Thursday, January 22, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 13

 

13.ലാവോസിനോട് വിട 


================


ഇന്ന് ഫെബ്രുവരിമാസം 18 )൦ തീയതി. ഒരുപാടു പ്രത്യേകതകളുള്ള  ലാവോസ് എന്ന കൊച്ചുരാജ്യത്ത് മൂന്നാം ദിവസം .  യുനെസ്‌കോയുടെ  ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയ  ലുവാങ് പ്രബാങ് എന്ന ചരിത്രനഗരത്തോടു യാത്രാമൊഴിചൊല്ലി ഞങ്ങൾ രാജ്യതലസ്ഥാനമായ, ഏറ്റവും വലിയ നഗരവുമായ വിയന്റിയനിലേക്കാണ് ആദ്യം പോകുന്നത്. (വിയങ്ചാൻ എന്നാണ് ലാവോസ് ഭാഷയിൽ നഗരത്തെ വിളിക്കുന്നത്.  'ചന്ദ്രന്റെ നഗരം' എന്നാണ് ലാവോയിൽ വിയങ്ചാന് അർത്ഥം. അത്  ഫ്രഞ്ചുകാർ വിയന്റിയൻ എന്ന് റോമനീകരിച്ചു.) ലവോഷിയൻ ഇതിഹാസമായ ഫ്രാലക് ഫ്രാലം അനുസരിച്ച് തഥാരദ്ധരാജകുമാരനാണ് നഗരം സ്ഥാപിച്ചത്. അന്ന് 'ചന്ദ്രബൂലി സി സത്തനാക്' എന്നായിരുന്നത്രെ നാമകരണം ചെയ്യപ്പെട്ടത്. 


  പ്രഭാതഭക്ഷണമൊക്കെക്കഴിഞ്ഞ് 9 മണിയായപ്പോൾ ലുവാങ് പ്രബാങിൽ ഞങ്ങൾക്ക് താമസമൊരുക്കിയ  മാന്യോ ഹോട്ടലിൽനിന്ന് യാത്രയായി. റെയിൽവെ സ്റ്റേഷനിലേക്കാണ് പോകുന്നത്. പത്തുകിലോമീറ്ററിലധികം ദൂരമുണ്ട്  അവിടേക്ക്. അവിടെനിന്നു 10 . 31 നുള്ള ഒരു ഹൈ സ്പീഡ് ട്രെയിനിൽ   വിയന്റിയനിലേക്ക്. ഒമ്പതരയായപ്പോൾ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി. ഞങ്ങളെ ഇവിടെയെത്തിച്ച വാൻ ഡ്രൈവറോട് യാത്രപറഞ്ഞു. 


റെയിൽവേസ്റ്റേഷൻ എയർപോർട്ടിനേക്കാൾ വലുതായിരുന്നു. കുറെയധികം പടിക്കെട്ടുകൾ  കയറിവേണം പ്രധാനകെട്ടിടത്തിലെത്താൻ. ലഗേജുമായി അത് ബുദ്ധിമുട്ടാകുന്നതുകൊണ്ടു ഞങ്ങൾ ലിഫ്റ്റിൽ കയറി മുകളിലെത്തി. സെക്യൂരിറ്റി ചെക്കിനുശേഷമേ അകത്തേക്ക് കയറാൻ കഴിയൂ. പാസ്‌പോർട്ടും ടിക്കറ്റും ഒക്കെ പരിശോധിച്ച് അകത്തേക്ക് കടത്തിവിട്ടു. പിന്നീടാണ് ബാഗേജ് ചെക്ക്. അതിൽ, പെട്ടിയിലുണ്ടായിരുന്ന  ഒരു മദ്യക്കുപ്പി എടുത്തു. അതുകൊണ്ടുപോകാൻ കഴിയില്ലെന്ന് ഒരുദ്യോഗസ്ഥൻ പറഞ്ഞു. കാരണം അത് സീൽ പൊട്ടിച്ചിരുന്നത്രേ! ബാക്കി മൂന്നെണ്ണം കൊണ്ടുപോകാൻ അനുവദിച്ചു. പെട്ടിയിൽ ഉണ്ടായിരുന്ന  ഒരു ചെറിയ കത്തിയും സാനിറ്റൈസർ കുപ്പിയും അവർ എടുത്തുകളഞ്ഞു. അങ്ങനെ റെയിൽവേസ്റ്റേഷന്റെ ഉള്ളിൽ കടന്നു. 


