11.മീകോങ് നദിയും പാക് ഔ ഗുഹയും പിന്നെ പാമ്പും തേളും ഉറങ്ങിക്കിടക്കുന്ന
വിസ്കിക്കുപ്പികളും
===================================================
ദൈർഘ്യത്തിൽ ലോകത്തു പന്ത്രണ്ടാം സ്ഥാനവും ഏഷ്യയിൽ ഏഴാം സ്ഥാനവും തെക്കുകിഴക്കനേഷ്യയിൽ ഒന്നാമതും നിൽക്കുന്ന നദിയാണ് മീകോങ്. 4350 കിലോമീറ്റർ നീളമുള്ള ഈ നദി ചൈനയിലെ കൺഖീ പ്രവശ്യയിൽനിന്നുദ്ഭവിച്ച്, ടിബറ്റ് , ചൈന, മ്യാന്മാർ, ലാവോസ്, തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി വിയറ്റ്നാമിലെ ഹോചിമിൻസിറ്റിക്കടുത്തുവെച്ച് സൗത്ത് ചൈനാകടലിൽ തന്റെ പ്രവാഹം അവസാനിപ്പിക്കുന്നു. ഇത്രയും രാജ്യങ്ങളിലൂടെ ഒഴുകുന്നതിനാൽ നദി വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു. തന്റെ പ്രവാഹവീഥിയിലെ തീരങ്ങളെയും അവിടുത്തെ ജീവജാലങ്ങളെയും സ്നേഹാമൃതംപകർന്നു പരിപോഷിപ്പിച്ച് , അതാതിടങ്ങളിലെ സംസ്കൃതിയുടെ പരിവാഹകയായി, ഈ നദി ഏവരുടെയും സ്നേഹഭാജനമായി നിലകൊള്ളുന്നു. ഈനദിയിലൂടെ ഒരല്പദൂരമെങ്കിലും സഞ്ചരിക്കാൻ കഴിയുകയെന്നത് ഭാഗ്യംതന്നെയല്ലേ!
ഒമ്പതുമണിക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു. തീരത്തെത്തിയപ്പോൾ നദീയാത്രയ്ക്കായി തയ്യാറായിവന്നവർ ധാരാളമുണ്ടായിരുന്നു. ഏതൊക്കെയോ നാടുകളിൽനിന്നെത്തിയ വിദേശസഞ്ചാരികൾ. ഞങ്ങൾക്കായി കാത്തുകിടന്ന തോണിലക്ഷ്യമാക്കി നടന്നു . വളരെ നീളമുള്ള വലിയ തോണിയാണ്. ആദ്യംകാണുന്ന ഓപ്പൺ സിറ്റ്ഔട്ട് പോലൊരു ഭാഗം കടന്നാണ് ഉള്ളിലേക്ക് കടക്കേണ്ടത്. ആ ഭാഗത്ത് മേൽക്കൂരയുള്ളതുകൊണ്ടു വെയിലും മഴയുമൊന്നും നമ്മളറിയില്ല. ലൈഫ് ബോട്ടുകൾ ധാരാളമുണ്ടായിരുന്നെങ്കിലും അതു ധരിക്കണമെന്നു ബോട്ട്ജീവനക്കാർ നിർദ്ദേശിച്ചതുമില്ല. ഒരുനടപ്പാതയ്ക്കിരുവശവുമായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. മേശകൾക്കപ്പുറവും ഇപ്പുറവുമായാണ് കസേരകൾ. ഈ ബോട്ടിൽത്തന്നെയാണ് ഞങ്ങളുടെ ഉച്ചഭക്ഷണവും. അതിനാലാണ്. മേശകൾ. ജീവനക്കാരിൽ സ്ത്രീകളുമുണ്ട്.
