Friday, February 6, 2026

റാന്തൽ വിളക്ക്

 ഒരിക്കൽ അന്ധനായ ഒരു മനുഷ്യൻ രാത്രിയിൽ ഒരു റാന്തൽവിളക്കും കൈയ്യിലേന്തി നടക്കുന്നതുകണ്ട വഴിയാത്രക്കാർ അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. ഒരാൾ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു. 

"താങ്കൾക്ക് കാഴ്ചയില്ലല്ലോ, പിന്നെയെന്തിനാണ് ഈ റാന്തൽവിളക്കുമായി നടക്കുന്നത് ?"

" അതു നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങൾ എതിരെ വരുന്നത് എനിക്ക് കാണാൻ കഴിയില്ല.  ഇരുട്ടുള്ള വഴിയിൽ നിങ്ങൾക്കെന്നെ കാണാൻ കഴിഞ്ഞില്ലെങ്കിൽ വന്നു കൂട്ടിയിടിച്ചെങ്കിലോ. അതൊഴിവാക്കാനാണ് ഈ റാന്തൽ വിളക്ക്"

Thursday, January 22, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 20

    20 . ഹോയ് ആൻ

------------------------------------------------------

സമയം നാലുമണിയടുത്തു. 'ഹോയ് ആൻ' എന്ന ചരിത്രനഗരത്തിലേക്കാണ് ഞങ്ങളുടെ യാത്ര.  ബസ്സ്‌ വിയറ്റ്നാമിന്റെ സുന്ദരമായ പാതകളിലൂടെ ഓടിക്കൊണ്ടേയിരുന്നു. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും  നെൽപ്പാടങ്ങളും ഫലവൃക്ഷത്തോട്ടങ്ങളും മറ്റുപലവിധത്തിലുള്ള കൃഷിസ്ഥലങ്ങളുമൊക്കെ കാഴ്ചകളിൽ വന്നുപോയ്ക്കൊണ്ടിരുന്നു. ഗ്രാമങ്ങളിൽ വളരെ ചെറിയ  വീടുകളാണ്.   പരമ്പരാഗതമായി  നെല്ലാണ് ഈ രാജ്യത്തെ  പ്രധാന കൃഷി. വിവിധയിനം അരിയിനങ്ങൾ  ഇവിടെനിന്നു ധാരാളമായി കയറ്റി അയയ്ക്കുന്നുമുണ്ട്. നെൽകൃഷിക്കായി മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് മറ്റുകൃഷികൾ ചെയ്യാനുള്ള അനുവാദമില്ല. കൃഷിയിടങ്ങൾ കൃഷിക്കാരുടെ സ്വന്തമല്ല. ഉടമസ്ഥാവകാശം സർക്കാരിനുതന്നെയാണ്. കൃഷിക്കാർക്ക്  കൃഷിചെയ്യാൻ സ്ഥലം പതിച്ചുനൽകിയിരിക്കുന്നു എന്നുമാത്രം. കുറേപ്പേർ ചേർന്നുള്ള കൂട്ടുകൃഷിയാവാം.  എന്നാൽ കോർപറേറ്റുകൾക്ക് ഇവിടെ നെൽകൃഷിചെയ്യാൻ അനുവാദം ലഭിക്കുകയുമില്ല.  വിയറ്റ്നാം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണല്ലോ. 

 റോഡിലൊക്കെ ധാരാളം മോട്ടോർസൈക്കിൾ സഞ്ചാരികളെക്കാണാം. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അധികമായുള്ള ഇന്നാട്ടിൽ ആരാധനാലയങ്ങളും എല്ലാ  ഗ്രാമത്തിലും  കാണാം.  ഒന്നരമണിക്കൂറിലധികം സഞ്ചരിച്ച് ഞങ്ങൾ ഹോയ് ആൻ എന്ന പട്ടണത്തിലെത്തി. നദികളും കായലുകളുമൊക്കെയുള്ള താഴ്ന്ന പ്രദേശമാണിത്. അവിടെയൊരു ബസ്സ്‌ പാർക്കിംഗ്   ഏരിയായിൽ ഇറങ്ങിയശേഷം രണ്ടുമൂന്നു ഇലക്ട്രിക്ക്  ബഗ്ഗികളിലായിട്ടായിരുന്നു  ഞങ്ങൾ തുടർയാത്ര  നടത്തിയത്. ഷീറ്റിട്ടതുപോലെ മേലാപ്പുള്ള,  പണ്ടുകാലത്തെ ലോറിയുടെ മുൻവശംപോലെ ഒരു മുഖവുമായുള്ള   വിചിത്രരൂപമാണ് 'ഹോയ് ആൻ ഗോ' എന്ന് വിളിപ്പേരുള്ള ഈ ബഗ്ഗികൾക്ക്. ഒരുകിലോമീറ്റർ സഞ്ചരിച്ച് ഒരു നദീതീരത്തുള്ള മൈതാനം പോലൊരു സ്ഥലത്തെത്തി. 'തു ബോൺ' എന്നാണ് ഈ നദിയുടെ പേര്. 

ഈ നദിയുടെ തീരങ്ങളും  അതിനോടുചേർന്നുള്ള ഭാഗങ്ങളൊക്കെയും ഒരുത്സവ ഛായയിലാണ്. ജനത്തിരക്കും കച്ചവടക്കാരുമൊക്കെയായി ആകെ ബഹളമയം. സോങ് ഹോവായ് സ്ക്വയർ എന്ന വിശാലമായ ചത്വരത്തിൽ ഞങ്ങളുടെ സംഘം ഒത്തുചേർന്നു. അവിടെ പഴക്കൂടകൾ ഒരു വടിയുടെ ഇരുവശവും തൂക്കിയിട്ട് കച്ചവടക്കാരായ സ്ത്രീകൾ എല്ലാവരെയും സമീപിക്കുന്നുണ്ട്. നമുക്ക്  പഴങ്ങൾ വാങ്ങാം, കൂടാതെ പഴക്കൂടകൾ  തൂക്കിയിട്ടിരിക്കുന്ന വടി തോളിലിട്ട് ഫോട്ടോയെടുക്കാൻ അവസരവും കിട്ടും. പക്ഷേ നല്ലൊരുതുക അവർ കൈപ്പറ്റിയിരിക്കും. നല്ല സാമർത്ഥ്യമാണ് ഈ പെണ്ണുങ്ങൾക്ക്. ഞങ്ങൾ ചിലർ കൂടയുമായി ഫോട്ടോ എടുത്തു. പിന്നെ ഗൈഡിനു പിന്നാലെ നടന്നു. പുരാതനനഗരം സന്ദർശിക്കുന്നതിന് ടിക്കട് എടുക്കേണ്ടതുണ്ട്‌. ആരും ടിക്കറ്റ് പരിശോധന നടത്തുന്നില്ലെങ്കിലും  എല്ലാവരും ടിക്കറ്റ്  എടുത്തുമാത്രമേ പോകാറുള്ളൂ. ടിക്കറ്റുമായി മുമ്പേ പോകുന്ന  ഗൈഡിനൊപ്പം  ഞങ്ങൾ നടക്കവേ പെട്ടെന്ന് യൂണിഫോമിട്ട ഒരാൾ പിന്നാലെയെത്തി  ഗൈഡിനെ തടഞ്ഞു. ടിക്കറ്റിന്റെ എണ്ണം ശരിയല്ലത്രേ! പക്ഷേ ക്ര്യത്യമായ ടിക്കറ്റുകൾ കാണിച്ചപ്പോൾ അയാൾ സോറി പറഞ്ഞു മടങ്ങി. ക്യൂ നിന്നപ്പോൾ മറ്റാരോകൂടി  ഞങ്ങളുടെ  ഇടയിൽകയറിയതാണ് എണ്ണത്തിൽ പിശകുവരുത്തിയത്. എല്ലാം അവർ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി. 

രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു ഹോയ് ആൻ. ഏഴാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ ഇന്തോനേഷ്യയുമായുള്ള തന്ത്രപ്രധാനമായ സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിച്ചിരുന്നതും 16, 17 നൂറ്റാണ്ടുകളിൽ ഒരു പ്രധാന അന്താരാഷ്ട്ര തുറമുഖവുമായിരുന്നു ഹോയ് ആൻ. ഇവിടുത്തെ  സംസ്കാരവും പൈതൃകവും പ്രധാനമായും ഭാരതത്തിലെ ചമ്പാരാജ്യത്തുനിന്നുവന്ന   ഹിന്ദുമതക്കാരായ  ചാം ജനതയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അതിൽ  പിന്നീട്  അറബ് , ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശവ്യാപാരബന്ധങ്ങൾ കാലാകാലങ്ങളിൽ തങ്ങളുടെ സ്വാധീനം സന്നിവേശിപ്പിച്ചുപോന്നു.  അവയുടെയൊക്കെ തെളിവുകളാണ് ഇന്നീ ചരിത്രനഗരത്തിൽ എവിടെയും കാണാൻ കഴിയുന്നത്. 

തു ബോൺ നദിയുടെ ഇരുകരകളിലുമായി പഴമയുടെ പ്രൗഢിയുമയി ധാരാളം കെട്ടിടങ്ങളുണ്ട്. വിദേശവണിക്കുകൾ തുറമുഖം കടന്നുവന്നു താമസിച്ചിരുന്ന വീടുകളും  തങ്ങളുടെ കച്ചവടസാധനങ്ങൾ ശേഖരിച്ചിരുന്നു ഗോഡൗണുകളും പലകാലത്തായി വന്ന വ്യത്യസ്‌തവിശ്വാസികൾ  നിർമ്മിച്ച ആരാധനാലയങ്ങളും ചില ചരിത്രസ്മാരകങ്ങളുമൊക്കെ ഇവയിലുണ്ട്. ഇന്ന് വീടുകളും പീടികകളും ഗോഡൗണുകളുമൊക്കെ  വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു നടത്തുന്നത്  കച്ചവടസ്ഥാപനങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു. കണ്ടാൽ വിദേശികൾക്ക് വാങ്ങാൻതോന്നുന്നവിധം   ആകർഷകമായ രീതിയിൽ വസ്ത്രങ്ങളും ആഭരണങ്ങളും  ബാഗുകളും തൊപ്പികളും കരകൗശലവസ്തുക്കളും പലഹാരങ്ങളുമൊക്കെ അവകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അവയിൽ കശ്മീർ സിൽക്ക് വസ്ത്രങ്ങൾ വിൽക്കുന്ന കടയും ഉണ്ടായിരുന്നു.  

ഗംഭീരങ്ങളായ  ഭക്ഷണശാലകളും ബിയർ പാർലറുകളും  കൂടാതെ,  പലതരത്തിലുള്ള ഭക്ഷണങ്ങൾ അപ്പപ്പോൾ പാകംചെയ്തുകൊടുക്കുന്ന തട്ടുകടകൾപോലെയുള്ള ചില സംവിധാനങ്ങളും നദിക്കരകളിലുണ്ട്. കൂടാതെ തടിയിൽ ശില്പങ്ങൾ കൊത്തുന്നവരും  ചിത്രംവരയ്ക്കുന്ന കലാകാരന്മാരും കുരുത്തോലകൊണ്ടു കൗതുകവസ്തുക്കളുണ്ടാക്കുന്ന  വിദഗ്ധന്മാരുമൊക്കെ തങ്ങളുടെ കഴിവുകളെ പണമാക്കിമാറ്റുന്നുണ്ട്.   വൃത്തിയും ഭംഗിയുമുമാണ് എല്ലാ കാഴ്ചകളുടെയും  മുഖമുദ്ര. പൗരാണികത അങ്ങനെതന്നെ  നിലനിർത്തി കെട്ടിടങ്ങളൊക്കെ പൂച്ചെടികൾകൊണ്ട് അലങ്കരിച്ചു സൂക്ഷിക്കുന്നു. പുരാതനമരക്കെട്ടിടങ്ങളൊക്കെ നശിച്ചുപോകാതെ എങ്ങനെയാണിവർ സംരക്ഷിക്കുന്നതെന്നു അദ്‌ഭുതപ്പെട്ടുപോയി. ഇതൊക്കെക്കാണാൻ  വിദേശികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. 

വളരെ പ്രസിദ്ധമായ, മേൽക്കൂരയുള്ള ഒരു   ജാപ്പനീസ് പാലവും  ചില ക്ഷേത്രങ്ങളും ഒരു മ്യുസിയവുമൊക്കെയാണ് ഞങ്ങൾ എത്തിയ  നദിക്കരയിലെ പ്രധാന ആകർഷണങ്ങൾ. പതിനഞ്ചാം നൂറ്റാണ്ടിൽ , ഡച്ച്, ചൈനീസ്, ജാപ്പനീസ്, പോർച്ചുഗീസ് വ്യാപാരികൾ തുറമുഖത്തിന് ചുറ്റും സ്ഥിരതാമസമാക്കാൻ തുടങ്ങി. വ്യത്യസ്ത പ്രദേശങ്ങളിൽ സമൂഹങ്ങൾ വളർന്നപ്പോൾ, അവരുടെ പരസ്പരമുള്ള  ഇടപെടലുകളും വളർന്നു. 1593 -ഓടെ, ജാപ്പനീസ് താമസക്കാർ  തങ്ങളുടെ അയൽപക്കത്തെ ചൈനക്കാരുമായി  ബന്ധംപുലർത്തുന്നതിനു വിഘാതമായിനിന്ന ഒരു തോടിനുകുറുകെ  ഒരു പാലം നിർമ്മിച്ചു. ഭൂകമ്പത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന പുരാണ ജാപ്പനീസ് ക്യാറ്റ്ഫിഷ് ജീവിയായ നമാസുവിനെ കീഴടക്കാനും ഈ പാലം ഉദ്ദേശിച്ചിരുന്നുവെന്ന് ചിലർ പറയുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും, ജാപ്പനീസ് കവേർഡ് ബ്രിഡ്ജ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. 20,000 VND ബാങ്ക് നോട്ടിൽ പോലും ഈ ലാൻഡ്മാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് - അത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് ഈ ചരിത്രസ്മാരകം. മരപ്പലകകൾകൊണ്ടുള്ള  ഒരു പ്ലാറ്റ്‌ഫോമിൽ നിന്നാണ് ആ പാലം കണ്ടത്. അടുത്തുതന്നെ അവരുടെ ഒരു ക്ഷേത്രവുമുണ്ട്. അവിടെ പൂജകൾ നടക്കുന്നതിന്റെ ഭാഗമായുള്ള കൊട്ടുവാദ്യങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. കുറച്ചുദൂരെ ചൈനക്കാരുടെയും ക്ഷേത്രമുണ്ട്. അലങ്കാരങ്ങളും  വലിയ  വ്യാളികളുടെ ശില്പങ്ങളും ദേവവിഗ്രഹങ്ങളുമൊക്കെ  കണ്ണുകൾക്ക് വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നു. ഇത്തരം നാലുക്ഷേത്രങ്ങൾ ഇവിടെത്തന്നെയുണ്ട്. വിവാഹങ്ങളും മതപരമായ ആഘോഷങ്ങളുമൊക്കെ ഈ ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്. 