സഹയാത്രികരിൽ ഒരാളുടെ പാസ്‌പോർട്ടിൽ എന്തോ പിഴവുണ്ടായിരുന്നതുകൊണ്ടു കുറച്ചുനേരം അവരെ പുറത്തുതന്നെ ഇരുത്തി. വളരെ സമയമെടുത്തു അതു പരിഹരിക്കാൻ.


കൃത്യസമയം പാലിച്ച് ട്രെയിൻ എത്തി. ഞങ്ങൾ അകത്തുകയറി. സുന്ദരമായ ട്രെയിൻ. സീറ്റുകളും മനോഹരം. നല്ല  തിരക്കുമുണ്ട്.    വാതിലിനടുത്താണ് ലഗ്ഗേജ് വയ്ക്കാനുള്ള റാക്കുകൾ.   പക്ഷേ എല്ലാവരുടെയും ലഗ്ഗേജ് വയ്ക്കാനുള്ള സ്ഥലമുണ്ടായിരുന്നില്ല. സീറ്റുകൾക്കിടയിലും ഇടനാഴിയിലുമൊക്കെയായി വെച്ചാണ് അതിനൊരു പരിഹാരം കണ്ടത്. സീറ്റ് നമ്പർ അനുസരിച്ച്  എല്ലാവരും ഇരുന്നു. കൃത്യം 10 . 31 തന്നെ ട്രെയിൻ ഓടിത്തുടങ്ങി. 311 കിലോമീറ്റർ ദൂരമുണ്ട്  വിയന്റിയനിലേക്ക്. ഹൈസ്പീഡ് ട്രെയിൻ ആയതുകൊണ്ട് രണ്ടുമണിക്കൂർ മതി ഈ ദൂരംതാണ്ടാൻ. സാധാരണ ട്രെയിൻ ആണെങ്കിൽ എട്ടുമണിക്കൂറിലധികമെടുക്കും. 


മലകൾക്കിടയിലൂടെയാണ് ട്രെയിൻ ഓടിക്കൊണ്ടിരുന്നത്. ഇടയ്ക്കിടെ വലിയ ടണലുകളിൽക്കൂടിയാണ് യാത്ര. കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളുമൊക്കെ ഇടയ്ക്കു കാഴ്ചയിലെത്തുന്നുണ്ട്. ചിലഭാഗത്ത് മലകളിൽ ഇടതൂർന്ന വനങ്ങളാണ്.ലാവോസിന്റെ ഭൂവിസ്തൃതിയിൽ  ഏകദേശം  60% വനങ്ങളാണ്. വലിയ പാറക്കെട്ടുകളും കാണാം. ഈ പാറകളിലൊക്കെ ധാരാളം ഗുഹകളുമുണ്ട്. 'ഒരു ദശലക്ഷം ഗുഹകളുടെ നാട്' എന്നൊരു വിളിപ്പേരും ലാവോസിനുണ്ട്. മറ്റൊരു വിളിപ്പേര്  'ഒരു ദശലക്ഷം ആനകളുടെ നാട്' എന്നാണ്. ലാവോസിന്റെ ദേശീയമൃഗവും ഏഷ്യൻ ആനയാണ്.  കുറേദൂരം ഇങ്ങനെപോയശേഷം പിന്നെ നിരപ്പുള്ള ഭൂഭാഗമായി. ധാരാളം നെൽപ്പാടങ്ങളും മറ്റുകൃഷിസ്ഥലങ്ങളുമൊക്കെ കാഴ്ച്ചയിൽ വന്നുകൊണ്ടിരുന്നു. അരിയാണ് ഇവിടുത്തെ പ്രധാനാഹാരം .ലാവോസിലെ ഓരോ വ്യക്തിയും പ്രതിവർഷം ഏകദേശം 170 കിലോഗ്രാമോളം  സ്റ്റിക്കി റൈസ് കഴിക്കുന്നു എന്ന് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു. 'ചോറ് കഴിച്ചോ?' എന്നാണ് ഇവിടുത്തുകാർ പരസ്പരം കണ്ടുമുട്ടുമ്പോൾ ലോഹ്യംചോദിക്കാറ്.


