Sunday, January 18, 2026

കിഴക്കനേഷ്യൻ മരതകമണികൾ -6

 

6.രത്നശാലയും ഫ്ലോട്ടിങ് മാർക്കറ്റും 

===========================

മുത്തുകൾ കടലിലെ മത്സ്യകന്യകകളുടെ  കണ്ണീർത്തുള്ളികൾ എന്നാണല്ലോ പറയപ്പെടുന്നത്! ചിപ്പിക്കുള്ളിൽ പതിക്കുന്ന ജലകണങ്ങൾ ഖരീഭവിച്ചാണ് മുത്തുണ്ടാകുന്നതെന്നു മറ്റൊരു വാദം.

അതൊക്കെ കാലഹരണപ്പെട്ട കെട്ടുകഥകൾ മാത്രം. ഇന്നു മുത്തിനെക്കുറിച്ചുള്ള യാഥാർത്ഥ്യം എല്ലാവർക്കും അറിയുന്നതുതന്നെ. 


ചിപ്പിക്കുള്ളിൽ എങ്ങനെയോ കടന്നുകൂടുന്ന മണൽത്തരിപോലുള്ള വസ്തുക്കൾ  മൃദുലമായ ശരീരാന്തർഭാഗത്തു  അസ്വസ്ഥതയുണ്ടാക്കുകയും അതിനെ പ്രതിരോധിക്കാൻ  ശരീരംതന്നെ  ഒരു സ്രവം പുറപ്പെടുവിച്ചു അന്യവസ്തുവിനെ മൂടുകയും അതു കട്ടപിടിക്കുകയും  ചെയ്യുന്നു.   ഇതുകുറെക്കാലം തുടരുമ്പോൾ അതു മുത്തായി രൂപാന്തരപ്പെടുന്നു.  ഇങ്ങനെയുള്ള  മുത്തുകൾ വളരെ അപൂർവ്വമായിമാത്രമേ ലഭിക്കുകയുള്ളു. എന്നാൽ മുത്തിനോടുള്ള പ്രിയവും ആവശ്യവും കൂടിവന്നപ്പോൾ   അതുകൂടുതലായി ഉദ്‌പാദിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ മനുഷ്യൻ അന്വേഷിച്ചുതുടങ്ങി. അതിനായി ചിപ്പികളെ പിടിച്ച് അവയുടെ ശരീരത്തിൽ മണൽത്തരികൾ കയറ്റിയുള്ള പരീക്ഷണമായിരുന്നു ആദ്യം നടത്തിയത്. അതു വളരെ വിജയകരമായിരുന്നു. 




ഞങ്ങളിപ്പോൾ  പോകുന്നത് ഈവിധത്തിൽ ഇവിടുത്തെ ജെംസ് ഫാക്ടറിയിൽ  മുത്തുകൾ സൃഷ്ടിച്ചെടുക്കുന്ന രീതികൾ നേരിട്ടുകണ്ടുമനസ്സിലാക്കാനും ഇന്നാട്ടിലെ രത്നശേഖരങ്ങളുടെ വൈവിധ്യങ്ങൾ കണ്ടറിയാനും ആവശ്യമുള്ളവർക്ക് ഇഷ്ടപ്പെട്ട അമൂല്യരത്നങ്ങൾ വാങ്ങാനുമൊക്കെയാണ്. അവിടുത്തെ ഗൈഡും കൂടെയുണ്ട്. 1987 മുതൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. പ്രവേശനഫീസ്  ഇവിടെയില്ല. 




ആദ്യം കണ്ടത് ചിപ്പിക്കുള്ളിൽനിന്നു മുത്തുകൾ ശേഖരിക്കുന്നതാണ്. വലിയ കല്ലുമ്മേക്കായകൾ പോലെയുള്ള ചിപ്പി പിളർന്ന് ഉള്ളിൽനിന്നു മുത്തുകൾ അടർത്തിയെടുക്കുന്നു. പലവലുപ്പത്തിലും ആകൃതിയിലും  വർണ്ണഭേദങ്ങളോടെയും ലഭിക്കുന്ന മുത്തുകൾ വലുപ്പത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കുന്നു. അവയെ നന്നായി മിനുക്കിയടുത്തു കൃത്യമായ ആകൃതി നൽകുന്നു. പിന്നീടാണ് ആഭരണനിർമ്മാണത്തിനായും വ്യാപാരത്തിനായും അവയെ ഉപയോഗപ്പെടുത്തുന്നത്. എല്ലാംകഴിഞ്ഞെത്തുന്ന മുത്തിന്റെ വിലയും അതിഗംഭീരമായിരിക്കും. എങ്കിലെന്ത്! മുത്തിന് ആവശ്യക്കാർ കൂടിവരുന്നതേയുള്ളു. 