ക്ഷേത്രങ്ങളും മ്യുസിയവുമൊക്കെ കണ്ടശേഷം 'ചാവോ  തു വോൻ' എന്ന പാലം കടന്ന് നദിയുടെ മറുകരയിലേക്കുപോയി. അപ്പോഴേക്കും അന്തിവെയിൽമങ്ങി ഇരുട്ടുപരക്കാൻ തുടങ്ങിയിരുന്നു. ജനത്തിരക്കേറിവരികയാണ്. ഇവിടെ സൈക്കിളും സൈക്കിൾ റിക്ഷകളും മാത്രമേ വാഹനങ്ങളായുള്ളൂ.  മലിനീകരണമുണ്ടാക്കുന്ന ഒന്നുമില്ല. നദിയിൽ വർണ്ണവിളക്കുകളുമായി ധാരാളം തോണികൾ സഞ്ചാരികളെ കയറ്റി തുഴഞ്ഞുപോകുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ്  ചൈനീസ്, ജാപ്പനീസ് വ്യാപാരികൾ കൊണ്ടുവന്നതാണ് റാന്തൽവിളക്കുകൾ. എല്ലാ പൗർണ്ണമിരാവിലും ഇവിടെ എണ്ണമറ്റ  റാന്തലുകൾ കൊളുത്തി അവർ ലാന്റേൺ ഫെസ്റ്റിവൽ ആഘോഷിക്കുന്നു.   

ഇരുതീരങ്ങളിലെ,  അന്തകോടിദീപങ്ങൾകൊണ്ടലങ്കരിച്ചിരിക്കുന്ന തെരുവുകളും തോണികളും പാലങ്ങളും!  നിറങ്ങളും പ്രകാശവുംചേർന്നൊരു സ്വർഗ്ഗീയദൃശ്യം. വിവിധവർണ്ണങ്ങളിലെ റാന്തലുകളുടെ  വെളിച്ചത്തിൽകുളിച്ചുനിൽക്കുന്ന തോണികളുടെ നദിയിലെ പ്രതിഫലനം ഓളങ്ങളിൽ ഇളകുന്നതുകാണാൻ എന്തുരസമാണ്! മറ്റൊരു കൗതുകകരമായ കാര്യം ജലത്തിലൊഴുക്കുന്ന ചെരാതുകളാണ്. മെഴുകുതിരിദീപം കത്തിച്ചു ചെരാതുകൾ നദിയിലൊഴുക്കുന്നത് ഭാഗ്യദായകമായി ഇന്നാട്ടുകാർ വിശ്വസിക്കുന്നു. കാശിയിലും ഹരിദ്വാറിലുമൊക്കെ നമ്മളും ഇങ്ങനെ ദീപങ്ങളൊഴുക്കാറുണ്ടല്ലോ. ഇവിടെ  ചെരാതുകളൊഴുക്കാൻ നദിയിലേക്കിറങ്ങേണ്ട,  നീളമുള്ളൊരു മുളംകമ്പിൽ കൊരുത്ത് വെള്ളത്തിലേക്ക് വെച്ചാൽമതി. കൂടാതെ പരിസ്ഥിതികപ്രശ്നമുണ്ടാക്കാത്തവിധം കടലാസും മുളങ്കമ്പുകളുംകൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നതും.  ഞങ്ങളും നദിയിൽ  ദീപങ്ങളൊഴുക്കി. കടകളിലൊക്കെ കയറിയിറങ്ങി എന്തൊക്കെയോ വാങ്ങി, പരിചിതമല്ലാത്ത ചില ഭക്ഷണസാധനങ്ങളും രുചിച്ചുനോക്കി കുറേസമയം അവിടെ ചെലവഴിച്ചു മടങ്ങി.  ഒമ്പതരകഴിഞ്ഞു ഹോട്ടലിലെത്തിയപ്പോൾ. അത്താഴം അവിടെനിന്നുതന്നെ കഴിച്ച് മുറിയിൽപോയി സുഖമായുറങ്ങി. 


കിഴക്കനേഷ്യൻ മരതകമണികൾ - 18

  കിഴക്കനേഷ്യൻ മരതകമണികൾ - 18 . ഡാനാങിലേക്ക് 

==============================

നോയ്‌ബായ് എയർപോർട്ടിൽ ഉദ്യോഗസ്ഥരുടെ മട്ടും ഭാവവും നമ്മുടെ നാട്ടിലെ ചില സർക്കാർഓഫിസുകളെ  ഓർമ്മപ്പെടുത്തി. 'സാ'മട്ടില് ഇരിപ്പും വെള്ളക്കുപ്പി തുറക്കുന്നതും മെല്ലേ വെള്ളം കുടിക്കുന്നതും അതിനു ശേഷമുള്ള അൽപവിശ്രമവും പിന്നെ എന്താ കാര്യമെന്ന അന്വേഷണവും ഒക്കെ നമ്മുടെ നാട്ടിലേതുപോലെതന്നെ. ബോഡിങ്ങിനു സമയമേറെ ബാക്കിയുണ്ട്.  ഒന്നേകാൽ മണിക്കൂർ യാത്രയാണ് ഡാനാങിലേക്ക്.  


ഇവിടെ പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലുമൊക്കെ  താമരപ്പൂക്കൾകൊണ്ട് പൂപ്പാലികകൾ അലങ്കരിച്ചുവെച്ചിരിക്കുന്നതുകാണാം. എയർപോർട്ടിലും  ധാരാളമായി ഇങ്ങനെയുള്ള അലങ്കാരം കാണാം. ദേശീയപുഷ്പമായ   താമരപ്പൂവിന്  ഇന്നാട്ടിൽ വലിയ പ്രാധാന്യമാണ്. അത് അവരുടെ സംസ്കാരത്തിന്റെ അന്തഃസത്തയാണെന്നുതന്നെ പറയാം. ചെളിയിൽ വേരുകളൂന്നുന്ന  താമരച്ചെടിയുടെ പൂവ് ജലത്തിൽ സ്നാനംചെയ്തു ശുദ്ധിവരുത്തിയാണ് വായുവിൽ വിടർന്നു നിൽക്കുന്നത്. ഈ പൂവ്    അശുദ്ധിക്കും ഇരുട്ടിനുമിടയിലും വേറിട്ടുനിൽക്കാൻ കഴിയുന്ന ദിവ്യസൗന്ദര്യത്തെ പ്രതീകപ്പെടുത്തുന്നു. കൂടാതെ,  ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള വിയറ്റ്നാമീസ് ജനതയുടെ ശക്തമായ ഇച്ഛാശക്തിയെയും സ്ഥിരോത്സാഹത്തെയും പ്രതിനിധീകരിക്കുന്നു.




വിയറ്റ്നാമിലെ ഒരു പ്രമുഖമതമായ ബുദ്ധമതത്തിന്റെയും പ്രതീകമാണ് താമര. ബുദ്ധമതത്തിൽ, താമര ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. താമരപ്പൂവിന്റെ സാന്നിദ്ധ്യം ശുഭകരമായ ഊർജ്ജത്തെ പ്രദാനംചെയ്യുന്നുവെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ പൂവിന്റെ നിറമനുസരിച്ച് വിശ്വാസങ്ങളുടെ അർത്ഥതലങ്ങൾക്കും വകഭേദം വരുന്നുമുണ്ട്. രാജ്യത്തെ  പുരാതനവും ആധുനികവുമായ പല നിർമ്മിതികൾക്കും താമരപ്പൂവിന്റെ സ്വാധീനമുണ്ടെന്നും കാണാൻ കഴിയും. നേരത്തെ കണ്ട വൺ പില്ലർ  പഗോഡയും രൂപമെടുത്തിരിക്കുന്നത് ജലത്തിൽനിന്നുയർന്നുവരുന്ന തണ്ടും താമരമൊട്ടുമാണ്. 


ഔദ്യോഗികനടപടികളൊക്കെ പൂർത്തിയാക്കി ഞങ്ങൾ ബോഡിങ്ങിനായി  കാത്തിരുന്നു. ഞങ്ങളുടെ ടിക്കറ്റ് നമ്പർ 17 E , 17 G എന്നാണ്. എനിക്കതൊരു കൗതുകമായി. അടുത്തടുത്ത സീറ്റിനായി മുമ്പേതന്നെ പ്രത്യേകം പണം നൽകിയിരുന്നതാണ്. എന്നിട്ടും ഒന്നിടവിട്ട സീറ്റാണല്ലോ എന്നോർത്ത് ചെറിയൊരു വിഷമവും തോന്നി. പക്ഷേ  വിമാനത്തിൽ ഇരിപ്പിടങ്ങൾ അടുത്തടുത്തായിരുന്നു. അപ്പോൾ F ന്  എന്തുപറ്റി എന്നായി എന്റെ ചിന്ത. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്  F, J, W,  Z എന്നീ അക്ഷരങ്ങളുടെ ശബ്ദമുള്ള അക്ഷരങ്ങൾ വിയറ്റ്നാമീസ് ഭാഷയിൽ ഇല്ല. അതുകൊണ്ടു തദ്ദേശ്ശീയരിൽ അനാവശ്യമായ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഈ അക്ഷരങ്ങൾ അവർ ഒഴിവാക്കുന്നു എന്നാണ്. 


ആറുമണിയായപ്പോൾ വിമാനം ഉയർന്നുപൊങ്ങി. താഴെയുള്ള കാഴ്ചകൾ  കൂടുതലും കടലിന്റേതായിരുന്നു. പിന്നെ മേഘങ്ങളും. ഏഴരയായപ്പോൾ ഡനാങ്  ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഞങ്ങൾ എത്തി.  ബാഗേജ് കിട്ടാൻ അല്പം വൈകി. സംഘത്തിലെ  ഒരാളുടെ ഒരു ബാഗ് കീറി നാശമായിരിക്കുന്നു. അതിന്റെ ക്ലെയിമിനായി അദ്ദേഹവും മറ്റുരണ്ടുപേരുംകൂടി പോയി. അവർ വരാൻ വളരെവൈകി. എങ്കിലും 13 ഡോളർ ക്ലെയിമായി കിട്ടി. ബാഗിന്റെ നാട്ടിലെ  വിലയേക്കാൾ കൂടുതലായിരുന്നത്രേ അത്!  ഗൈഡിനൊപ്പം ഞങ്ങളെക്കാത്തുകിടന്ന ബസ്സിൽകയറി ഒരിന്ത്യൻ റെസ്റ്ററന്റിലേക്കാണ് ആദ്യം പോയത്. അത്താഴം കഴിഞ്ഞശേഷമാണ് താമസം തരപ്പെടുത്തിയിരിക്കുന്ന 'ഹിൽട്ടൺ ഗാർഡൻ ഇൻ' എന്ന ഹോട്ടലിലേക്ക് പോയത്. ഹോട്ടലിൽനിന്ന് ഏകദേശം അമ്പതു മീറ്റർ ദൂരമേ കാണൂ  ഡാനാങ്ങിലെ പ്രസിദ്ധമായ  'മൈ ഖേ  ബീച്ചി'ലിക്ക്. ഞങ്ങളുടെ മുറി പതിനേഴാം നിലയിലാണ്. മുറിയുടെ ചാവി സ്കാൻ ചെയ്താലേ ലിഫ്റ്റ് പ്രവർത്തിക്കൂ. ഇതറിയാതെ  ഞങ്ങളോടൊപ്പം എട്ടാം നിലയിൽ താമസിക്കുന്ന ഒരു സ്ത്രീയും  ലിഫ്റ്റിൽ കയറിയിരുന്നു.  ചാവി അവരുടെ ഭർത്താവിന്റെ കൈവശവും. മൊബൈലിൽ കുറേ വിളിച്ചിട്ടും അദ്ദേഹം എടുക്കുന്നുമില്ല.   പിന്നെ അവരെയുംകൊണ്ട്  റിസെപ്ഷനിൽ പോയി സ്പെയർ കീ വാങ്ങി മുറിയിൽ എത്തിച്ചശേഷമാണ് ഞങ്ങൾ മുറിയിലേക്ക് പോയത്. 


ഡനാങ് നഗരം ഹാൻ നദിയുടെ തീരത്തായി വ്യാപാരിച്ചിരിക്കുന്നു. പഴയ പ്രാദേശികഭാഷയിൽ  നദീമുഖം എന്നാണ് ഈ പേരിനർത്ഥമെന്നു ചില ഗവേഷകർ പറയുന്നു. വിയറ്റ്നാമിലെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്  വളരെ ദൈർഘ്യമുള്ള കടൽത്തീരവുമുണ്ട് .   ഇത് വിയറ്റ്നാമിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിൽ ഒന്നാണ്. ഇവിടുത്തെ തുറമുഖത്തിനടുത്തുള്ള കടലിടുക്കിലൂടെയാണ്  വിയറ്റ്നാം കീഴടക്കാനുള്ള  സ്വപ്നവുമായി അമേരിക്കൻ കപ്പൽപ്പട നുഴഞ്ഞുകയറിയത്.   രാജ്യത്തെ ആറ് നേരിട്ടുള്ള നിയന്ത്രിത മുനിസിപ്പാലിറ്റികളിൽ ഒന്നായ ഇത് കേന്ദ്ര സർക്കാരിന്റെ ഭരണത്തിൻ കീഴിലാണ്. ആദ്യകാല ഡായി വിയറ്റ് കുടിയേറ്റകാലത്ത്(പത്താം നൂറ്റാണ്ട്) ഈ നഗരം കോവ ഹാൻ എന്നും ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്ത് ടൂറെയ്ൻ എന്നും അറിയപ്പെട്ടിട്ടിരുന്നു.   