  ഇതിനിടയിൽ ഏതാനും  ചില സ്റ്റേഷനുകളും കടന്നുപോയി. ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു. ഒരുസ്റ്റേഷനിൽ ഞങ്ങളുടെ സംഘമൊഴികെ  എല്ലാവരും  ഇറങ്ങി. അധികംതാമസിയാതെ ഞങ്ങൾ വിയന്റിയനിലെത്തി. വിയന്റിയൻ റെയിൽവേ സ്റ്റേഷൻ ആധുനികസംവിധാനങ്ങളൊക്കെയുള്ള വലിയൊരു സ്റ്റേഷനാണ്. ചൈനീസ് വാസ്തുശൈലിയിൽ ലാവോഷ്യൻ രീതികൾ സമന്വയിപ്പിച്ചുള്ള നിർമ്മാണമാണ് സ്റ്റേഷൻകെട്ടിടസമുച്ചയം. മൂന്നു പ്ലാറ്റുഫോമുകളിലായി അഞ്ചുട്രാക്കുകൾ ഉണ്ട്. 2500 പേരെ ഉൾക്കൊള്ളാനാകുന്ന ഒരു വലിയ സ്റ്റേഷൻ ഹാളും ഇവിടെയുണ്ട്.   2021 ഡിസംബർ മാസത്തിൽ പ്രവർത്തനരംഭിച്ച 'ലാവോസ് - ചൈന റയിൽവേ'യുടെ സതേൺ ടെർമിനസ് ആണിത്. ചൈന മുൻകൈയെടുത്തു നടപ്പാക്കിയ റെയിൽവേലൈനാണിത്. കടൽതീരമില്ലാത്ത രാജ്യമായതുകൊണ്ടു ലാവോസിനു വിദേശരാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇതിനൊരു പരിഹാരമായിക്കൂടെയാണ് ഈ  റെയിൽവേ നടപ്പാക്കാൻ ചൈന സന്നദ്ധമായത്. ഈ റെയിൽവേയുടെ  ലാവോസിലെ ഭാഗം ബോട്ടൻ- വിയന്റിയൻ റെയിൽവേ എന്നറിയപ്പെടുന്നു. 




വിയന്റിയനിൽ ഞങ്ങൾക്കു ചെലവഴിക്കാൻ അധികസമയമില്ല. ലാവോസ് എന്ന സുന്ദരരാജ്യത്തെ ഓർമ്മത്താളുകളിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തി ഇന്നുതന്നെ വിയറ്റ്നാം എന്ന അടുത്ത ലക്ഷ്യത്തിലേക്ക് പറക്കേണ്ടതുണ്ട്. എങ്കിലും പ്രധാനപ്പെട്ട ചില ചരിത്രസ്മാരകങ്ങളും ലാവോസിന്റെ സമകാലികമായ അടയാളപ്പെടുത്തലുകളുടെ ചില ആധുനികനിർമ്മിതികളെയുമൊക്കെ തിടുക്കത്തിലൊന്നു നോക്കിക്കാണണം. ഉച്ചയ്ക്ക് ഒരുമണികഴിഞ്ഞു  സമയം. അതുകൊണ്ടു ഉച്ചഭക്ഷണം കഴിക്കാൻ 'ഡൽഹി ഡർബാർ' എന്നുപേരുള്ള ഒരു ഇന്ത്യൻ റെസ്റ്ററന്റിലേക്കാണ് ആദ്യം പോയത്. ഭക്ഷണമൊക്കെ നന്നായിരുന്നെങ്കിലും ഒരുകാര്യം തീരെ ഇഷ്ടമായില്ല. അവിടെ വാഷ് ഏരിയായിൽ  കൈ കഴുകാനുള്ള വാഷ് ബേസിനും ക്ലോസറ്റും അടുത്തടുത്ത് സെറ്റ് ചെയ്തിരിക്കുന്നു. രണ്ടിനുംകൂടി ഈ ഒരിടം മാത്രം! അത് ജുഗുപ്സാവഹം എന്നേ പറയേണ്ടൂ. 




