ഇമ്പം
=====
ഇമ്പമാണൊരു നേർത്ത പുഞ്ചിരി
നിമിഷനേരത്തേക്കാണതെങ്കിലും.
ഇമ്പമാണൊരു മന്ദമാരുതൻ
മെല്ലേവന്നു തഴുകിടുമ്പോഴും.
ഇമ്പമാണൊരു ചെറുമഴച്ചാറ്റൽ
കഠിനമാം ശരത്കാലസന്ധ്യയിൽ!
ഇമ്പമാണൊരു മല്ലികപ്പൂവിൻ
ഹൃദയഹാരിയാം സൗമ്യസൗരഭം
ഇമ്പമാണൊരു കാട്ടുപൂഞ്ചോല
ഒഴുകിയോടുന്ന കാഴ്ചകാണുകിൽ.
ഇമ്പമാണേഴുവർണ്ണവും ചാർത്തി
മാരിവിൽ വാനിൽ വന്നുനിൽക്കുമ്പോൾ.
ഇമ്പമാണൊരു കോകിലശ്രുതി
വനികയിൽ നിഴൽ നീണ്ടുപോകവേ.
ഇമ്പമാണു നിശ്ശബ്ദരാവിലെ
താരകങ്ങൾ നിറഞ്ഞ വാനിടം.
No comments:
Post a Comment