അമേരിക്കൻ യുദ്ധത്തിന്റെ അവശേഷിപ്പുകൾ ഇവിടെ ധാരാളമായുണ്ടത്രേ!  വിനോദസഞ്ചാരികളെ ആകർഷിക്കാൻ മറ്റുപലതും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന  ഈ നഗരം  ഒരുക്കിവെച്ചിട്ടുണ്ട്. ചോര ചിന്നിച്ചിതറിയ പോർക്കെടുതികൾനിറഞ്ഞ  ഒരു പ്രദേശത്തുനിന്ന് ഊർജ്ജസ്വലമായ വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം പരിണമിച്ച ഒരു നഗരത്തെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ആഗോളടൂറിസത്തിന്റെ കാലാനുസൃതമായ  ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരന്തരം പരിണമിക്കുമ്പോൾതന്നെ ചരിത്രം, സംസ്കാരം, ആധുനികത, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം എന്നിവയുടെ സംഗമസ്ഥാനംകൂടിയാകുന്നു ഈ അദ്‌ഭുതനഗരം.


ഞങ്ങളുടെ മുറിയുടെ ബാൽക്കണിയിൽനിന്നു നോക്കിയാൽ മുൻഭാഗത്തെ റോഡും അതിനപ്പുറത്തെ ബീച്ചും കടലും എതിർവശത്തു പരന്നുകിടക്കുന്ന നഗരഭാഗവുമൊക്കെക്കാണാം. അരണ്ടവെളിച്ചത്തിൽ പതനുരഞ്ഞെത്തുന്ന തിരമാലകൾ തീരത്തെ  ചുംബിച്ചു മടങ്ങിപ്പോകുന്ന കാഴ്ച എത്ര മനോഹരമാണ്!       രാത്രിയിൽ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന നഗരത്തിന് ഭ്രമിപ്പിക്കുന്ന സൗന്ദര്യമാണ്. വലിയ കെട്ടിടങ്ങളൊക്കെ അതിവിശാലമായ  ഓരോ ടി വി സ്‌ക്രീൻ പോലെ ചലിക്കുന്ന ചിത്രങ്ങളെക്കൊണ്ടും മാറിവരുന്ന വർണ്ണങ്ങളെക്കൊണ്ടും  വിസ്മയിപ്പിക്കുന്നു. കുറേസമയം ആ കഴ്ചകളൊക്കെക്കണ്ടുനിന്നു. പിന്നെ ഉറങ്ങാൻ കിടന്നു. നാളത്തെ പ്രഭാതം വലിയൊരു പ്രതീക്ഷയാണ്. എത്രയോ കാലമായി നേരിൽക്കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വലിയ മനുഷ്യനെ കണ്ടുമുട്ടാൻ പോകുന്നു. അദ്ദേഹവും ഈ ഹോട്ടലിലെ ഏതോ ഒരു മുറിയിൽ ഞങ്ങളെക്കാൾമുന്നേ സ്ഥാനം പിടിച്ചിട്ടുണ്ട്. 



കിഴക്കനേഷ്യൻ മരതകമണികൾ - 17

 കിഴക്കനേഷ്യൻ മരതകമണികൾ - 17 

==============================

17.ഹലോങ് ബേ

--------------------

ഇന്ന് ഈ  യാത്രയുടെ ഏഴാംദിവസമാണ്. രാവിലെ ഉണർന്നപ്പോൾ രണ്ടുപേർക്കും  പനിയും ശരീരവേദനയുമൊക്കെയാണ്. പ്രഭാതഭക്ഷണത്തിനുശേഷം മരുന്നുകൾ കഴിച്ചു. എട്ടുമണിയായപ്പോൾ ഹോട്ടലിനോട് വിടപറഞ്ഞു ബസ്സിൽ യാത്രതുടങ്ങി. ഏതാണ്ടെല്ലാവരുടെയും ആരോഗ്യസ്ഥിതി അത്ര നല്ലതായിരുന്നില്ല. ചിലരൊക്കെ മരുന്നുകഴിക്കില്ല എന്ന് ദുർവാശിയുമായിരിക്കുന്നുണ്ടായിരുന്നു. ഇത്തരം യാത്രകളിൽ ഈവക ദുർവാശികൾ നന്നല്ല. അസുഖം രൂക്ഷമായാൽ അത് മറ്റുള്ളവരെയും ബാധിക്കുമെന്ന സാമാന്യതത്വം ഓർമ്മിക്കേണ്ടതല്ലേ. 


ഇന്ന് ഹലോങ് ബേയിലേക്കാണ് പോകേണ്ടത്. അവിടേക്ക്  മൂന്നുമണിക്കൂർ യാത്രയുണ്ട്. വിയറ്റ്നാമിന്റെ ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിയിടങ്ങളും നദികളും പുഴകളുമൊക്കെക്കടന്നു ബസ്സ് ഓടിക്കൊണ്ടിരുന്നു. ഹലോങ് ബേ ഏറെ സവിശേഷതകളുള്ള ഒരുൾക്കടൽഭാഗമാണ്. യുനെസ്കോയുടെ ലോകപൈതൃക സ്ഥലമാണിത്.  ഗൾഫ് ഓഫ് ടോങ്കിനിൽ ചിതറി കിടക്കുന്ന ആയിരത്തിഅഞ്ഞൂറോളം കൊച്ചു കൊച്ചു ദ്വീപുകളാണ് ഇവിടത്തെ കാഴ്ച. വിയറ്റ്നാമിന്റെ വടക്കുകിഴക്കു ഭാഗത്തായി  നീലകാശത്തിന് കീഴെ ഉൾക്കടലിലെ ഗഹനമായ ജലപ്പരപ്പിൽ  ചിതറികിടക്കുന്ന ഹരിതകഞ്ചുകമണിഞ്ഞ  ചുണ്ണാമ്പുപാറമലകൾ. പച്ച തുരുത്തുകൾക് താഴെ പ്രകൃതി ഒരുക്കിയ നിഗൂഢമായ  ഗുഹകൾ. ആരുടെയും ഹൃദയം കവരുന്ന, വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗികൾക്കു പേർപെറ്റ ഈ ഉൾക്കടൽപ്രദേശത്ത് ഒരു ക്രൂസ് ഷിപ്പിൽ ഒരു ദിവസം തങ്ങണം. ഈ പാറമലകൾക്കിടയിലൂടെ സഞ്ചരിച്ച് ഈ അദ്‌ഭുതങ്ങൾകണ്ടു മനസ്സുനിറയണം. 


'ലാ റെജീന' എന്നു  പേരായ ക്രൂസ് ഷിപ്പിലാണ് ഞങ്ങളുടെ യാത്രയും താമസവും ഏർപ്പാടാക്കിയിരിക്കുന്നത്. പതിനൊന്നുമണിയോടെ 'തുവാൻ ചാവു മറീന' എന്ന പോർട്ടിലെത്തി. അവിടെനിന്നു സ്പീഡ്ബോട്ടിലാണ് ഷിപ്പിലെത്തിക്കുന്നത്. പന്ത്രണ്ടുമണികഴിഞ്ഞപ്പോൾ ക്രൂസിൽ ചെക്ക് ഇൻ ചെയ്തു. ഒന്നാം നിലയിലായിരുന്നു ഞങ്ങളുടെ മുറി.  വിശാലമായ മുറിയും ബാത്ത് ഏരിയയും പിന്നെ ഒരു ഓപ്പൺ ബാൽക്കണിയും. ബാല്കണിയിലേക്കിറങ്ങിയാൽ ജലപ്പരപ്പിലൂടെ ഒഴുകിനടക്കുന്ന കച്ചവടബോട്ടുകൾ അടുത്തേക്കുവരും. പഴങ്ങളും സ്‌നാക്‌സും വെള്ളവും പിന്നെ വേറെയും എന്തൊക്കെയോ സാധങ്ങൾ അവരുടെപക്കൽ വിൽക്കാനുണ്ട്. വാങ്ങാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. നല്ല തണുപ്പുണ്ടായിരുന്നതുകൊണ്ടു വേഗം അകത്തുകയറി വാതിലടച്ചു. മുഴുവൻ ഗ്ലാസ് ആയതുകൊണ്ട് പുറംകാഴ്ചകൾ വളരെ വ്യക്തമായി കാണാം.   അവിടെനിന്നു 'ലാൻ ഹാ ബേ'യിലേക്ക് യാത്രതുടങ്ങി. ഉച്ചഭക്ഷണവും ക്രൂസിൽ തയ്യാറാക്കിയിരുന്നു. രണ്ടാം നിലയിലെ 'ലാ കൊറോണ' എന്ന വലിയ ഭക്ഷണശാലയിൽ വിയറ്റ്നാമിന്റെ തനിമയാർന്ന ഭക്ഷണവിഭവങ്ങളെല്ലാം നിരത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ഇന്ത്യൻ വിഭവങ്ങളും. 


പിന്നീട് ചെറിയ ബോട്ടുകളിൽ പാറമലകൾക്കിടയിലൂടെ ഒരു യാത്ര.  ഇത് ഭൂമിയിൽത്തന്നെയാണോ എന്നു തോന്നിപ്പോകും. മരതകവർണ്ണത്തിലെ ജലപ്പരപ്പും അതിനുമീതെ ഉയർന്നുനിൽക്കുന്ന കൽമേടുകളും  പാറകളിൽ യുഗയുഗാന്തന്തരങ്ങളായി ജലമൊഴുകിയുണ്ടായ ഗുഹകളും കമാനങ്ങളുമൊക്കെ എത്രമാത്രം വിസ്മയജനകമെന്നു വാക്കുകളിൽ വർണ്ണിക്കാനാവുന്നില്ല. 'ഡാർക്ക് ആൻഡ് ബ്രൈറ്റ് കേവ്സ്' എന്നറിയപ്പെടുന്ന ചില ഗുഹകൾ വലിയചുണ്ണാമ്പുപാറകളിൽ തിരമാലകളടിച്ചു തേയ്മാനം സംഭവിച്ചു തുരങ്കംപോലെ രൂപംവന്നവയാണ്. അവയുടെ ആകൃതിയും അതിവിശേഷം. അതിലൂടെ ബോട്ടുകൾ കടന്നുവരുന്നത് വ്യത്യസ്തമായൊരനുഭവമാണ്.  പ്രകൃതിയിലെ  ഈ അദ്‌ഭുതസൃഷ്ടിയെക്കുറിച്ച് ഇന്നാട്ടുകാർക്കിടയിൽ ഒരു കഥ പ്രചരിക്കുന്നുണ്ട്. 




വിയറ്റ്നാം എന്നരാജ്യം പിറവിയെടുത്തകാലത്ത് കടൽമാർഗം വന്ന് അയൽരാജ്യങ്ങൾ നിരന്തരം ആക്രമിക്കുകയും ജനങ്ങളുടെ സ്വൈര്യജീവിതംതന്നെ അതിനാൽ ധ്വംസിക്കപ്പെടുകയും ചെയ്തു. ഈ ദുർഗ്ഗതിയിൽനിന്നു തങ്ങളെ രക്ഷിക്കണമെന്ന് ചക്രവർത്തിയും ജനങ്ങളും ഒന്നായി  ഇഷ്ടദൈവങ്ങളോടു പ്രാർത്ഥിച്ചു. തന്റെ ഭക്തരുടെ  ദൈന്യസ്ഥിതി മനസ്സിലാക്കിയ ദൈവം ഒരു വ്യാളീമാതാവിനെയും അവരുടെ സന്താനങ്ങളെയും  ഭൂമിയിലേക്കയച്ചു. ശത്രുക്കളുടെ കപ്പലുകൾ വരുന്നതുകൊണ്ട് ഈ വ്യാളികൾ തീ തുപ്പുകയും അവയെ ചുട്ടെരിക്കുകയും ചെയ്തു. വീണ്ടും ശത്രുക്കളുടെ കപ്പലുകൾ തീരത്തേക്കടുക്കാതിരിക്കാനായി വ്യാളികൾ മറ്റൊരു വിദ്യയാണ് പ്രയോഗിച്ചത്. അഗ്നിക്കുപകരം ധാരാളം മരതകക്കല്ലുകളും വൈഡൂര്യങ്ങളുമൊക്കെയാണ് വാർഷിച്ചത്. അവയൊക്കെ കടലിൽപതിച്ചശേഷം വളർന്നുയർന്നു പാറമലകളായിമാറി. അവയ്ക്കിടയിലൂടെ ശത്രുക്കളുടെ ജലയാനങ്ങൾക്കു കടന്നുവരാണാത്തവിധം ഒരു മതിൽക്കെട്ടുപോലെ ഈ മലകൾ നിലകൊണ്ടു. അപ്പോഴേക്കും ഈ സുന്ദരമായ സമുദ്രഭാഗത്തോട്  അമ്മവ്യാളിക്ക് വല്ലാത്തൊരഭിനിവേശമായി. അവൾ അവിടെത്തന്നെ സ്ഥിരവസമാക്കുകയും ചെയ്തു. ഹാ ലോങ്ങ് എന്ന വിയറ്റ്നാം പദങ്ങൾക്കർത്ഥം വ്യാളി ഇറങ്ങിയയിടം എന്നാണ്.  ( ഫ്രഞ്ചുകാർ ഇവിടെ ഭരിച്ചിരുന്നകാലത്ത് പലപ്പോഴായി കടൽത്തീരത്ത് ഡ്രാഗണുകളെ കണ്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ വാസ്തവം തെളിയിക്കപ്പെട്ടിട്ടില്ല)




ബോട്ട് യാത്രകഴിഞ്ഞു  വീണ്ടും ക്രൂസിലെത്തി കുറച്ചു വിശ്രമിച്ചശേഷം ഏറ്റവും മുകൾനിലയിൽ ഡെക്കിലെത്തി. അതിഥികൾക്ക്  ഇഷ്ടപാനീയങ്ങളുമായി ഒരു 'happy hour  session ' നടന്നുകൊണ്ടിരിക്കുന്നു.  കപ്പൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ,  ചുറ്റുപാടുമുള്ള കാഴ്ചകളൊക്കെ ആസ്വദിച്ച് എത്രനേരംവെണമെങ്കിലും അവിടെനിൽക്കാൻ തോന്നും. വേറെയും ഒരുപാടു ക്രൂസ് ഷിപ്പുകളുണ്ട്, ബോട്ടുകളും. കുറേസമയം കാഴ്ചകണ്ടിരുന്നപ്പോൾ അവിടെയൊരു മേശയും കുറച്ചു പാത്രങ്ങളും എന്തൊക്കെയോ ചില പാചകസാമഗ്രികളുമൊക്കെ സജ്ജമാക്കുന്നതുകണ്ടു. വിദേശികൾക്കായി വിയറ്റ്നാമീസ് ഭക്ഷണത്തിന്റെ  ഒരു പാചകപരിശീലനത്തിനുള്ള തയ്യാറെടുപ്പാണ്. ആർക്കുവേണമെങ്കിലും അതിൽ പങ്കുചേരാം. ക്രൂസ് ആക്ടിവിറ്റികളിൽ ഉൾപ്പെട്ടതാണിതൊക്കെ.