ഉച്ചഭക്ഷണം കഴിഞ്ഞശേഷം ആദ്യം പോയത്  'ഫാ താത് ലുവാങ്' എന്നൊരു ക്ഷേത്രത്തിലേക്കാണ് . വിയന്റിയൻ നഗരത്തിന്റെ കേന്ദ്രഭാഗത്തു സ്ഥിതിചെയ്യുന്ന, സ്വർണ്ണനിറത്തിലുള്ള  ഈ ബൃഹത്തായ ക്ഷേത്രം ലാവോസിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ സ്മാരകമായി പൊതുവെ കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്രം  ദേശീയചിഹ്നത്തിലും  ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സ്വർണ്ണനിറത്തിലുള്ള ഈ ക്ഷേത്രത്തിൽ ശ്രീബുദ്ധന്റെ ഉരാസ്ഥിയുടെ  ഒരു ഭാഗം സൂക്ഷിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അശോകചക്രവർത്തിയാണത്രേ അതിവിടെ എത്തിച്ചത്! ക്രിസ്തുവിനുമുമ്പ് മൂന്നാം നൂറ്റാണ്ടിൽ ആണ് ഈ ക്ഷേത്രം ആദ്യമായി  നിർമ്മിച്ചതെങ്കിലും പതിമൂന്നാം നൂറ്റാണ്ടിൽ ഒരു  ഖമർ ക്ഷേത്രമായി പുനർനിമ്മാണം നടക്കുകയുണ്ടായി. പക്ഷേ അത് കാലംകടന്നപ്പോൾ നാശോന്മുഖമായി. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ സിദ്ധാതിരധ് രാജാവ് തന്റെ തലസ്ഥാനം ലുവാങ് പ്രബാങിൽ നിന്ന് വിയെന്റെയിനിലേക്ക് മാറ്റിസ്ഥാപിക്കുകയും 'ഫാ താത് ലുവാങ് വീഥി'യുടെ ഒരറ്റത്തായി പുതിയ ക്ഷേത്രം സ്ഥാപിക്കുമായുമുണ്ടായി. ധാരാളം സ്വർണ്ണം ഉപയോഗിച്ചിരുന്നതുകൊണ്ടു  വീണ്ടും പലപ്പോഴായി വിദേശശക്തികൾ ക്ഷേത്രം ആക്രമിച്ചുകൊള്ളയടിക്കുകയും  കേടുപാടുകൾ വരുത്തുകയും ചെയ്തു. ഇന്ന് കാണുന്നരീതിയിൽ ഇത് നിർമ്മിക്കപ്പെട്ടത് രണ്ടാം ലോകമഹയുദ്ധത്തിനു ശേഷമാണ്. പൂർണ്ണമായും സ്വർണ്ണവർണ്ണത്തിലാണെങ്കിലും ഗോപുരഗ്രഭാഗം മാത്രമേ  സ്വർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ളു. അസ്ഥിവാരം  69mX68m അളവിലും ഗോപുരഗ്രാം വരെയുള്ള ഉയരം 45 മീറ്ററുമാണ് .  ക്ഷേത്രവും പരിസരവും മനസ്സിൽനിന്ന് മായാത്തവിധം  അതിമനോഹരമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്.  