നദി കലങ്ങിമറിഞ്ഞൊഴുകുന്നു. ഇരുകരകളിലെയും ഹരിതഭംഗിയുടെ കാഴ്ചകൾകണ്ടു പോകാം. തീരഭൂവിടങ്ങളിൽ ഇടയ്ക്ക് ഏതാനുംചില വീടുകളും അവിടവിടെയായി കൃഷിസ്ഥലങ്ങളും കന്നുകാലികളും കാഴ്ചയിലെത്തുന്നു. അവയൊക്കെ ഗ്രാമങ്ങളാണ്. ചിലപ്പോൾ മുകളിലേക്ക് കയറിപ്പോളുന്ന കൽപ്പടവുകൾ കാണാം. ഏതോ ഗ്രാമത്തിലേക്കുള്ള പ്രവേശനപാതയാവാം. ആടുകളും പശുക്കളും പോത്തുകളും (അതോ എരുമകളോ?) തീരത്തെ പുൽമേടുകളിൽ മേഞ്ഞുനടക്കുകയോ അയവിറക്കി വിശ്രമിക്കുകയോ ചെയ്യുന്നുണ്ട്. വെളുത്ത പോത്തുകളെയാണ് അവിടെ കണ്ടത്. പാലിനു മാത്രമല്ല, നിലമുഴാനും ഈ കണ്ണുകളെ ഉപയോഗപ്പെടുത്തും. നദീതീരമായതുകൊണ്ടു മണ്ണ് ഫലഭുയിഷ്ഠമായിരിക്കാം. എന്നാൽ കൃഷി വളരെക്കുറവാണ്. ഇന്നാട്ടുകാർ അത്ര കഠിനാദ്ധ്വാനികളൊന്നുമല്ലെന്നാണ് ഈ കാഴ്ച വ്യക്തമാക്കുന്നത്. തോണിയാത്ര മുന്നോട്ടുപോകുമ്പോൾ ഗ്രാമങ്ങൾ അപ്രത്യക്ഷമാകുന്നു. പകരം സാന്ദ്രമായ ഹരിതഭംഗിയുടെ കാളിമ പടർന്ന ഘോരവനദൃശ്യങ്ങൾ. പിന്നെയും മനുഷ്യസാന്നിധ്യത്തിന്റെ ഊഷ്മളഭാവങ്ങൾ നേർക്കാഴ്ചകളാക്കി ഗ്രാമദ്ര്യശ്യങ്ങൾ കണ്ണുകൾക്ക് വിരുന്നേകും. നദിയിൽത്തന്നെയുള്ള ചില തുരുത്തുകളും മൺതിട്ടകളുമൊക്കെയായി വേറെയും കൗതുകക്കാഴ്ചകൾ.
ഇരുവശത്തുമുള്ള കരകളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ നോക്കിയിരുന്നു ഞങ്ങളങ്ങനെ തോണിയാത്ര ആസ്വദിക്കുന്നു. ഇടയ്ക്ക് ബോട്ടിലെ അടുക്കളയിൽനിന്ന് ഗ്രീൻടീ എല്ലാവർക്കും നൽകി. ഏതാണ്ട് മുക്കാൽമണിക്കൂർ കഴിഞ്ഞപ്പോൾ ബോട്ട് പടിഞ്ഞാറുഭാഗത്തെ കരയോടടുപ്പിച്ചു. ഒരു ഗ്രാമമുണ്ടിവിടെ. അവിടേക്കാണ് പോയത്. ബാൻ സാങ് ഹൈ(Ban Xang Hai) എന്നാണിതറിയപ്പെടുന്നത്. കുശവഗ്രാമമെന്നാണ് ഈ പേരിനർത്ഥമെന്നു പറയപ്പെടുന്നു. മുമ്പ് മൺപാത്രനിർമ്മാണം മാത്രമായിരുന്നു ഈ ഗ്രാമത്തിൽ ചെയ്തിരുന്നത്. പക്ഷേ ഇപ്പോളിവിടെ പട്ടുതുണിനെയ്ത്തും ശില്പവേലകളും വിസ്‌കി നിർമ്മാണവുമൊക്കെയുണ്ട്. സഞ്ചാരികൾക്ക് ഈ ഗ്രാമം വിസ്കിഗ്രാമമാണ്.