 പരിശീലക വന്ന് ഒരു ബർണറിൽ എണ്ണ പകർന്ന  ചീനച്ചട്ടി വെച്ചു. പാചകത്തിനുള്ള സാമഗ്രികൾ, പരിശീലിക്കാൻ വന്നവരുടെയൊക്കെ കൈകളിൽ കൊടുത്തു. നേർത്ത വെർമിസെല്ലി പോലെ എന്തോ ഒരു വസ്തുവും പച്ചക്കറികളും മാസവും സോസുകളും  ഒക്കെയുണ്ട്. ചതുരക്കഷണങ്ങളായി മുറിച്ച ബട്ടർപേപ്പർപോലിരിക്കുന്ന റൈസ് പേപ്പറിൽ (അരിപ്പൊടിയും മരച്ചീനിപ്പശയും ചേർത്തുണ്ടാക്കുന്ന നേർത്ത ഷീറ്റ്),  സൊസിൽമുക്കിയ  മറ്റുസാധനങ്ങൾ കുറേശ്ശെയായി വെച്ചു പൊതിഞ്ഞു റോൾ ആക്കി തിളയ്ക്കുന്ന എണ്ണയിൽ വറുത്തുകോറും. അത്രയേ ഉള്ളൂ. പക്ഷേ സായിപ്പുമാരും മദാമ്മമാരും അതൊക്കെ നന്നായി ആസ്വദിച്ചു. വിദേശസഞ്ചാരികളെ ആകർഷിക്കാൻ  നമ്മുടെ നാട്ടിലും കൊഴുക്കട്ടയുണ്ടാക്കാനും ഇടിയപ്പമുണ്ടാക്കാനും ദോശ ചുടാനുമൊക്കെ ക്‌ളാസ്സ്  എടുക്കാവുന്നതല്ലേ എന്നായി എന്റെ ചിന്ത. 


ക്‌ളാസ് കഴിഞ്ഞു ഉണ്ടാക്കിയ വിഭവങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു. പിന്നെ രണ്ടാംനിലയിലെ റെസ്റ്ററന്റിൽപോയി  വിഭവസമൃദ്ധമായ ഡിന്നർ  കഴിച്ചു. അതിനുശേഷം ഒരു ചൂണ്ടയിടലും എന്തൊക്കെയോ കളികളുമൊക്കെയുണ്ടായിരുന്നു. ചൂണ്ടയിട്ടിട്ട് അധികമാർക്കും മത്സ്യങ്ങളെ കിട്ടിയതുമില്ല. ഉറങ്ങാൻകിടന്നപ്പോൾ നന്നേ വൈകിയിരുന്നു. രാവിലെ ഉണർന്നത് ഉൾക്കടലിന്റെ മറ്റേതോ ഭാഗത്തായിരുന്നു. അതിരാവിലെതന്നെ ഒരു യാത്രയുണ്ട്. അതിരാവിലെയായതുകൊണ്ടു പ്രഭാതഭക്ഷണം വളരെ ലളിതമായിരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അവിടെ വിഭവങ്ങൾ സമൃദ്ധമായിത്തന്നെ കരുതിയിരുന്നു. 


അരമുക്കാൽ മണിക്കൂർ ഒരു ബോട്ടിൽ യാത്രചെയ്തശേഷം ജിയാ ലുവാൻ എന്നൊരു തുറമുഖഭാഗത്തെത്തി. ഇവിടെനിന്നാണ് പത്തുകിലോമീറ്റർ ദൂരെയുള്ള  ക്യാറ്റ് ബാ എന്ന ദ്വീപിലേക്ക്‌ പോകേണ്ടത്. സ്ത്രീകളുടെ ദ്വീപെന്നാണ് ഈ പേരിനർത്ഥം. വടക്കൻ വിയറ്റ്നാമിലെ ലാൻ ഹാ ബേയുടെ തെക്കുകിഴക്കൻ അറ്റത്തായി  ഈ ദ്വീപസമൂഹം   രൂപംകൊണ്ടിരിക്കുന്ന ഈ ദ്വീപസമൂഹത്തിലെ 367 ദ്വീപുകളിൽ ഏറ്റവുംവലുതാണിത്. ഇതിന്റെ ഏകദേശം പകുതിയോളം പ്രദേശം കാറ്റ് ബാ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ട്രൂങ് ട്രാങ് ഗുഹാസമുച്ചയമാണ് ഞങ്ങളുടെ ലക്‌ഷ്യം. 


ബോട്ടിൽനിന്നിറങ്ങി അല്പദൂരംനടന്നുചെന്ന് ഒരു ബസ്സിൽ കയറി. വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെയും ഉഷ്ണമേഖലാമഴക്കാടുകളിലൂടെയും ബസ്സ് ഓടിക്കൊണ്ടിരുന്നു. മനോഹരമായ ഗ്രാമക്കാഴ്ചകളും ഇടയ്ക്കു കണ്ണുകൾക്ക് വിരുന്നായി. ഗ്രാമത്തനിമ നിലനിർത്തുന്ന കൊച്ചുകൊച്ചു വീടുകളും തോടുകളും ലളിതമായ ഗ്രാമജീവിതത്തിന്റെ നേർക്കാഴ്ചകളായി മുന്നിൽത്തെളിയുമ്പോൾ നമ്മുടെ നാടിന്റെ മങ്ങിയ പ്രതിച്ഛായയും ഇവിടെ കാണാൻ കഴിയും. പാതയോരത്തെ  തൊടികളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന  വൃക്ഷലതാദികളും പൂച്ചെടികളും പച്ചക്കറികളുമൊക്കെ നമ്മുടെ നാടിനെ ഓർമ്മിപ്പിക്കും. മഞ്ഞപ്പൂക്കളുമായി നിൽക്കുന്ന കൈപ്പൻചെടികൾപോലും ഇവിടെ ധാരാളമുണ്ട്. ഒരുമണിക്കൂറിലധികം യാത്രകഴിഞ്ഞാണ് ഗുഹാകവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തിയത്. ഒരുകിലോമീറ്റർ നടക്കാനുണ്ട് ഗുഹയിലേക്ക് കയറാനുള്ള പടവുകൾക്കു സമീപമെത്താൻ. ഞങ്ങളുടെ ടൂർ മാനേജർ സംഘാഗങ്ങളോടൊക്കെ  പറഞ്ഞിരുന്നു ഗുഹയിലേക്ക് കയറാൻ നൂറ്റിനാല്പതു പടികളുണ്ടെന്നും ബുദ്ധിമുട്ടുള്ളവർ ക്രൂസിലിരുന്നാൽ മതിയെന്നും. അതുകൊണ്ടു കുറച്ചുപേർ വന്നിരുന്നില്ല. പക്ഷേ കയറാൻ ആർക്കുംതന്നെ വലിയ ബുദ്ധിമുട്ടുണ്ടായില്ല. 


പടിക്കെട്ടുകളിൽ ചിലയിടങ്ങളിൽ മലകളുടെയും കാടുകളുടെയും ഭംഗി ആസ്വദിക്കാൻ കഴിയുന്ന വ്യൂ പോയിന്റുകളും  ഉണ്ടായിരുന്നു. ഗുഹയിൽ എത്തിയപ്പോൾ, ഞങ്ങളുടെ ഗൈഡ് കർശനമായി ഒരുമിച്ച് നിൽക്കാനും അദ്ദേഹത്തെ പിന്തുടരാനും നിർദ്ദേശിച്ചു. ചില സ്ഥലങ്ങളിൽ പാറകളുടെ വഴുക്കലിനെക്കുറിച്ച് അദ്ദേഹം ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പല സ്ഥലങ്ങളിലും, വഴി വളരെ ഇടുങ്ങിയതും ചെറുതുമായിരുന്നു, അതിനാൽ ഞങ്ങൾ ശ്രദ്ധാപൂർവ്വം നീങ്ങേണ്ടിവന്നു. ചില സ്ഥലങ്ങളിൽ ഗുഹയിൽ വിളക്കുകളും ഉണ്ടായിരുന്നു. സ്റ്റാലക്ടൈറ്റുകളും സ്റ്റാലക്മൈറ്റുകളും ഭീമാകാരങ്ങളായ വ്യത്യസ്തരൂപങ്ങൾ ഗുഹയ്ക്കുള്ളിൽ രൂപപ്പെടുത്തിയിട്ടുണ്ട്. മേഘാലയത്തിലെ മൗസ്മായി ഗുഹകളും ആൻഡമാനിലെ ബാരാതാങ് ദ്വീപിലെ ചുണ്ണാമ്പുകൽ ഗുഹകളുമൊക്കെ ഈ വിധത്തിലുള്ളതാണ്. എന്നാൽ  അവയെക്കാളൊക്കെ ഇത് വളരെ വലുതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിനു ഗുഹകൾ ഈ ദ്വീപുസമൂഹത്തിൽ പലയിടത്തായി ഉണ്ടത്രേ! ചില സ്ഥലങ്ങളിൽ, പാറകളുടെ വശങ്ങളിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നത്  കാണാൻ കഴിഞ്ഞു, ആയിരക്കണക്കിന് വർഷങ്ങളായി ഈ പാറരൂപങ്ങളുടെ  രൂപീകരണത്തിന് കാരണമായ പ്രക്രിയയാണിത്.




ഗുഹയുടെ പുറത്തേക്ക്‌കടക്കാനുള്ള വഴി മറ്റൊരു ഭാഗത്തായിരുന്നു. അവിടെനിന്നു കുറച്ചുദൂരം നടന്നപ്പോൾ ബസ്സ്  കാത്തുകിടന്നിരുന്നിടത്തെത്തി. പിന്നെ ജെട്ടിയിലേക്കും അവിടെനിന്നു ക്രൂസിലെക്കും മടക്കയാത്ര. ഒമ്പതര കഴിഞ്ഞപ്പോൾ ക്രൂസിലെത്തി. മുറി വെക്കേറ്റ് ചെയ്തു ലഗേജ് താഴെ റിസപ്ഷനിൽ വെച്ചു.  ഗംഭീരമായൊരു ബ്രഞ്ച് കഴിച്ച്, പതിനൊന്നുമണിയോടെ തുവാൻ ചാവു മറീനയിലേക്കു സ്പീഡ്ബോട്ടിൽ യാത്രയായി. അവിടെനിന്നു ഹാനോയിലെ നോയി ബായി  എയർപോർട്ടിലേക്കു പോകണം. രണ്ടരമണിക്കൂറോളം യാത്രയുണ്ട്. 




വിയറ്റ്നാമിന്റെ  വൈവിധ്യമായ ഭൂപ്രദേശങ്ങൾ കടന്നു ബസ് ഓടിക്കൊണ്ടിരുന്നു. നമ്മുടെ നാടുമായി വളരെയേറെ സാമ്യമുണ്ട് കടന്നുപോകുന്ന  ഈ പ്രദേശങ്ങൾക്ക്. ഗ്രാമങ്ങളും പട്ടണങ്ങളും കൃഷിസ്ഥലങ്ങളും ഉദ്യാനങ്ങളും ആരാധനാലയങ്ങളും ശ്മാശാനങ്ങളുമൊക്കെ കാഴ്ച്ചയിൽ വന്നുമറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കൊക്കെ മാലിന്യങ്ങൾ കത്തിക്കുന്ന കാഴ്ചകളും ഉണ്ടായിരുന്നു.വളരെ നേരത്തെ ബ്രഞ്ച് കഴിച്ചതുകൊണ്ടു പലവിഭവങ്ങളുൾപ്പെടുത്തിയ ഒരു ഹൈ ടീയും വിമാനത്താവളത്തിനടുത്ത് ഏർപ്പാടുചെയ്തിരുന്നു. 


കിഴക്കനേഷ്യൻ മരതകമണികൾ - 16

16.ഹോവാൻ കീം തടാകവും ട്രെയിൻ സ്ട്രീറ്റും 


---------------------------------------------------------------


ഉച്ചഭക്ഷണത്തിനുശേഷം ഒരു തടാകം കാണുന്നതിനായുള്ള  യാത്രയാണ്. 'ഹോവാൻ കിം തടാകം'. ഹനോയിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ തടാകമാണിത്. റെഡ് റിവർ  തന്റെ ഒഴുക്കിന്റെ ഗതി ഇടയ്ക്കിടെ മാറുന്നതനുസരിച്ച് തൻ്റെ പ്രവാഹവീഥികളിൽ തടാകങ്ങളും ചതുപ്പുനിലങ്ങളുമൊക്കെ അവശേഷിപ്പിച്ചു പോകുന്നു. അത്തരത്തിലൊരു സരോവരമാണ് ഗ്രീൻ ലേക്ക് എന്നറിയപ്പെട്ടിരുന്ന ഹോവാൻ കീം. പച്ചനിറമാണ് ഈ തടാകത്തിലെ  ജലത്തിന്.  ഈ തടാകത്തെക്കുറിച്ച് കൗതുകം തോന്നുന്ന  ഒരു ഐതിഹ്യകഥയുണ്ട്. 




വിയറ്റ്നാം ചക്രവർത്തിയായിരുന്ന ലി ലോയി 1428-ൽ ചൈനീസ് മിംഗ് രാജവംശത്തെ പരാജയപ്പെടുത്തി. അതിനുശേഷം ഒരുദിവസം അദ്ദേഹം ഈ തടാകത്തിൽ തോണിയാത്ര നടത്തവേ 'കിം ക്യൂയി' എന്നുപേരായ ഒരു സ്വർണ്ണകൂർമ്മം അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ കൈവശമുള്ള മന്ത്രികവാൾ  തിരികെനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആ വാൾ  മിംഗ് രാജവംശത്തെ പരാജയപ്പെടുത്താനായി അദ്ദേഹത്തിന്  അന്നാടിന്റെ ദേവതയായ ഒരു വ്യാളി നൽകിയതായിരുന്നു. ആ വാളാണ് ഇപ്പോൾ ഈ ആമ തിരികെ ആവശ്യപ്പെടുന്നതെന്ന് ചക്രവർത്തിക്ക് മനസ്സിലായി, അത് തിരികെ നൽകുകയും ചെയ്തു. വാൾ കിട്ടിയപാടെ ആമ അപ്രത്യക്ഷമായി. അതിനുശേഷമാണ് തടാകത്തിനു 'ഹോവാൻ കീം' എന്ന് പേര് ലഭിച്ചത്. 'വാൾ മടക്കി നൽകിയ തടാകം' എന്നാണ് ഈ പുതിയ പേരിനർത്ഥം.  തടാകമാധ്യത്തിൽ ചെറിയ തുരുത്തിൽ ഒരു സ്തൂപമുണ്ട്. ആമസ്‌തൂപമെന്നാണ് ഇതറിയപ്പെടുന്നത്. 