പിന്നീട് കാട്ടിത്തന്നത് ചിപ്പിക്കുള്ളിൽ മണൽത്തരിയോളമുള്ള  അന്യവസ്തുവിനെ പ്രവേശിപ്പിക്കുന്നതാണ്. ഒരുചിപ്പിയിൽത്തന്നെ ഇരുപത്തിയഞ്ചിലധികം ഇത്തരം വസ്തുക്കൾ നിക്ഷേപിക്കും. വളരെ സൂക്ഷ്മതയുള്ള ജോലിയാണിത്. അതിനുശേഷം അവയെ ചരടുകളിലോ മറ്റോ ചേർത്തുപിടിപ്പിച്ച്  ഉൾക്കടലുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റുഫോമുകളിലെ പട്ടകളിൽ ഘടിപ്പിച്ചിടും. ഒരു നിശ്ചിതസമയം കഴിയുമ്പോൾ അവയെ അവിടെനിന്നു എടുത്തുകൊണ്ടുവന്ന് മുത്തുകൾ ശേഖരിക്കും.  'പേൾ കൾച്ചർ' എന്നാണ് ഇതിനു പറയുന്നത്.  ചിപ്പികളിൽനിന്ന് ഇങ്ങനെ  ലഭിക്കുന്ന മുത്തുകൾക്കു  വലുപ്പത്തിലോ നിറത്തിലോ ഒന്നും കൃത്യതയൊന്നും ഉണ്ടാവില്ല. നിക്ഷേപിച്ച വസ്തുക്കളിലൊക്കെ മുത്തുകൾ രൂപപ്പെടണമെന്നു നിർബ്ബന്ധവുമില്ല.  ലഭിച്ച മുത്തുകൾ  തരംതിരിച്ച് പോളിഷ് ചെയ്താണ് ആഭരണങ്ങൾ ഉണ്ടാക്കുന്നത്. 


 അതൊക്കെക്കണ്ടുനടന്നശേഷം  ഒരു ടോയ് ട്രെയിനിൽ കയറ്റി രത്നങ്ങൾ  ഖനനം ചെയ്യുന്നതും സംസ്കരിക്കുന്നതും ആഭരണം നിർമ്മിക്കുന്നതുമൊക്കെയായുള്ള പരിണാമഘട്ടങ്ങളുടെ   കൃത്രിമകാഴ്ചകളിലൂടെ ഒരു സഞ്ചാരം. വളരെ പൂർണ്ണതയോടെതന്നെ അതൊക്കെ അവിടെ ഒരുക്കിയിരിക്കുന്നു. കാഴ്ചക്കാരെ ആകർഷിക്കുന്ന ഒരു പ്രധാനഘടകം അവിടെ നൽകിയിരിക്കുന്ന വർണ്ണപ്രകാശവിന്യാസമാണ്. അതുപോലെതന്നെ അനുയോജ്യമായ  ശബ്ദവും.  ഇവിടെയെത്തുന്നവർ  ഈ ട്രോളിയാത്ര വിസ്മരിക്കാനിടയില്ല.  ഈ   യാത്രകഴിഞ്ഞു ഗൈഡ് ഞങ്ങളെ   ഒരു ക്‌ളാസ്സ്‌മുറിയിലേക്കുകൊണ്ടുപോയി. അവിടെ  വിവിധയിനം മുത്തുകളെക്കുറിച്ചും തായ്‌ലൻഡിൽ  ലഭിക്കുന്ന രത്നങ്ങളെക്കുറിച്ചുമൊക്കെ ഒരാൾ വിശദീകരിച്ചുതന്നു. മരതകം, മാണിക്ക്യം, ഇന്ദ്രനീലം, ഗോമേദകം, അങ്ങനെ പലതരം രത്നങ്ങൾ അവിടെത്തന്നെ ഖനനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ   വജ്രം അവിടയില്ല. മറ്റുരാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്നതാണ്. 


പിന്നീട് രത്‌നങ്ങൾകൊണ്ട്  ആഭരണങ്ങളും മറ്റു കൗതുകവസ്തുക്കളുമൊക്കെ ഉണ്ടാക്കുന്ന ശില്പശാലയിലേക്കാണ് കൊണ്ടുപോയത്. അതിസൂക്ഷ്മമായ, വളരെയധികം ശ്രദ്ധവേണ്ടുന്ന ജോലിയാണ്. അവിടെ  ജോലിചെയ്യുന്നവരൊക്കെ തങ്ങളുടെ ജോലിയിൽ ബദ്ധശ്രദ്ധരാണ്. സന്ദർശകരെ  അവർ ഗൗനിക്കുന്നതേയില്ല. തങ്ങൾക്കുലഭിച്ചിരിക്കുന്ന പാറ്റേൺ അനുസരിച്ച് ആഭരണം നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം എത്രമാത്രം പ്രയോജനപ്പെടുത്താമെന്നുമാത്രമാണ് അവരുടെ ചിന്ത. ഈ ജോലിയിൽ    നല്ല പരിശീലനവും അവർക്കു ലഭിച്ചിട്ടുണ്ടാകും. പിന്നീട് ഷോറൂമിലേക്കാണ് പോയത്. അതിമനോഹരമായ ആഭരണങ്ങളുംമറ്റും ധാരാളമായി വിൽപയ്ക്കുണ്ട്. രത്നങ്ങളല്ലേ! കനത്ത  വിലയും. പിന്നെ ജാതകവുമായി അതൊക്കെ തങ്ങൾക്കു പൊരുത്തപ്പെടുമോ എന്ന ആശങ്കയും പലർക്കുമുണ്ടായിരുന്നു. എന്തായാലും അവിടെനിന്ന്  അധികമൊന്നും ആരും   വാങ്ങിയതായി കണ്ടില്ല. ഞാൻ ചെറിയൊരു മുത്തുമാല വാങ്ങി. നൂറു ഡോളർ ആയിരുന്നു വില. വെളുത്തമുത്ത് എന്റെയൊരു ദൗർബല്യമാണ്. 


കണ്ണും മനസ്സും നിറഞ്ഞു അവിടെനിന്നു ഞങ്ങൾ മടങ്ങി. നാലുമണിക്ക് പാട്ടായയിലെ പ്രസിദ്ധമായ ഫ്ലോട്ടിങ് മാർക്കറ്റിലേക്ക് പോകണം. ബസ്സിൽക്കയറി ഒരു പതിനഞ്ചുമിനുട്ട് യാത്രചെയ്തുകാണും അവിടെയെത്താൻ.  


No comments:

Post a Comment