ബോട്ടിൽനിന്നിറങ്ങി കുറച്ചു കൽപ്പടവുകൾ കയറി ഗ്രാമത്തിന്റെ പടിപ്പുരകടന്നു പുല്ലും ഓലയും ഓടും മേഞ്ഞ വലുതും ചെറുതുമായ ഗ്രാമീണവീടുകൾക്കിടയിലൂടെ നടന്ന് ആദ്യമെത്തിയത് മദ്യം വാറ്റുന്ന സ്ഥലത്തേക്കാണ്. മുമ്പിൽ ഒരു മേശമേൽ ചെറുതും വലുതുമായ കുറേ കുപ്പികൾ ഭംഗിയായി നിരത്തിവെച്ചിരിക്കുന്നു. അതിലൊക്കെ നിറച്ചിരിക്കുന്നത് അവിടെയുണ്ടാക്കിയ മദ്യമാണ്. പക്ഷേ കണ്ണുതള്ളുംവിധം ആ കുപ്പികളിൽ ഭീതിപ്പെടുത്തുന്ന മറ്റു ചില വസ്തുക്കളുമുണ്ടായിരുന്നു. വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാമ്പുകളും ഭീമാകാരൻ തേളുകളും കൂടാതെ പല്ലിയും പാറ്റയും ഒക്കെയുണ്ട്. മദ്യത്തിന് വീര്യവും സ്വാദും കൂട്ടാനിത്തരം ക്ഷുദ്രജീവികളെ ഉപയോഗിക്കുമത്രേ! ഇതിനായി ഇത്തരം ജീവികളെ വളർത്തുന്ന ഗ്രാമങ്ങൾപോലും തീരങ്ങളിലെ വനാന്തരങ്ങളിലുണ്ടുപോലും.
ചോറിൽനിന്നാണ് (sticky rice) ഇവിടെ മദ്യം വാറ്റിഎടുക്കുന്നത്. ഏതാണ്ട് ഒരുമാസത്തോളമെടുക്കും ഈ വാറ്റ് ജോലി പൂർത്തിയാകാൻ. യീസ്റ്റുപയോഗിച്ച് ചോറുപുളിപ്പിച്ചെടുത്ത് ഘട്ടംഘട്ടമായി വാറ്റിയാണ് വിസ്കിയും റൈസ് വൈനുമൊക്കെ ഉണ്ടാക്കുന്നത്. അതിനായുള്ള നന്നങ്ങാടിപോലെയുള്ള വലിയ ഭരണികളും വാറ്റാനുള്ള അസംസ്കൃതവസ്തുക്കളും (നമ്മുടെ നാടൻഭാഷയിൽ കോട) മറ്റ് ഡിസ്റ്റില്ലെറി ഉപകരണങ്ങളൊക്കെ ആ കേന്ദ്രത്തിലുണ്ട്. അവിടുണ്ടായിരുന്ന ആതിഥേയർ ഞങ്ങൾക്ക് അതൊക്കെ വിവരിച്ചുതന്നു. പിന്നെ അവിടെയുണ്ടാക്കിയ വിവിധയിനം വൈനും വിസ്‌കിയുമൊക്കെ അതിഥികൾക്ക് സ്വാദുനോക്കാൻ കൊടുക്കുന്നുമുണ്ട്. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരിൽ ചിലർ സ്വാദുനോക്കുകയും ഇഷ്ടപ്പെട്ടത് വാങ്ങുകയുമൊക്കെ ചെയ്യുണ്ടുമായിരുന്നു. ചേട്ടനും നാലുകുപ്പികളിലായി ഏതൊക്കെയോ വാങ്ങി. (സത്യമായും ചേട്ടനു കുടിക്കാനല്ല, സുഹൃത്തുക്കൾക്ക് സമ്മാനിക്കാനാണ്.) ഇത്തരം വാറ്റുകേന്ദ്രങ്ങൾ ഈ ഗ്രാമത്തിലെ പലവീടുകളോടുചേർന്നും പ്രവർത്തിച്ചുവരുന്നുണ്ടത്രേ! പക്ഷേ ഗ്രാമത്തിലൊരിടത്തും മദ്യപിച്ചു ബോധംപോയ ഒരാളെയും കാണാൻ കഴിഞ്ഞില്ല.