തടാകത്തിൽ താമസിച്ചിരുന്ന യഥാർത്ഥ ആമ സൂര്യസ്നാനത്തിനായി കയറിയിരുന്നത്  അവിടെയായിരുന്നു. ഫ്രഞ്ചുകാർക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു ഇടനിലക്കാരൻ 1886 ൽ ഈ ചെറിയ ഗോപുരം നിർമ്മിച്ചു. രാജാവ് ലെ ലോയിയെ ബഹുമാനിക്കാൻ താൻ ഒരു ഗോപുരം പണിയുകയാണെന്നായിരുന്നു  അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യം , മരിച്ചുപോയ തന്റെ പിതാവിന്റെ അസ്ഥികൾ സ്തൂപത്തിനടിയിൽ  കുഴിച്ചിടുക എന്നതായിരുന്നു, സ്വന്തം കുടുംബത്തിന് ഭാഗ്യം കൊണ്ടുവരുന്നതിന്, ഫെങ് ഷൂയിയിലെ ഒരു തന്ത്രമാണിത്. എന്നാൽ തദ്ദേശീയരായ ജോലിക്കാർ  രഹസ്യമായി ആ ഭൗതികാവശിഷ്ടങ്ങൾ  അവിടെനിന്നു നീക്കം ചെയ്തു. ഫ്രഞ്ചുകാർക്ക് ഹിതകരമായ  എന്തെങ്കിലും ചെയ്യാൻ അവരാരും തയ്യാറായിരുന്നില്ല. വ്യക്തമായ മാതൃകയില്ലാത്ത മൂന്ന് നിലകളുള്ള ഈ  ഗോപുരം  നഗരത്തിന്റെ ഒരു പ്രതീകസ്മാരകമായി നിലനിൽക്കുന്നു.


തടാകം കരയിൽനിന്നു കണ്ടശേഷം നോക് സാൻ ക്ഷേത്രം സന്ദർശിക്കാൻ അതിലുള്ള പ്രസിദ്ധമായ 'ചുവന്ന ചായമടിച്ച മരപ്പാലം' കയറുന്നതിനായി നടന്നു. ഈ പാലത്തിനുമുണ്ട് പറയാൻ ഒരുപിടി കഥകൾ. ഹക് ബ്രിഡ്ജ് എന്നാണ് ഈ മനോഹരമായ പാലത്തിന്റെ പേര്. തു ഡുക് ചക്രവർത്തി  1865  ൽ നിർമ്മിച്ചതാണ് ഈ പാലം. ഉദിച്ചുയരുന്ന സൂര്യൻ എന്നാണ് ഹക് എന്ന പേരിനർത്ഥം. ജീവിതത്തിന്റെ ഉയർച്ചയെ പ്രതീകവത്കരിക്കുകയാണ് ഈ നാമം.  ഇതിന്റെ ചുവപ്പ്‌നിറം ഭാഗ്യസൂചകമാണ്. 32 മരത്തൂണുകളിൽ നിലകൊള്ളുന്ന പാലത്തിനു 15 കമാനങ്ങളാണുള്ളത്.   1897 , ൽ ഈ പാലം  തകരുകയും പുനർനിർമിക്കുകയും ചെയ്തിരുന്നു. പിന്നീട് 1952 ൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ചുണ്ടായ ജനത്തിരക്കിൽ പാലം തകരുകയും  പുനർനിർമ്മാണം നടക്കുകയുമുണ്ടായി.ഹാനോയിയുടെ പൗരാണികതയെയും  ആധുനികതയെയും കൂട്ടിയിണക്കുന്ന ഈ  പാലത്തിൽ  സന്ദർശകരുടെ തിരക്കൊഴിയാറില്ല.


 .നോക് സാൻ ക്ഷേത്രം, പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന മൂന്ന് പ്രധാന മംഗോളിയൻ അധിനിവേശങ്ങളിൽ രണ്ടെണ്ണത്തെ പരാജയപ്പെടുത്തിയ സൈനിക കമാൻഡർ ട്രാൻ ഹങ് ദാവോയ്ക്ക് (വിയറ്റ്നാമിന്റെ 14 ദേശീയ വീരന്മാരിൽ ഒരാൾ) സമർപ്പിച്ചിരിക്കുന്നു .  ക്ഷേത്രം സ്ഥിതിചെയ്യുന്ന തുരുത്തിനെ  ജേഡ് ദ്വീപ് എന്ന് വിളിക്കുന്നു. ജേഡ് പോലെ നല്ല പച്ചനിറമാണ് ഈ കുഞ്ഞുദ്വീപിന്‌.


വെൻചാങ്,  ലുസു എന്നീ താവോദേവന്മാർക്കൊപ്പം ഗുവാൻ യു എന്ന , മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് സൈനിക ജനറലിന്റെയും പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ. കാവൽദൈവമായി ആരാധിച്ചുപോരുന്ന ഗുവാൻ യുവിന്റെ 

ഛായാചിത്രങ്ങളോ പ്രതിമകളോ   ഇന്നാട്ടുകാർ വീടിന്റെ പ്രധാനവാതിലിൽ സ്ഥാപിക്കാറുണ്ട്. 


വേറെയും ഒന്നുരണ്ടുക്ഷേത്രങ്ങൾകൂടി കണ്ടിരുന്നു. പക്ഷേ അവയെക്കുറിച്ചൊന്നും ഗൈഡ് കൂടുതലായി പറഞ്ഞില്ല. അവിടെനിന്നു ഹാനോയിയുടെ ഓൾഡ് ക്വാർട്ടർ എന്ന ഭാഗത്തേക്കാണ് ഇനി പോകേണ്ടത്. അതിനായി അവിടുത്തെ സൈക്ലോ എന്ന് വിളിക്കപ്പെടുന്ന സൈക്കിൾ റിക്ഷയിലാണ് പോകുന്നത് . ഇത് നമ്മുടെ സൈക്കിൾ റിക്ഷ പോലെയല്ല. മുൻഭാഗത്ത് വീൽചെയർ പോലൊരു ഭാഗവും പിന്നിൽ ഡ്രൈവറുടെ സീറ്റും ഒരു വീലുമാണ്. മടക്കിയും നിവർത്തിയും വയ്ക്കാവുന്ന കുടപോലൊരു ഭാഗം വീല്ചെയറിനു മുകളിലുണ്ട്. അതിലിരുന്നു സഞ്ചരിച്ചാൽ മുമ്പിലുള്ള കാഴ്ചകൾ വ്യക്തമാണ്. ഞങ്ങൾ കയറിയയുടനെ മഴ ചാറാൻ തുടങ്ങി. അതിനാൽ മുകളിലെ കുട നിവർത്തി. പിന്നിലിരുന്നു ഡ്രൈവർ ഉച്ചത്തിൽ  ചുമയ്ക്കുകയും തുമ്മുകയും കാറിത്തുപ്പുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു യാത്ര അത്ര സുഖകരമായില്ല. 


യാത്ര അവസാനിപ്പിച്ച് ഒരു മാർക്കറ്റ് ഭാഗത്തേക്കാണ് പോയത്. തുണികളും ബാഗുകളും വാച്ചുകളും ചെരുപ്പുകളും എന്നുവേണ്ട നമുക്കാവശ്യമുള്ളതൊക്കെ വാങ്ങാൻ കിട്ടുന്ന കടകളാണ് തെരുവുകൾക്കിരുവശവും. ഷോപ്പിംഗിനു താല്പര്യമില്ലാത്തതുകൊണ്ടു ഒക്കെ കണ്ടുനടന്നതേയുള്ളു. ഇവിടെ കച്ചവടക്കാർ കൂടുതലും സ്ത്രീകളാണ്. കുടുംബത്തിനുവേണ്ടി സ്ത്രീകളാണ് ഇന്നാട്ടിൽ കഠിനപ്രയത്നം നടത്തുന്നത്. യുദ്ധങ്ങളിൽപോലും സ്ത്രീകളുടെ പങ്ക് വളരെ ശ്രദ്ധേയമാണ്. കണ്ടുകണ്ടു നടക്കുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നുകണ്ടു. മക്കഡേമിയ നട്ട്സ് . ലോകത്തിലെ ഏറ്റവും വിലയുള്ള നട്ട് ആണിതെന്നു കേട്ടിട്ടുണ്ട്. അതിന്റെ തൊണ്ടു തുറക്കാൻ ഒരു ചാവിയും ഉണ്ടാകുമത്രേ! അരകിലോയുടെ കുപ്പികൾ രണ്ടുമൂന്നെണ്ണം വാങ്ങി. 1350 ഇന്ത്യൻ രൂപയായിരുന്നു  അരക്കിലോയുടെ വില. അണ്ടിപ്പരിപ്പിനും ഏതാണ്ട് അതേ വിലയാണ്. നമ്മുടെ നാട്ടിലെ കശുവണ്ടിയേക്കാൾ നല്ല സ്വാദുണ്ട് ഇവിടെ കിട്ടുന്നതിന്. അതും വാങ്ങി. ഇവിടെ ധാരാളം കശുമാന്തോട്ടങ്ങൾ യാത്രകൾക്കിടയിൽ കണ്ടിരുന്നു. 


ഈ ദിവസങ്ങളിൽ കഠിനമായ തണുപ്പുണ്ടായിരുന്നു. ഞങ്ങൾ ജാക്കറ്റ് എടുത്തിരുന്നുമില്ല. അതുകൊണ്ടു രണ്ടുപേർക്കും ജാക്കറ്റും വാങ്ങി. നമ്മുടെ നാട്ടിലെ  വിലയൊക്കെയേ അവിടെയുമുള്ളൂ. എന്തായാലും അത് വളരെ ഉപകരിച്ചു. അടുത്തദിവസങ്ങളിൽ തണുപ്പ് അതികഠിനമായിരുന്നു. അവിടെനിന്നുപോയത് ഇവിടുത്തെ പ്രസിദ്ധമായ ട്രെയിൻ സ്ട്രീറ്റിലേക്കാണ്. അഞ്ചരമണിക്ക് ട്രെയിൻ വരുമെന്നാണ്   ഗൈഡ് പറഞ്ഞത്. പക്ഷേ ആ   സമയത്ത് ട്രെയിൻ ഉണ്ടായിരുന്നില്ല. അതിനാൽ വീണ്ടും അടുത്തുള്ള ഷോപ്പിംഗ് സൗകര്യങ്ങൾനോക്കി എല്ലാവരും പോയി. ഏഴേമുക്കാലിന്  ട്രെയിൻ വരുമെന്ന് പറഞ്ഞതുകൊണ്ട് സമയമായപ്പോൾ എല്ലാവരും റെയിൽവേപാളത്തിൽ എത്തിയിരുന്നു. ട്രാക്കിനിരുവശവും ഭക്ഷണശാലകളും മറ്റു കടകളുമൊക്കെയാണ്. പാളത്തോടു  ചേർന്നാണ് കസേരകളും ബെഞ്ചും മേശയുമൊക്കെ നിരത്തിയിരിക്കുന്നത്. അവിടെയിരുന്നു സഞ്ചാരികൾ ബിയറും കാപ്പിയും ചായയും വളരെ വിശേഷപ്പെട്ട മുട്ടക്കാപ്പിയുമൊക്കെ  നുണഞ്ഞു സംസാരിക്കുന്നു. പക്ഷേ ട്രെയിൻ വരുന്ന നേരമാകുമ്പോൾ എല്ലാം അവിടെനിന്നു നീക്കി ട്രെയിൻയാത്ര  സുഗമമാക്കും.


ആയിരക്കണക്കിനു വിദേശസഞ്ചാരികൾ ആ ട്രെയിനൊന്നു പോകുന്നതുകാണാൻ ഇവിടെയെത്തിയിട്ടുണ്ട്.   മുംബൈയിലെ ട്രെയിൻയാത്രകൾ ധാരാളം കണ്ടിരിക്കുന്ന നമുക്ക് ഇതത്ര വലിയ സംഭവമാണെന്നൊന്നും തോന്നുന്നില്ല. പക്ഷേ ഇവിടുത്തെ വൃത്തിയും ഞങ്ങളുടെ അച്ചടക്കവും നമ്മേ വിസ്മയത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിക്കും. മദ്യപിക്കുന്നവർ ഒന്നുറക്കെ സംസാരിക്കുന്നുപോലുമില്ല. ആരും ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞു പരിസരം മലിനമാക്കുന്നില്ല. 


1902 മുതൽ ഈ ട്രാക്കിൽ ട്രെയിൻ ഓടുന്നുണ്ട്. ഫ്രഞ്ചുകാരാണ്  ട്രാക്ക് നിർമ്മിച്ചതെങ്കിലും ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങൾ തദ്ദേശീയർ നിർമ്മിച്ചതാണ്. തലമുറകളായി താമസിക്കുന്നവരും ഇവിടെയുണ്ട്. 350 മീറ്റർ നീളമുണ്ട്‌ ഈ തെരുവിന്. ട്രാക്കിലൂടെ കുറേദൂരം ഞങ്ങളും നടന്നു.  പിന്നെ  ഒരുകടയുടെ രണ്ടാംനിലയിലെ കഫെയുടെ കസേരകളിൽ സ്ഥാനംപിടിച്ചു കോഫി ഓർഡർ ചെയ്തു. അപ്പോഴേക്കും ചൂളംവിളിച്ചു ട്രെയിനെത്തി. കുതിച്ചുപാഞ്ഞൊന്നുമല്ല. സാവധാനം തന്നെ. ചാറ്റൽമഴ പെയ്തുകൊണ്ടേയിരുന്നു.  അതുകഠിനമായ തണുപ്പിലും ഈ ട്രെയിൻയാത്ര കാണാൻ മൊബൈലും കാമറയുമായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു.  കൗതുകകരമായ ഈ ട്രെയിൻ യാത്ര          ആസ്വദിച്ചശേഷം ഹോട്ടലിലേക്ക് മടങ്ങി. അത്താഴവും കഴിച്ചു കിടന്നു. അപ്പോഴേക്കും ജലദോഷം കലശലായി ആക്രമിച്ചിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുകൾ കഴിച്ചു. സുഖമായുറങ്ങി. 


