമൊന്നും കാണാൻ കഴിഞ്ഞില്ല.  എന്തായാലും കണ്ണും മനസ്സും നിറഞ്ഞു കാടിനോടും കാട്ടരുവിയോടും കരടികളോടും വിടചൊല്ലി ഞങ്ങൾ യാത്രയായി.  


No comments:

Post a Comment