അവിടെനിന്നു മുന്നോട്ടു നടക്കുമ്പോൾ തെരുവിനിരുവശവും പരമ്പരാഗത ശൈലിയിലുള്ള വൃത്തിയും ഭംഗിയുമുള്ള ഗ്രാമീണവസതികൾ. ഭൂരിഭാഗം വീടുകളും രണ്ടുനിലകളുള്ളവയാണ്. അവയുടെയൊക്കെ താഴത്തെ നിലയിൽ മുന്നിലത്തെ വരാന്തയോട് ചേർന്നമുറിയിൽ വിവിധവസ്തുക്കൾ കച്ചവടത്തിനായി നിരത്തിവെച്ചിരിക്കുന്നതുകാണാം. അതൊക്കെ അവർ വീടുകളിൽ നിർമ്മിക്കുന്നവയാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ, ശില്പങ്ങൾ, ഭക്ഷ്യവസ്തുക്കൾ അങ്ങനെ പലവിധ ഉത്പന്നങ്ങൾ. അതൊക്കെ ഗ്രാമീണർക്കുവേണ്ടിയല്ല, അവിടയെത്തുന്ന വിദേശസഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ്. ചിലവീടുകളിൽ വസ്ത്രംനെയ്യുന്ന ഉപകരണങ്ങളും അവയിൽ നടന്നുകൊണ്ടിരിക്കുന്ന നെയ്ത്തുജോലികളും കാണാം. നെയ്തെടുത്ത ഷാളുകളും മറ്റു വസ്ത്രങ്ങളുമൊക്കെ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
വളരെ ശ്രദ്ധേയമായി തോന്നിയ കാര്യം സ്ത്രീകളാണ് കച്ചവടക്കാർ എന്നതാണ്. വളരെ പ്രായമുള്ള സ്ത്രീകളുമുണ്ട് ഇക്കൂട്ടത്തിൽ. പുരുഷന്മാരൊക്കെ രാവിലെതന്നെ കൃഷിസ്ഥലങ്ങളിലേക്കോ പട്ടണത്തിലെ ജോലികൾതേടിയോ പോയിരിക്കും. കുട്ടികൾ സ്‌കൂളിലേക്കുപോയിക്കഴിഞ്ഞാൽ വീട്ടിലെ സ്ത്രീകൾക്ക് ഈ കച്ചവടം നേരംപോക്കിനൊപ്പം നല്ലൊരു വരുമാനവും നേടിക്കൊടുക്കും. ഉയർന്ന വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും മാർക്കറ്റിംഗിനാവശ്യമായ ഇംഗ്ലീഷ് വാക്കുകൾ അവർ പഠിച്ചുവെച്ചിട്ടുണ്ട്. അവരുടെ വിനയവും മുഖപ്രസാദവും വളരെ ആകർഷണീയവുമാണ്. ഇവിടെയെത്തുന്നവർ എന്തെങ്കിലുമൊക്കെ വാങ്ങാതെ മടങ്ങാറില്ല. ആവശ്യമില്ലെങ്കിലും ഞങ്ങളും എന്തൊക്കെയോ അവിടെനിന്നു വാങ്ങിയിരുന്നു. വിലപേശിയില്ല. അതിനാൽ വില വളരെക്കൂടുതൽ കൊടുക്കേണ്ടിവന്നു സഹയാത്രികരിക്കാരിൽനിന്നു മനസ്സിലാക്കി. നാട്ടിൽകൊണ്ടുവന്നു ഒരുപ്രാവശ്യം കഴുകിയപ്പോഴേ വാങ്ങിയ തുണിത്തരങ്ങൾ ഉപയോഗശൂന്യമായി.
ഗ്രാമത്തിന്റെ ഉൾഭാഗത്തേക്കു ചെല്ലുമ്പോൾ അവിടെ ചില ദേവാലയങ്ങളും ക്ഷേത്രങ്ങളുമൊക്കെയുണ്ട്. അവയിൽ ദർശിക്കാൻ കഴിയുന്ന പരമ്പരാഗതവാസ്തുവൈഭവം ഹൃദയാവർജ്ജകമാണ്. ഈ ഗ്രാമത്തിൽ ഞങ്ങൾക്കനുവദിച്ചിരുന്ന സമയം ഏതാണ്ടവസാനിക്കാറായതുകൊണ്ടു കൂടുതൽസമയം ഈ സുന്ദരദൃശ്യങ്ങളിൽ മനസ്സുകൊരുത്തുനിൽക്കാൻ സാധിച്ചില്ല. ഈ സുന്ദരമായ ഗ്രാമത്തോടും അവിടുത്തെ പുഞ്ചിരിക്കുന്ന മുഖങ്ങളോടും അവർക്കറിയാത്ത ഭാഷയിൽ വിടചൊല്ലി തിരികെനടന്നു ബോട്ടിൽക്കയറി.