കിഴക്കനേഷ്യൻ മരതകമണികൾ - 15

 കിഴക്കനേഷ്യൻ മരതകമണികൾ - 15

15. ഹോ ചി മിൻ ജനിച്ച വീട്ടിലേക്ക് 

=========================

ഹാനോയിലെ ആദ്യയാത്ര, വിയറ്റ്നാമിന്റെ രാഷ്ട്രപിതാവായ    ഹോ ചി മിൻ-  ന്റെ   അന്ത്യനിദ്രാകുടീരത്തിലേക്കാണ്. ഇവിടെ വിയറ്റ്നാമിന്റെ വിപ്ലവനേതാവായ  ആ മഹാത്മാവിന്റെ  ഭൗതികശരീരം നശിക്കാതെ സൂക്ഷിച്ചിരിക്കുന്നുണ്ട്. വിയറ്റ്നാം സന്ദർശിക്കുന്ന സഞ്ചാരികൾ ഇവിടെയൊന്നു സന്ദർശിക്കാത്ത മടങ്ങാറില്ല.


 അങ്ങോട്ടുപോകുന്നവഴിയിൽ കാണുന്ന നദികളും   കുറുകേയുള്ള പാലങ്ങളുമൊക്കെ വിസ്മയദൃശ്യങ്ങളാണ്.   പാതകളൊക്കെ വളരെ മനോഹരമാണ്. കുറെദൂരംപോയശേഷം  ധാരാളം ചരിത്രപ്രാധാന്യമായുള്ള സൗധങ്ങളുള്ള ഒരുഭാഗത്താണ് യാത്ര അവസാനിക്കുന്നത്.  വിദേശകാര്യമന്ത്രാലയത്തിന്റെയും വിയറ്റ്നാമിന്റെ ദേശീയപതാകയായ ചെങ്കൊടി പാറിക്കളിക്കുന്ന  നാഷണൽ അസ്സംബ്ലി മന്ദിരത്തിന്റെയും  സമീപത്താണ് ഹോ ചി മിൻ മുസോളിയം സ്ഥിതിചെയ്യുന്നത്. മുകളിൽ പ്രസിഡന്റ് ഹോ ചി മിൻ എന്നെഴുതിയിട്ടുണ്ട്. നീളത്തിലുള്ള ബോർഡ് പോലെയൊരു ബാനറിൽ 'Nước Cộng hòa Xã hội Chủ nghĩa Việt Nam muôn năm ' (സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ്  വിയറ്റ്നാം നീണാൾ വാഴട്ടെ) എന്നും എഴുതിയിട്ടുണ്ട്.  ചെറിയൊരു കൽക്കെട്ടിടമാണെങ്കിലും പുൽത്തകിടികൾനിറഞ്ഞ  വളരെ വിശാലമായൊരു മൈതാനം  കടന്നുവേണം അവിടെയെത്താൻ. ബാ ഡീൻ സ്‌ക്വയർ എന്നാണിവിടം അറിയപ്പെടുന്നത്.  ഈ മൈതാനത്താണ് പ്രധാനപ്പെട്ട പരേഡുകൾ അരങ്ങേറുന്നത്. ഞങ്ങളെത്തുമ്പോഴും കുറെ സൈനികർ മാർച്ച് ചെയ്തുപോകുന്നുണ്ടായിരുന്നു. അതുകഴിയാൻ ഞങ്ങൾ കാത്തുനിന്നു. 


രാവിലെ ഏഴരമുതൽ പത്തുമണിവരെ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.   ടിക്കറ്റ് ഒന്നുമില്ലെങ്കിലും  കർശനമായ സുരക്ഷാപരിശോധനകളൊക്കെയുണ്ട്. ബാഗ്,  പ്ലാസ്റ്റിക്, ഭക്ഷണസാധനങ്ങൾ എന്നിവയ്ക്കൊക്കെ വിലക്കുണ്ട്.  ക്യാമറയുമായി അതിനുള്ളിൽ പ്രവേശിക്കാനാവില്ല. ഫോട്ടോഗ്രാഫി ഒട്ടുംതന്നെ പാടില്ല . 


വളരെ  ദൈർഘ്യമുള്ള ഒരു നടപ്പാതയിലൂടെ നടന്നുവേണം മുസോളിയത്തിന്റെ കവാടഭാഗത്തെത്താൻ. വളരെ മനോഹരമായൊരു ജലധാരയും കാണാം. ഞങ്ങളെക്കൂടാതെ  നിരവധി സന്ദർശകർ അവിടെയെത്തിയിട്ടുണ്ടായിരുന്നു. അവരിൽ നല്ലൊരുഭാഗം സ്‌കൂൾ വിദ്യാർത്ഥികളായിരുന്നുവെന്നത് കൗതുകമായി. എല്ലാവരും വളരെ അച്ചടക്കത്തോടെയാണ് ചലിക്കുന്നത്. പലയിടത്തും പട്ടാളക്കാർ ആദരവോടെ, എന്നാൽ അങ്ങേയറ്റം  ശ്രദ്ധയോടെ നിലകൊള്ളുന്നതുകാണാം. ചതുരാകൃതിയിലുള്ള കൽമന്ദിരത്തിന്റെ  ഏറ്റവും ഉള്ളിലായി സ്ഫടികപേടകത്തിലാണ് ഹോ ചി മിന്റെ ശരീരം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്നത്. മെഴുകുപോലെതോന്നും. വർഷത്തിലൊരിക്കൽ ഈ ശരീരം റഷ്യയിലേക്ക് കൊണ്ടുപോയി മിനുക്കുപണികളൊക്കെ നടത്താറുണ്ടത്രേ! സാധാരണ ഒക്ടോബർ - നവംബർ മാസങ്ങളിലാണ് ഇത് ചെയ്യുന്നത്. 




അവിടെനിന്നിറങ്ങി പിന്നീട് തൊട്ടടുത്തുതന്നെയുള്ള, ഹോ ചി മിന്റെ വാസസ്ഥലമായിരുന്ന  പ്രെസിഡൻഷ്യൽ പാലസും അദ്ദേഹത്തിന്റെ ഓഫിസും ഒക്കെ സന്ദർശിക്കാനാണയാണ് പോയത്. അവിടം ഇപ്പോൾ ഒരു മ്യൂസിയമാക്കി സംരക്ഷിക്കുകയാണ്. വിയറ്റ്നാമിന്റെ ചരിത്രത്തിൽ ഹോ അങ്കിളിനുള്ള പ്രാധാന്യം എത്രയെന്നു കാട്ടിത്തരുന്നവിധം ഈ മ്യൂസിയം ഒരുക്കിവെച്ചിരിക്കുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന കാറുകളൊക്കെ നന്നായി തിളങ്ങിത്തന്നെ അവിടെ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ കട്ടിൽ, മേശ, നിത്യോപയോഗത്തിലുണ്ടായിരുന്ന മറ്റു  വസ്തുക്കൾ ഒക്കെ  അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമായുള്ള ചിത്രങ്ങളും പത്രവാർത്തകളുമൊക്കെ അവിടെ ചുവരുകളിൽ കാണാം.   


പ്രെസിഡൻഷ്യൽ പാലസ് ഫ്രഞ്ചുകാർ നിർമ്മിച്ച ഒരു മന്ദിരമാണ്. ഇത് ഇൻഡോ ചൈനയുടെ ഫ്രഞ്ച് ഗവർണർ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. കമ്മ്യൂണിസ്റ്റുഭരണം നിലവിൽവന്നപ്പോൾ അത് പ്രസിഡന്റ് ആയ ഹോ ചി മിനു താമസിക്കാൻ ഔദ്യോഗികമായി നൽകിയെങ്കിലും അദ്ദേഹം അവിടെയായിരുന്നില്ല താമസിച്ചത്. എന്നാൽ  ഹോ  സന്ദർശകരെ, വിശിഷ്യാ, രാഷ്ട്രത്തലവന്മാരെയും നേതാക്കളെയുമൊക്കെ, സ്വീകരിക്കുന്നതൊക്കെ അവിടെവെച്ചായിരുന്നു. ഇപ്പോഴും വിദേശഭരണാധികാരികൾ സന്ദർശനത്തിനെത്തുമ്പോൾ ഈ മഞ്ഞനിറത്തിലെ  കൊട്ടാരത്തിലാണ് താമസിക്കുന്നത്. അവിടെനിന്നു പുറത്തേക്കുപോകുന്ന വഴിയിൽ ഒരു ചിത്രപ്രദർശനം കണ്ടിരുന്നു. നയനമനോഹരങ്ങളായ നിരവധിചിത്രങ്ങൾ സ്റ്റാൻഡുകളിൽ നിരത്തിയിട്ടുണ്ട്. അവയിലധികവും താമരപ്പൂവിന്റെതാണ്. വിറ്റ്നാമിന്റെ ദേശീയപുഷ്പമാണ് താമര. 


ഹോചിമിൻ സായാഹ്‌നനടത്തത്തിനിറങ്ങിയ 'മംഗോ റോഡ്', ഇരുവശവും നിരന്നുനിൽകുന്ന മാവുകളുടെ നിഴലിൽ നീണ്ടുകിടക്കുന്നു. സാമാന്യം  വലിയൊരു തടാകവുമുണ്ട്. അതിൽ ധാരാളം മീനുകളും. നമ്മളൊന്നു  കൈകൊട്ടിയാൽ എന്തോ പ്രതീക്ഷിച്ച് അവയൊക്കെ ജലപ്പരപ്പിലേക്ക് ഉയർന്നുപൊന്തിവരുന്നതുകാണാം. അതിനടുത്തുകൂടി നടക്കുമ്പോൾ വിചിത്രമായൊരു കാഴ്ചകണ്ടു. ഒരു മരത്തിന്റെ(ബുദ്ധാ  ട്രീ എന്നാണ് ഗൈഡ് അതിന്റെ പേരുപറഞ്ഞത്) ചുവട്ടിലാകെ മുകളിലേക്ക്  മുളച്ചുപൊന്തിവരുന്ന കുറെയധികം വേരുകൾ.  ബ്രീത്തിങ് റൂട്സ് എന്നാണീ വേരുകൾ അറിയപ്പെടുന്നത്.  ജലാംശം കൂടുതലുള്ള മണ്ണിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. അപ്പോൾ മണ്ണിൽനിന്നുയർന്നുനിൽക്കുന്ന ഈ വേരുകൾ അന്തരീക്ഷത്തിൽനിന്നു ആവശ്യത്തിനുള്ള ഓക്സിജൻ ആഗീരണം ചെയ്തുകൊള്ളും. 




വലിയൊരു പ്രെസിഡൻഷ്യൽ പാലസ് ഉണ്ടായിരുന്നെങ്കിലും ഹോ ചി മിൻ അവിടെ താമസിക്കാൻ തയ്യാറായില്ല. അദ്ദേഹം   താമസിച്ചിരുന്നത് തന്റെ രാജ്യത്തെ സാധാരണക്കാർ താമസിച്ചിരുന്നതുപോലുള്ള  തൂണുകൾക്കുമേലുള്ള ഒരു ചെറിയ ഭവനത്തിലാണ്. 1958 മുതൽ 1969 വരെ അദ്ദേഹം  ലാളിത്യത്തിന്റെ പര്യയംപോലെയുള്ള ആ രണ്ടുനിലവീട്ടിലായിരുന്നു താമസിച്ചതും ജോലിചെയ്തതും. താഴത്തെ നിലയിലെ ഒറ്റമുറിയിൽ ഒരു വലിയ മേശയും കുറെ കസേരകളുമുണ്ട്. അവിടെയായിരുന്നു അതിഥികളെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നത്. മുകളിലെ നിലയിലേക്ക് ഒരു തടിഗോവണിയുണ്ട്. അതിലൂടെ കയറിച്ചെന്നാൽ ചെറിയ  രണ്ടുമുറികളാണുള്ളത്. ജോലിചെയ്യാനും വിശ്രമിക്കാനുമുള്ളവയായിരുന്നു ആ മുറികൾ. അവിടെയൊന്നും ആഡംബരത്തിന്റെ ഒരംശംപോലും നമുക്കു കാണാൻ കഴിയില്ല. പക്ഷെ  ഈ വീടിനോടുചേർന്ന് ഒരു ചെറിയ കുളവും ധാരാളം പൂച്ചെടികളും ഓറഞ്ചുമരങ്ങളുമൊക്കെ  കാണാം. വൃത്തിയോടെ, വളരെ മനോഹരമായി പരിസരം   സംരക്ഷിക്കുന്നുമുണ്ട്. ചുറ്റുമുള്ള ചെമ്പരത്തിവേലി അദ്ദേഹത്തിന്റെ ജന്മനാട്ടിലെ വീടിന്റെ പ്രതിച്ഛായ കൊണ്ടുവരാൻ സഹായകമാകുന്നു.  2016 ൽ ഒബാമ വിയറ്റ്നാം സന്ദർശിച്ചപ്പോൾ ഇവിടെയെത്തി കുളത്തിലെ മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുത്തത്‌ അന്ന് വാർത്തയായിരുന്നു. 