ഈ സുന്ദരമായ സ്വർണ്ണസൗധത്തോടു  വിടപറഞ്ഞു വീണ്ടും യാത്രതുടങ്ങി. ബസ്സ് ഓടുന്നവഴിയിൽ  പ്രധാനമന്ത്രിയുടെ ഓഫീസും പാർലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ വാസഗൃഹവും ഒക്കെ കണ്ടിരുന്നു. അതു നിന്നത് 'പട്ടു സായി സ്മാരകം' എന്ന   ഒരു യുദ്ധസ്മാരകത്തിന്റെ മുമ്പിലാണ്. വിജയകവാടം എന്നും ഇതറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിലും ഫ്രഞ്ചുഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും ജീവഹാനിവന്ന ധീരയോദ്ധാക്കളുടെ ദീപ്തസ്മരണയ്ക്കായി നിർമ്മിച്ചതാണ് ഈ സ്മാരകം.  1950-കളിൽ, അമേരിക്ക ലാവോസിന് നഗരത്തിലെ വിമാനത്താവളത്തിന്റെ വികസനത്തിനായി ഫണ്ടുകളും വലിയൊരു അളവിലുള്ള സിമന്റും നൽകി. വിയറ്റ്നാം യുദ്ധസമയത്ത് യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളമായി ഇത് ഉപയോഗിക്കാമായിരുന്നു. എന്നാൽ കരാർ ഒപ്പിടുന്നതിന് മുമ്പ് ഫണ്ടുകളും കോൺക്രീറ്റും എത്തി, അതിനാൽ വിദേശ താൽപ്പര്യങ്ങൾക്കായി ഒരു വിമാനത്താവളം നിർമ്മിക്കുന്നതിനുപകരം, ഒരു വലിയ വിജയകമാനം നിർമ്മിക്കാൻ റോയൽ ലാവോഷ്യൻ സർക്കാർ തീരുമാനിച്ചു. സ്മാരകത്തിന് പൂർണ്ണതയുണ്ടോ എന്നൊന്നും  മനസ്സിലാകുന്നില്ല. പാരീസിലെ ആർക്ക് ഡി ട്രയോംഫിനോട് സാമ്യമുള്ളതിനാൽ ഇത് വിയന്റിയാനിലെ ആർക്ക് ഡി ട്രയോംഫ് എന്നും അറിയപ്പെടുന്നു. പക്ഷേ  അലങ്കാരപ്പണികളൊക്കെ  നടത്തിയിരിക്കുന്നത് ലാവോഷ്യൻ കലാരീതികളിലാണ്. ഹിന്ദുദൈവങ്ങളുടെയൊക്കെ ചിത്രങ്ങളും റിലീഫ് വർക്കുകളും ധാരാളമായുണ്ട്.  സ്മാരകത്തിന്,  ഞങ്ങൾ കാണുമ്പോഴുള്ള അവസ്ഥ അത്ര നല്ലതായിരുന്നില്ല. പായൽപിടിച്ച് കറുത്ത് വൃത്തിഹീനമായിത്തോന്നി. 


പിന്നീട്  പോയത് 'വാറ്റ് സീ മുവാങ്' എന്ന ബുദ്ധക്ഷേത്രത്തിലേക്കാണ്. വിയൻടിയാന്റെ മാതൃക്ഷേത്രമെന്നും ഇതറിയപ്പെടുന്നു.  ഐതിഹ്യമനുസരിച്ച്, 1563-ൽ ക്ഷേത്രം നിർമ്മിക്കുമ്പോൾ  കേന്ദ്രസ്‌തംഭം സ്ഥാപിക്കാനുള്ള തടമെടുക്കവേ  അറിയാതെ ഒരു നീരുറവയ്ക്കുമേൽ ആയുധപ്രഹരമേല്പിക്കുകയും ജലം അനിയന്ത്രിതമായി മുകളിലേക്കുയർന്നുപൊങ്ങിയൊഴുകിയത്രേ ! . എത്ര ശ്രമിച്ചിട്ടും  ആ ജലപ്രവാഹം തടുക്കാൻ ആർക്കും കഴിഞ്ഞില്ല.    പ്രകൃതിദേവതയുടെ കോപംമൂലമാണിതെന്നു മനസ്സിലാക്കി  സി മുവാങ് എന്ന ഒരു ഗർഭിണിയായ സ്ത്രീ ദേവപ്രീതിക്കായി ആത്മത്യാഗം ചെയ്യാൻ തയ്യാറായി! അവൾ ആ ഗർത്തത്തിലിറങ്ങി അതിലിരിക്കുകയും നൂറുദിവസത്തിനുശേഷം ജലമൊഴുക്ക് നിശ്ശേഷം ഇല്ലാതാവുകയും ക്ഷേത്രത്തിന്റെ പ്രധാനസ്തംഭം അതിനുമുകളിൽ സ്ഥാപിക്കുകയും ചെയ്തു. ഈ ക്ഷേത്രം ആ സ്ത്രീയുടെ പേരിലാണിന്ന് അറിയപ്പെടുന്നത്. പ്രകൃതിശക്തികളെ വിശ്വസിക്കുന്ന അനിമിസ്ററ് വിശ്വാസം തേരവാദ ബുദ്ധിസവുമായി എത്രത്തോളം  ഇഴുകിചേർന്നുനിൽക്കുന്നു എന്നത്  ഈ ക്ഷേത്രം സാക്ഷ്യപ്പെടുത്തുന്നു. 