ബോട്ട് പിന്നെയും മുന്നോട്ടുനീങ്ങി. തീരത്തോടുചേർന്നുള്ള ഉയർന്ന പർവ്വതത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായൊരു ഗുഹാസമുച്ചയത്തിലേക്കാണ് ഇനി പോകുന്നത്. പാക് ഔ ഗുഹ എന്നാണ് ഇതറിയപ്പെടുന്നത്. നാലുകിലോമീറ്റർകൂടി ഇനിയും പോകണം. വിസ്കിഗ്രാമത്തിലേക്കുവന്നത് 22 കിലോമീറ്റർ ജലയാത്ര ചെയ്താണ്. വടക്കുദിക്കിലേക്ക്, ഒഴുക്കിനെതിരെയാണ് ഈ തോണിയാത്ര. പലയിടത്തും നദിക്ക് ഒരുകിലോമീറ്ററിലധികം വീതിയുണ്ട്. വേറെയും ധാരാളം ബോട്ടുകൾ ജലപ്പരപ്പിൽ കാണാം. എല്ലാം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞാണ് പോകുന്നത്.
അങ്ങുദൂരെ ഗുഹ കാണാറായി. ബോട്ട് കരയോടടുപ്പിച്ചു. പലകകൾ നിരത്തിയ പ്ലാറ്റുഫോമിലൂടെ ഗുഹയുടെ അടുത്തേക്ക് നടന്നു. ഉയർന്ന മലയുടെ ചെരിവിലെ ചുണ്ണാമ്പുപാറകളിൽ ജലമൊഴുകി പ്രകൃതിദത്തമായുണ്ടായ ഗുഹകളാണ്. പ്രധാനമായി രണ്ടു വലിയ ഗുഹകളാണ്. ഒന്ന് ജലനിരപ്പിൽനിന്നു അധികമുയരത്തിലല്ലാത്തതും മറ്റൊന്ന് കുറേക്കൂടി ഉയരത്തിലുള്ളതുമാണ് . ഞങ്ങൾ താഴെയുള്ള ഗുഹകൾ മാത്രമേ സന്ദർശിക്കുന്നുള്ളു. ധാം തിങ് എന്നാണ് ഇതിന്റെ പേര്. ധാം തേയുങ് എന്ന് പേരുള്ള മുകളിലേത് എത്തിപ്പെടാൻ കൂടുതൽ ബുദ്ധിമുട്ടുള്ളതും വളരെ വലുതും ഇരുട്ടുനിറഞ്ഞതുമാണ്. അത് അത്ര സുരക്ഷിതമല്ലാത്തതുകൊണ്ട് അങ്ങോട്ടുള്ള യാത്ര ഗൈഡ് തടഞ്ഞു.
കുറച്ചു പടിക്കെട്ടുകൾ കയറിയാണ് ഗുഹയിലെത്തുന്നത്. അവിടുത്തെ കാഴ്ചകൾ അമ്പരപ്പിക്കുന്നതാണ് ഗുഹയിലും പാറയിലെ പൊത്തുകളിലും പതിഞ്ഞ കല്ലുകളിലുമൊക്കയായി ആയിരക്കണക്കിന് പലവലുപ്പത്തിലെ ബുദ്ധവിഗ്രഹങ്ങൾ. ഒരു വിരലോളം മാത്രമുള്ള പ്രതിമകൾ മുതൽ ഒരാളോളം വലുപ്പമുള്ളതുമുണ്ട് ഇക്കൂട്ടത്തിൽ . പലവിധലോഹങ്ങളിലും തടികളിലും കല്ലിലുമൊക്കെയാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ബുദ്ധമതാനുയായികൾക്ക് ഇതൊരു തീർത്ഥാടനകേന്ദ്രമാണ്. ഭക്തർ വഴിപാടായി കൊണ്ടുവന്നു സ്ഥാപിച്ചിരിക്കുന്നതാണ് ഈ വിഗ്രഹങ്ങളൊക്കെ.