ഇവിടെയടുത്തുതന്നെയുള്ള മറ്റൊരു ചരിത്രപ്രാധാന്യമുള്ള സന്ദർശകാകർഷണമാണ്

'വൺ പില്ലർ പഗോഡ'. പേരുസൂചിപ്പിക്കുന്നതുപോലെ ഒറ്റതുത്തൂണിൽ നിർമ്മിച്ചിരിക്കുന്നൊരു പഗോഡയാണിത്. പഗോഡയുടെ യഥാർത്ഥ പേര് 'ദീൻ ഹുവു ടു' എന്നാണ്. 'ദീർഘകാലം നിലനിൽക്കുന്ന സന്തോഷവും ഭാഗ്യവും' എന്നാണ് അർത്ഥമാക്കുന്നത്. 'ഏഷ്യയിലെ ഏറ്റവും സവിശേഷമായ പഗോഡ' എന്നറിയപ്പെടുന്ന ഈ  സ്തംഭപഗോഡയിൽ സവിശേഷമായ വാസ്തുവിദ്യാ ഘടനയുണ്ട്. വിയറ്റ്നാമിന്റെ ദേശീയ പുഷ്പമായ താമരപ്പൂവ് പോലെയാണ് പഗോഡ കാണപ്പെടുന്നത്. 1028 മുതൽ 1054 വരെ ഭരിച്ചിരുന്ന ലി തായ് ടോങ് ചക്രവർത്തിയാണ് ഇതു  നിർമ്മിച്ചത്. അനപത്യദുഃഖത്താൽ  നീറിക്കഴിഞ്ഞിരുന്ന  ചക്രവർത്തി ഒരുദിവസം  ബോധിസത്വൻ അവലോകിതേശ്വരനെ കണ്ടുമുട്ടിയതായി സ്വപ്നം കണ്ടു. ഒരു താമരപ്പൂവിൽ ഉപവിഷ്ടനായിരുന്ന ബോധിസത്വൻ ലി തായ് ടോങിന് ഒരു കുഞ്ഞിനെ കൈമാറിയത്രേ! തുടർന്ന് ലി തായ് ടോങ് താൻ കണ്ടുമുട്ടിയ ഒരു കർഷകപെൺകുട്ടിയെ വിവാഹം കഴിച്ചു. അധികം വൈകാതെ  അവർക്ക്  ഒരു  പുത്രൻ  ജനിച്ചു. ഇതിനുള്ള നന്ദിസൂചകമായി 1049-ൽ ചക്രവർത്തി ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കുകയും,  തിയെൻ ടുങ് എന്ന സന്യാസിയുടെ നിർദ്ദേശപ്രകാരം സ്വപ്നത്തിൽ കണ്ടതിന് സമാനമായ ഒരു താമരക്കുളത്തിന്റെ നടുവിൽ ഒരു സ്തംഭം സ്ഥാപിച്ച് പഗോഡ നിർക്കിക്കുകയും ചെയ്തു. പതിമൂന്നു പടവുകളാണ് പഗോഡയിലേക്കു കയറാനുള്ളത്. കിഴക്കനേഷ്യയിൽ പതിമൂന്ന് എന്ന സംഖ്യ ഐശ്വര്യത്തിന്റെയും വംശവർദ്ധനയുടേയുമൊക്കെ പ്രതീകമാണ്. താമരപ്പൂവിൽ ഇരിക്കുന്ന ബുദ്ധന്റെ പ്രതിഷ്ഠയാണ് ശ്രീകോവിൽ കാണുന്നത്. 


കാലപ്പഴക്കത്താലോ ശത്രുക്കളുടെ ആക്രമണത്താലോ പലതവണ ഈ പഗോഡയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും പുനർനിർമ്മാണം നടക്കുകയും ചെയ്തിട്ടുണ്ട്. 1954-ൽ ഹനോയ് വിടുന്നതിനുമുമ്പ് ഫ്രഞ്ചുകാർ അവസാനമായി ചെയ്ത പ്രവൃത്തികളിൽ ഒന്ന് യഥാർത്ഥ വൺ പില്ലർ പഗോഡ നശിപ്പിക്കുക എന്നതായിരുന്നു. പുതിയ സർക്കാർ ഈ ഘടന പുനർനിർമ്മിച്ചു. ഒരേസമയം ഈ വാസ്തുവിദ്യാവിസ്മയം തിരക്കേറിയ  ഒരു തീർത്ഥാടനകേന്ദ്രവും ഒരു വിനോദസഞ്ചാരകേന്ദ്രവുമാണിന്ന്. ബുദ്ധപ്രതിഷ്ഠയ്ക്കുമുന്നിൽ കത്തിയെരിഞ്ഞു സുഗന്ധംപരത്തുന്ന ചന്ദനത്തിരികളിൽ ഒരിക്കൽക്കൂടി മനസ്സുകൊരുത്തശേഷം അവിടെനിന്നു മടങ്ങി.


ഇനി ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമായ 'ടെംപിൾ ഓഫ് ലിറ്ററേച്ചർ' ആണ് ലക്ഷ്യമാക്കുന്നത്. തദ്ദേശഭാഷയിൽ  വാൻ മിയോ , ചാവോ ഹാൻ  എന്നൊക്കെയും ഈ ക്ഷേത്രം അറിയപ്പെടുന്നു. സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകനായിരുന്ന കൺഫ്യൂഷ്യസിനും അദ്ദേഹത്തിന്റെ നാല് മികച്ച ശിഷ്യന്മാരായ ഋഷിമാർക്കും മറ്റു  പണ്ഡിതന്മാർക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന വിയറ്റ്നാമിലെ നിരവധി ക്ഷേത്രങ്ങളിൽ ഒന്നാണ് വാൻ മിയു. ചൈനയുടെ സാംസ്കാരികസാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ആദരവു നേടിയിട്ടുള്ളതും രണ്ടായിരത്തിഅഞ്ഞുറുവർഷം ജീവിച്ചിരുന്ന   ഇദ്ദേഹമാണ്. .സഞ്ചാരികൾക്ക് കൺഫ്യുഷ്യസിന്റെ 'യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല, നിർത്താതെ തുടരുക.' എന്ന പ്രചോദനവാക്കുകൾ എന്നും ഊർജ്ജദായകമാണ്.


കൺഫ്യൂഷ്യസിന്റെ ജന്മസ്ഥലമായ ഷാൻഡോങ്ങിലെ കുഫുവിലെ ക്ഷേത്രത്തിന്റേതിന് സമാനമാണ് ക്ഷേത്രത്തിന്റെ രൂപരേഖ . വാൻ തടാകം, ഗിയാം പാർക്ക്, ഇഷ്ടികമതിലിനാൽ ചുറ്റപ്പെട്ട ഉൾഭാഗത്തെ മുറ്റങ്ങൾ എന്നിവയുൾപ്പെടെ 54,000 ചതുരശ്ര മീറ്ററിലധികം (580,000 ചതുരശ്ര അടി) വിസ്തൃതിയുള്ള ക്ഷേത്രമാണിത്  . ഇവിടയുള്ള   നാല് ഉയരമുള്ള തൂണുകളിൽ ഉയർന്നുനിൽക്കുന്ന  ഹ്യു വാൻ  പവലിയൻറെ ചിത്രം  , വിയറ്റ്നാം കറെൻസിയായ ഡോങ് ഒരുലക്ഷത്തിന്റെ നോട്ടിൽ  ആലേഖനം ചെയ്തിട്ടുണ്ട്. വിയറ്റ്നാമിലെ ആദ്യത്തെ ദേശീയ സർവകലാശാലയായ ഈ  ക്ഷേത്രം ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല; വിയറ്റ്നാമിന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രത്തിന്റെ ജീവിക്കുന്ന ഉദാഹരണം തന്നെ. 


മുപ്പതിനായിരം ഡോങ് (ഏകദേശം നൂറു രൂപ.)ആണ് ടിക്കറ്റ് ചാർജ്ജ്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ സന്ദർശകർ മാന്യമായി വസ്ത്രം ധരിക്കണം. ശബ്ദകോലാഹലങ്ങൾ ഒഴിവാക്കുകയുംവേണം.  പരീക്ഷകൾക്കു മുമ്പ് ഉന്നതവിജയം  ലഭിക്കുന്നതിനുള്ള   ഭാഗ്യത്തിനായി പ്രാർത്ഥിക്കാൻ നിരവധി വിദ്യാർത്ഥികൾ ഇവിടെയെത്തുന്നു. ആദ്യകവാടം കടന്നു ചെന്നാൽ വളരെ വിശാലമായൊരു അങ്കണമാണ്. പൊയ്കകളും  വൃക്ഷങ്ങളും പുൽത്തകിടികളും പൂച്ചെടികളുമൊക്കെയുള്ള മനോഹരമായൊരു ഉദ്യാനഭാഗം. ഇവിടെയായിരുന്നത്രേ വിദ്യാർത്ഥികളെ മറ്റുള്ളവരോട് ആദരപൂർവ്വം പെരുമാറാനുള്ള  സാമാന്യമര്യാദകൾ പഠിപ്പിച്ചിരുന്നത്.  പുല്തകിടികൾക്കിടയിലൂടെയുള്ള ഇഷ്ടികപതിപ്പിച്ച നടപ്പാതയിലൂടെ നടന്നു   രണ്ടാമത്തെ കവാടമായ ഗ്രേറ്റ് മിഡിൽ ഗേറ്റിലൂടെ കടന്നുചെല്ലുമ്പോൾ ദി ഗ്രേറ്റ് സെൻട്രൽ കോർട്ട് യാർഡ് എന്നറിയപ്പെടുന്ന  അങ്കണമാണ്. അതുകഴിഞ്ഞെത്തുന്നതാണ് ഹ്യു വാൻ പവലിയൻ. അതുകടന്നെത്തുന്നത് മൂന്നാമത്തെ അങ്കണത്തിലേക്കാണ്. അവിടെ വലിയൊരു കുളവും ചുറ്റും കെട്ടിടങ്ങളും. അവിടെയായിരുന്നു അറിവിന്റെ നിധിശേഖരങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവിടെ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ശിലകൾ ആമയുടെ ശിലാശില്പങ്ങൾക്കു  പുറത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അവരുടെ വിശ്വാസപ്രകാരം അമ്മ  ജ്ഞാനത്തിന്റെയും ദീർഘായുസ്സിന്റെയും പ്രതീകമായ പവിത്രമൃഗമാണ്. 


ഈ അങ്കണം കടന്നാൽ ക്ഷേത്രത്തിന്റെ ഹൃദയഭാഗത്തെത്താം. അവിടെയാണ് പ്രധാനക്ഷേത്രവും ക്ഷേത്രാങ്കണവും. അവിടെയാണ് കൺഫ്യുഷ്യസിന്റെ  പൂർണ്ണകായപ്രതിഷ്ഠ. ഈ അറിവിന്റെ ദേവനെ ആരാധിക്കാൻ തദ്ദേശീയരും അയൽരാജ്യക്കാരും ധാരാളമായി എത്താറുണ്ട്. ആരാധ്യദേവന് അർപ്പിച്ചിരിക്കുന്ന പൂക്കളും  പഴങ്ങളും ധൂപങ്ങളും ഒക്കെ അവിടെക്കാണാം. കൂടാതെ ധാരാളം പണവും നേർച്ചയായി ഭക്തർ  അർപ്പിക്കുന്നു.  അവിടെക്കാണുന്ന ലിഖിതങ്ങൾ ചൈനീസ്ഭാഷയിലാണ്. പതിനേഴാം നൂറ്റാണ്ടുവരെ വിയറ്റ്നാമിൽ ചൈനീസ് ലിപി ഉപയോഗിച്ചിരുന്നു. ശ്രീകോവിലിനു മുന്നിലായി ഇരുവശത്തും  രണ്ടുമീറ്ററിലധികം ഉയരമുള്ള കൊക്കിനെപ്പോലെതോന്നുന്ന  രണ്ടു പക്ഷിപ്രതിമകൾ   കാവലിലെന്നപോലെ നിലകൊള്ളുന്നു. ഈ പക്ഷികളാണത്രേ ഫീനിക്സ് പക്ഷികൾ! എന്റെ സങ്കല്പത്തിലെ ഫീനിക്സ് പക്ഷികൾ പ്രാവിനെപ്പോലെയോ മൈനയെപ്പോലെയോ ഒക്കെയുള്ള വളരെ ചെറിയ പക്ഷിയായിരുന്നു. 


ക്ഷേത്രത്തിനപ്പുറമുള്ള മറ്റൊരു അങ്കണത്തിനു ചുറ്റുമായാണ് പാഠശാലകൾ പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്തെ ഗുരുവര്യന്മാരുടെയും ഇങ്ങനെയൊരു പഠനകേന്ദ്രം സ്ഥാപിക്കാനിടയാക്കിയ ഭരണാധികാരികളുടേയുമൊക്കെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും മറ്റും അവിടെയൊക്കെ അർച്ചനനടത്തുന്നതുകാണാം. തുടക്കത്തിലുണ്ടായിരുന്ന  കെട്ടിടങ്ങളൊക്കെ ജീർണ്ണിച്ചപോയിരുന്നു. ഇപ്പോൾകാണുന്നത് പുനർനിർമ്മിച്ചവയാണ്. എങ്കിലും പഴമയ്ക്കും പാരമ്പര്യത്തിനും യാതൊരു കോട്ടവും വരുത്താതെയാണ് അവയുടെ നിർമ്മാണം. തടിയാണ് നിർമ്മാണത്തിന്റെ മുഖ്യ അസംസ്കൃതവസ്തു. ലോഹംകൊണ്ടുള്ള ആണികളൊന്നും ഉപയോഗിക്കാതെയാണ് മേൽക്കൂരയുടെ ഭാഗങ്ങളൊക്കെ നിർമ്മിച്ചിരിക്കുന്നത്.    നടുമുറ്റം കല്ലുകൾപാകി മനോഹരമാക്കിയിരിക്കുന്നു.  

ഒരു ചെറിയ കവാടത്തിലൂടെയാണ് പുറത്തേക്കു കടക്കേണ്ടത്. സമയമേറെയായി. ഇനി ഉച്ചഭക്ഷണം കഴിക്കണം. 


കിഴക്കനേഷ്യൻ മരതകമണികൾ - 14

 14. ഹോ ചി മിന്റെ നാട്ടിൽ 

==================

ലാവോസിന്റെ തലസ്ഥാനമായ  വിയന്റെയിനിലെ വാട്ടേയ് ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു 7 . 45 നുള്ള VN920 ഫ്ലൈറ്റിലാണ് ഞങ്ങൾ വിയറ്റ്നാമിന്റെ തലസ്ഥാനമായ  ഹാനോയിനഗരത്തിലെ നോയ്‌ബൈ എയർപോർട്ടിൽ വന്നിറങ്ങിയത്. വാട്ടേയ് എയർപോർട്ട് വളരെ  ചെറിയൊരു എയർപോർട്ടായിരുന്നുവെങ്കിൽ  നോയ്‌ബൈ വളരെ  വലുതും ധാരാളം വിമാനങ്ങൾ വന്നുംപോയുമിരിക്കുന്നതുമാണ്. എല്ലാവിധ ആധുനികസൗകര്യങ്ങളുമുണ്ട്. വിയറ്റ്നാമിലേക്കുള്ള ഇ-വിസ നേരത്തെതന്നെ ലഭിച്ചിട്ടുണ്ടായിരുന്നു. അതുകാണിച്ച് മററൗദ്യോഗികനടപടികൾ പൂർത്തിയാക്കിയശേഷം ഞങ്ങൾ പുറത്തുകടന്നപ്പോഴേക്കും ഗൈഡ് ഞങ്ങളെ സ്വീകരിക്കാൻ 'സഞ്ചാരം' എന്ന പ്ലാക്കാർഡുമായി നില്പുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം, പുറത്ത്  ഞങ്ങളെ കാത്തുകിടന്നിരുന്ന ബസ്സിൽ യാത്രയായി. ഇടയ്ക്കൊരു റെസ്റ്ററന്റിൽനിന്നു ഇന്ത്യൻ ഭക്ഷണവും കഴിച്ചശേഷമാണ് താമസമൊരുക്കിയിരിക്കുന്ന ഹോട്ടലിലേക്ക് പോയത്. സമയം നന്നേ  വൈകിയിരുന്നതുകൊണ്ടു വേഗം ഉറങ്ങാൻ കിടന്നു. 