മാന്യമായ വസ്ത്രധാരണവും അച്ചടക്കമുള്ള പെരുമാറ്റവും ഈ ക്ഷേത്രദർശനത്തിനു ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്.തൊപ്പിയോ ശിരോവസ്ത്രമോ പാടില്ല.  രണ്ട് ഹെക്ടറിലധികം വിസ്തൃതിയുള്ള  സി മുവാങ് ക്ഷേത്ര സമുച്ചയത്തിൽ ബുദ്ധമതാരാധനയ്ക്കുള്ള ഒരു പ്രധാന ഹാളും സി മുവാങ്ങിനെ ആരാധിക്കുന്നതിനുള്ള ഒരു സ്ഥലവും ഉൾപ്പെടുന്നു. ധാരാളം ശില്പങ്ങളും കൊത്തുപണികളുംകൊണ്ടലങ്കരിച്ചിരിക്കുന്ന ചുറ്റുമതിലും പടിപ്പുരയും കടന്നുചെന്നാൽ മരച്ചുവട്ടിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വലിയ ബുദ്ധപ്രതിമയും  ചുറ്റുപാടുമുള്ള പലരൂങ്ങളിലെ പ്രതിമകളുമാണ് കണ്ണിൽപ്പെടുക. പക്ഷികളുടെയും മൃഗങ്ങളുടയുമൊക്കെ മുഖങ്ങളുള്ള മനുഷ്യന്റെ ഉടലുമുള്ള വർണ്ണശബളമായ കുറേ വലിയ  പ്രതിമകൾ ഉണ്ട്. അതൊക്കെ എന്താണെന്നൊന്നും മനസ്സിലായില്ല. പൂർണ്ണകുംഭവുമായിരിക്കുന്ന ബുദ്ധനും  അതിനടുത്തായുള്ള സീ മുവാങ്ങിന്റെ പ്രതിമയുമൊക്കെ വളരെ മനോഹരമാണ്.  ബുദ്ധനയച്ചിരിക്കുന്ന സംരക്ഷകരായ  രണ്ടു ദിവ്യഹംസങ്ങളുടെയും സാന്നിധ്യം ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു. 




പ്രധാന ക്ഷേത്രത്തിൽ രണ്ട് ഹാളുകളുണ്ട്. ആദ്യത്തേത് ചെറുതും ലാളിത്യമുള്ള നിർമ്മാണശൈലിയിലുള്ളതുമാണ്.  ബുദ്ധസന്യാസിമാർ അനുഗ്രഹം നൽകുന്നത് അവിടെയാണ്. മന്ത്രംചൊല്ലിയ ഒരു ചരട് അവർ കൈയിൽ കെട്ടിത്തരികയും ചെയ്യും. എന്തെങ്കിലും ഒരാഗ്രഹം  സാധിക്കണമെങ്കിൽ ഇവിടെവന്ന് ഒരുകാര്യം ചെയ്യാനുള്ള ദൃഢനിശ്ചയം  എടുത്ത് അത് നടപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥിച്ചാൽ അത് നടക്കുമെന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം . 