എട്ടാം നൂറ്റാണ്ടുമുതൽ സമീപസ്ഥരായ ഗ്രാമീണർക്ക് ഈ ഗുഹകൾ ഒരു പുണ്യസ്ഥലമായിരുന്നു. നദീദേവതയുടെ ക്ഷേത്രവും ആരാധനയുമൊക്കെ ഇവിടെ നടന്നിരുന്നു. പിന്നീട് പതിനാലാം നൂറ്റാണ്ടിൽ അന്നത്തെ രാജാവ് ബുദ്ധമതം സ്വീകരിക്കുകയും രാജ്യത്തിൻറെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇതൊരു ബുദ്ധക്ഷേത്രമായി മാറി. വിശേഷാവസരങ്ങളിൽ രാജാവും കുടുംബങ്ങളുമൊക്കെ അവിടെ ബുദ്ധവിഗ്രഹങ്ങൾകൊണ്ടുവന്നു പ്രതിഷ്ഠിക്കുന്ന പതിവും തുടങ്ങി . ക്രമേണ ജനങ്ങളും അതൊരാചാരമാക്കിമാറ്റി. അവർ പ്രധാനമായും പുതുവർഷത്തിലായിരുന്നു ഈ ചടങ്ങു നടത്തിയിരുന്നത്. ഇപ്പോഴാകട്ടെ മറ്റുസമയങ്ങളിലും ചടങ്ങുണ്ട്. അതിനാൽ ദിനംപ്രതി വിഗ്രഹങ്ങളുടെ എണ്ണം കൂടിവരുന്നു. ദീപം കൊളുത്തിയിരിക്കുന്നതും സമ്പ്രാണിത്തിരി കത്തിച്ചുവെച്ചിരിക്കുന്നതുമൊക്കെ കാണാം. ഉപക്ഷേത്രങ്ങൾപോലെ രണ്ടു ചെറിയ ക്ഷേത്രങ്ങളുമുണ്ട്.
ഗുഹയിൽനിന്നുള്ള പുറത്തേക്കാഴ്ചകൾ അതിമനോഹരമാണ്. അങ്ങേക്കരയിൽ വലിയൊരു ഗ്രാമം കാണാം. ബാൻ പാക് ഔ എന്നാണ് ആ ഗ്രാമത്തിന്റെ പേര്. ആ ഗ്രാമവാസികളാണ് ഈ ഗുഹയുടെ സംരക്ഷണവും മറ്റും ഏറ്റെടുത്തിരിക്കുന്നത്. ഇവിടതന്നെ മീകോങ് നദിയും പോഷകനദിയായ ഔ നദിയും ഒന്നുചേർന്നൊഴുകുന്ന ദൃശ്യം മറക്കാനാവില്ല. രണ്ടുനദികളിലേയും ജലധാരകൾക്ക് അവയൊഴുകിവരുന്ന പ്രദേശങ്ങളിലെ മണ്ണിന്റെ നിറമനുസരിച്ചുള്ള വർണ്ണവൈജാത്യം കൗതുകകരമായിത്തോന്നി. ഒന്നിന് ഇരുണ്ട നിറവും മറ്റൊന്ന് മഞ്ഞയും!
അനുവദിച്ചിരുന്ന സമയം കഴിഞ്ഞപ്പോൾ ഞങ്ങൾ ബോട്ടിലേക്ക് മടങ്ങി. പക്ഷേ കുറേസമയം കാത്തിരുന്നിട്ടും കൂട്ടത്തിലുള്ള ഒരാളെ കാണുന്നില്ല. അയാളില്ലാതെ മടങ്ങിപ്പോകാനുമാവില്ല. ഒപ്പമുണ്ടായിരുന്ന ഒരു ബന്ധു പറഞ്ഞു അദ്ദേഹം മുകളിലേക്ക് കയറിയിപ്പോകുന്നത് കണ്ടെന്നു. അങ്ങോട്ട് പോകരുതെന്ന് ഗൈഡ് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിയതാണ്. എന്തായാലും കുഴപ്പമൊന്നുമില്ലാതെ അദ്ദേഹം അല്പസമയം കഴിഞ്ഞപ്പോൾ മുകളിലത്തെ ഗുഹയും സന്ദർശിച്ചു മടങ്ങി ബോട്ടിലെത്തി. പിന്നെ ഉച്ചഭക്ഷണം. ഈ മീകോങ് നദിയും അതിലൂടെയുള്ള ബോട്ട് യാത്രയും അതിൽ ലഭിച്ച ലാവോസിന്റെ തനിനാടൻ ഭക്ഷണവും ഇന്നുകണ്ട കാഴ്ചകളും ഒരിക്കലും മനസ്സിൽനിന്നു മായാത്ത മധുരാനുഭവങ്ങൾതന്നെ!
No comments:
Post a Comment