പിന്നിലുള്ള വലിയ ഹാളിൽ  ആരാധകർ വഴിപാടുകൾ അർപ്പിക്കുന്ന ഒരു അലങ്കരിച്ച ബലിപീഠമുണ്ട്. ധാരാളം ബുദ്ധപ്രതിമകളുള്ള  ഈ ബലിപീഠമാകട്ടെ നിലത്തുറച്ചിരിക്കുന്ന രണ്ടു ശിലകളുടെ (മാതൃ-പിതൃ സ്തംഭങ്ങൾ)മേൽ സ്ഥാപിച്ചിരിക്കുന്ന  ശിലാഖണ്ഡത്തിനു ചുറ്റുമാണ്. ഇത് ശിവലിംഗമാണെന്നാണ് ഗൈഡ് പറഞ്ഞത്. പക്ഷേ നമ്മുടെ ശിവലിംഗം പോലെയല്ല, പണ്ടൊക്കെ നാട്ടിൽ ഉണ്ടായിരുന്ന മൈൽകുറ്റിയുടെ ആകൃതിയിലാണ്. ഒരു ശുഭ്രവസ്ത്രം അതിൽ ചുറ്റിയിട്ടുമുണ്ട്. തകർന്നടിഞ്ഞ  പഴയൊരു ഖമർഗോത്രക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുടെ മുകളിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഒരുഭാഗത്ത്  കല്ലുകളും മറ്റും കൂടിക്കിടക്കുന്നതും കാണാം.  അതിസൂക്ഷ്മവും വളരെ  പൂർണ്ണതയുള്ളതും അതിസുന്ദരവുമാണ് ഖമർ-ലാവോസ് വാസ്തുശൈലിയിൽ രൂപംകൊടുത്തിരിക്കുന്ന  ക്ഷേത്രത്തിലെ ഓരോ അലങ്കാരപ്പണികളും. സ്വർണ്ണവർണ്ണത്തിനാണ് കൂടുതൽ പ്രാമുഖ്യം. കല്ലും മരവുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെങ്കിലും അലങ്കാരപ്പണികൾക്ക് സ്വർണ്ണവും മറ്റുലോഹങ്ങളുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. ശ്രീബുദ്ധന്റേയും മിക്കഹിന്ദുദൈവങ്ങളുടെയൊക്കെ ധാരാളം വിഗ്രഹങ്ങളുണ്ട്. ആദ്യം ഹിന്ദുക്ഷേത്രമായിരുന്നെന്നും പിന്നീട് ബുദ്ധക്ഷേത്രമാക്കിയെന്നും പറയപ്പെടുന്നു. ചുറ്റുപാടുകളിലായി വിവിധതരത്തിലെ വൃക്ഷങ്ങളും ചെടികളുമൊക്കെയുണ്ട്. പുറത്തേക്കുള്ള വഴിയോരത്ത് പൂത്തുനിൽക്കുന്ന ഒരു  ഒരു നാഗലിംഗമരം കണ്ടപ്പോൾ ഗൈഡ് പറഞ്ഞു ലുംബിനിയെന്ന കാട്ടിൽ മായാദേവി ബുദ്ധനെ പ്രസവിച്ചത് ഈ മരത്തിന്റെ ചുവട്ടിൽവെച്ചായിരുന്നുവെന്നാണ് വിശ്വാസമെന്ന്. അതിനാൽ ഈ മരത്തിനു ബുദ്ധമതത്തിൽ വളരെ പ്രാധാന്യമുണ്ടത്രേ!  ശ്രീലങ്ക സന്ദർശിച്ച  വേളയിൽ അവിടെയും ബുദ്ധക്ഷേത്രങ്ങളോടുചേർന്നു ഈ വൃക്ഷം കണ്ടിരുന്നു. 


ഇനിയും ഇവിടെ ചെലവഴിക്കാൻ സമയം അനുവദിക്കുമായിരുന്നില്ല. അതിനാൽ ഈ കൊച്ചുസുന്ദരമായ രാജ്യത്തോട് വിടപറഞ്ഞു  വിയറ്റ്നാമിലേക്കു  പറക്കാൻ ഞങ്ങൾ എയർപേട്ടിലേക്ക്  യാത്രയായി 


No comments:

Post a Comment