രാവിലെ പ്രഭാതഭക്ഷണം കഴിച്ചശേഷം ഹാനോയിലെ കാഴ്ചകൾക്കുവേണ്ടിയുള്ള യാത്രതുടങ്ങി. രാജ്യത്തിൻറെ വടക്കുഭാഗത്തുള്ള ഒരു നഗരമാണ് രാജ്യതലസ്ഥാനമായ ഹാനോയ്.  ഗൈഡ് തന്റെ രാജ്യത്തെക്കുറിച്ച് തുടക്കത്തിൽത്തന്നെ നല്ലൊരു പ്രസംഗം നടത്തി. ഫ്രഞ്ച് , ജപ്പാൻ , അമേരിക്ക എന്നീ  ശക്തികളൊക്കെ  വിയറ്റ്നാമിനെ കീഴടക്കാൻ ശ്രമിച്ചിരുന്നു.   നീണ്ടകാലത്തെ യുദ്ധങ്ങളുടെയും ദുരിതങ്ങളുടേയുമൊക്കെ വേദനാജനകമായ കഥകൾ. അതൊക്കെ അവർ എത്ര ധീരതയോടെയാണ് നേരിട്ടതെന്നും അതിന് ഹോ ചി മിൻ എന്ന മഹാപുരുഷൻ അവരെ ഗറില്ലാ യുദ്ധത്തിന് സജ്ജമാക്കിയെടുത്തതിനെക്കുറിച്ചും അങ്ങനെ അവർ കരുത്തരായ അമേരിക്കയെവരെ തറപറ്റിച്ച വിജയഗാഥയുമൊക്കെ അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു. 


ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്നു ഹോ ചി മിൻ. ഫ്രഞ്ച് പട്ടാളം മടങ്ങിയെത്തി രാജ്യം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോയുടെ നേതൃത്വത്തില്‍ എട്ടുവര്‍ഷമാണ് അവരോട് ഏറ്റുമുട്ടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബലത്തില്‍ ഹോയുടെ അധികാരത്തിലുള്ള വടക്കന്‍ വിയറ്റ്‌നാമും അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ തെക്കന്‍ വിയറ്റ്‌നാമും പോരിനിറങ്ങിയപ്പോള്‍ ഹോചിമിന്റെ ഉജ്ജ്വലപോരാട്ടം തന്നെയാണ് ജന്മ നാടിനെ തിരിച്ചുപിടിക്കാന്‍ സഹായിച്ചത്. പോരാട്ടത്തിനിടയില്‍ 79-ാം വയസ്സില്‍ അന്തരിച്ചപ്പോഴും ഗറില്ല പോരാളികള്‍ക്കിടയില്‍ ഹോയുടെ സ്വാധീനം അവസാനിച്ചിരുന്നില്ല.


ഹോ ചി മിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. വളരെ രസകരമായാണ് അയാൾ ആ പേരുച്ചരിക്കുന്നത്.  വിയറ്റ്നാമിലെ ഭാഷയ്ക്ക് ലിപി ഇല്ല. ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ചാണ് അവർ എഴുതുന്നത്. പക്‌ഷേ ഉച്ചാരണമനുസരിച്ച് ചില കുനിപ്പുകളും കുത്തും  വരയുമൊക്കെ അതിലുപയോഗിക്കും. ഹോ ചി മിൻ എഴുതുന്നത്   Hồ Chí Minh എന്നാണ് O യുടെ മുകളിലുള്ള കുനിപ്പനുസരിച്ച് ഓ ശബ്ദത്തിനു ആദ്യം ഒരാരോഹണവും പിന്നെ ഒരവരോഹണവും ഉണ്ട്. i യുടെ മുകളിലെ കുനിപ്പനുസരിച്ച് ഒരു ആരോഹണം മാത്രമേയുള്ളു. ഇന്നാട്ടുകാരുടെ  ഉച്ചാരണത്തിൽ ഇതൊക്കെ കൃത്യമായി വന്നിരിക്കും 


ഭൂപടത്തിൽ നോക്കിയാൽ താഴേക്ക് അല്പം വലിച്ചുനീട്ടിയ S പോലെയാണ് വിയറ്റ്നാമിന്റെ ആകൃതി. വടക്കുമുതൽ തെക്കുവരെ 1650 കി മി നീളവും ഏറ്റവും കുറഞ്ഞ വീതി 50 കി മി . മാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥയിൽ വളരെ വൈവിധ്യം ഇവിടെയുണ്ട്.  കംബോഡിയ, ചൈന , ലാവോസ് എന്നീ രാജ്യങ്ങളുമായും   ദക്ഷിണ ചൈനാ കടലുമായും അതിർത്തി പങ്കിടുന്നു. കിഴക്കനതിർത്തി ഏതാണ്ട്  പൂർണ്ണമായും കടൽത്തീരമാണ്.  ഏകദേശം 3,444 കിലോമീറ്റർ നീളമുള്ള തീരപ്രദേശമുണ്ട്   ഇന്ത്യയുടെ പത്തിലൊന്നു വലുപ്പമേ ഈ രാജ്യത്തിനുള്ളു. ഇവരുടെ ദേശീയപുഷ്പം താമരയാണ്. കേരളവുമായും ചില സാമ്യങ്ങൾ  വിയറ്റ്നാമിനുണ്ട്.      ലാവോസിനെപ്പോലെ ഇതും ഒരു കമ്മ്യുണിസ്റ്റ് രാജ്യമാണ്.  ഭൂപ്രകൃതിയും ഏകദേശം കേരളംപോലെതന്നെ.  മറ്റൊരു സാമ്യം ഐതിഹ്യപരമായി  അവരുടെ തേത് (Tet) എന്ന ദേശീയോത്സവവും നമ്മുടെ ഓണവും തമ്മിലുള്ളതാണ്. 


ആ കഥ ഇങ്ങനെ:-


പണ്ടുപണ്ട്, വിയറ്റ് രാജ്യം  സർവ്വൈശ്വര്യത്തിലും സമ്പത്സമൃദ്ധിയിലും കളിയാടിയിരുന്നൊരുകാലം. ജനങ്ങളൊക്കെ വളരെ സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞുകൂടിയിരുന്നു. അങ്ങനെയിരിക്കെ മാരാ എന്നുപേരുള്ള 

ഒരു ദുർദ്ദേവത  ജനങ്ങളെ പലവിധത്തിൽ ദ്രോഹിക്കാൻതുടങ്ങി. തന്ത്രശാലിയും ദുഷ്ടബുദ്ധിയുമായ  അവൾക്കെതിരെ ഒന്നുംചെയ്യാൻ രാജാവിനും സൈന്യത്തിനും കഴിഞ്ഞതുമില്ല. സഹികെട്ട ജനങ്ങൾ ബുദ്ധനോട് പരാതിപറയുകയും രക്ഷയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ജനങ്ങളുടെ ദുരിതങ്ങൾ ബുദ്ധനെ വളരെ ദുഃഖിതനാക്കി. അദ്ദേഹം മാരായെക്കണ്ടു സംസാരിച്ച് ഈ പ്രശ്നത്തിനൊരു പരിഹാരം കാണാൻതന്നെ തീരുമാനിച്ചു. 


അദ്ദേഹം അവളോട് ഇപ്രകാരം പറഞ്ഞു. 


"ഹേ മാരാ, നിനക്ക് ഞങ്ങളുടെ രാജ്യം സ്വന്തമായെടുക്കാം, അവിടെ നിനക്കിഷ്ടമുള്ളതു ചെയ്യാം. പക്ഷേ അതിൽ ഒരുതുണ്ടു ഭൂമി   അതിരുതിരിച്ച് ഞങ്ങൾക്കായിത്തരണം. അവിടെ ഞങ്ങൾ സ്വസ്ഥമായി കഴിഞ്ഞുകൊള്ളാം. അവിടെ ഞങ്ങളെ  നീ ശല്യംചെയ്യാൻ വരരുത്."


"എത്ര സ്ഥലം വേണം നിങ്ങൾക്ക്?" മാരാ ചോദിച്ചു. 


"എന്റെ കുപ്പായം വിരിച്ചിട്ടാൽ കിട്ടുന്ന അത്രയും" ബുദ്ധൻ പറഞ്ഞു. 


ഒരു കുപ്പായം കിടക്കുന്ന സ്ഥലമല്ലേയുള്ളൂ, അത് കൊടുത്തേക്കാമെന്നു മാരാ വിചാരിച്ചു. അവൾ സമ്മതംമൂളി.  


ബുദ്ധൻ തന്റെ കുപ്പായം വിരിച്ചിട്ടു.  വിരിക്കുംതോറും അതിങ്ങനെ വലുതായി വലുതായി രാജ്യമാകെ വ്യാപിച്ചു. മനുഷ്യരും മൃഗങ്ങളും പാർപ്പിടങ്ങളും കൃഷിസ്ഥലങ്ങളുമെല്ലാം ബുദ്ധന്റെ കുപ്പായത്തിന്റെ സംരക്ഷണകവചത്തിലായി. ഇതുകണ്ട് മാരാ ഭയന്നുവിറച്ചു. അവൾ എവിടേക്കോ ഓടിമറഞ്ഞു. 


ഇതൊക്കെ കണ്ടുനിന്നിരുന്ന എല്ലാവരോടും തങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു മുള നട്ടുവളർത്താൻ ബുദ്ധൻ ഉപദേശം നൽകി.  എല്ലാ  വർഷാരംഭത്തിലും  ഈ മുളയിൽ ഒരു മഞ്ഞക്കുപ്പായം തൂക്കിയിടാനും അദ്ദേഹം അവരോടാവശ്യപ്പെട്ടു. എപ്പോഴെങ്കിലും മാരാ മടങ്ങിവന്നാൽ ഇത് ബുദ്ധന്റെ മണ്ണാണെന്നു അവൾക്കു ഈ കുപ്പായം ഓർമ്മപ്പെടുത്തിക്കൊടുക്കുമല്ലോ. 


നമ്മുടെ മഹാബലിയുടെയും വാമനന്റെയും കഥയുമായി ഈ കഥയ്ക്കും എന്തൊക്കെയോ   സാമ്യം തോന്നുന്നില്ലേ !

കിഴക്കനേഷ്യൻ മരതകമണികൾ - 13

 

13.ലാവോസിനോട് വിട 


================


ഇന്ന് ഫെബ്രുവരിമാസം 18 )൦ തീയതി. ഒരുപാടു പ്രത്യേകതകളുള്ള  ലാവോസ് എന്ന കൊച്ചുരാജ്യത്ത് മൂന്നാം ദിവസം .  യുനെസ്‌കോയുടെ  ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയ  ലുവാങ് പ്രബാങ് എന്ന ചരിത്രനഗരത്തോടു യാത്രാമൊഴിചൊല്ലി ഞങ്ങൾ രാജ്യതലസ്ഥാനമായ, ഏറ്റവും വലിയ നഗരവുമായ വിയന്റിയനിലേക്കാണ് ആദ്യം പോകുന്നത്. (വിയങ്ചാൻ എന്നാണ് ലാവോസ് ഭാഷയിൽ നഗരത്തെ വിളിക്കുന്നത്.  'ചന്ദ്രന്റെ നഗരം' എന്നാണ് ലാവോയിൽ വിയങ്ചാന് അർത്ഥം. അത്  ഫ്രഞ്ചുകാർ വിയന്റിയൻ എന്ന് റോമനീകരിച്ചു.) ലവോഷിയൻ ഇതിഹാസമായ ഫ്രാലക് ഫ്രാലം അനുസരിച്ച് തഥാരദ്ധരാജകുമാരനാണ് നഗരം സ്ഥാപിച്ചത്. അന്ന് 'ചന്ദ്രബൂലി സി സത്തനാക്' എന്നായിരുന്നത്രെ നാമകരണം ചെയ്യപ്പെട്ടത്. 


  പ്രഭാതഭക്ഷണമൊക്കെക്കഴിഞ്ഞ് 9 മണിയായപ്പോൾ ലുവാങ് പ്രബാങിൽ ഞങ്ങൾക്ക് താമസമൊരുക്കിയ  മാന്യോ ഹോട്ടലിൽനിന്ന് യാത്രയായി. റെയിൽവെ സ്റ്റേഷനിലേക്കാണ് പോകുന്നത്. പത്തുകിലോമീറ്ററിലധികം ദൂരമുണ്ട്  അവിടേക്ക്. അവിടെനിന്നു 10 . 31 നുള്ള ഒരു ഹൈ സ്പീഡ് ട്രെയിനിൽ   വിയന്റിയനിലേക്ക്. ഒമ്പതരയായപ്പോൾ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി. ഞങ്ങളെ ഇവിടെയെത്തിച്ച വാൻ ഡ്രൈവറോട് യാത്രപറഞ്ഞു. 


റെയിൽവേസ്റ്റേഷൻ എയർപോർട്ടിനേക്കാൾ വലുതായിരുന്നു. കുറെയധികം പടിക്കെട്ടുകൾ  കയറിവേണം പ്രധാനകെട്ടിടത്തിലെത്താൻ. ലഗേജുമായി അത് ബുദ്ധിമുട്ടാകുന്നതുകൊണ്ടു ഞങ്ങൾ ലിഫ്റ്റിൽ കയറി മുകളിലെത്തി. സെക്യൂരിറ്റി ചെക്കിനുശേഷമേ അകത്തേക്ക് കയറാൻ കഴിയൂ. പാസ്‌പോർട്ടും ടിക്കറ്റും ഒക്കെ പരിശോധിച്ച് അകത്തേക്ക് കടത്തിവിട്ടു. പിന്നീടാണ് ബാഗേജ് ചെക്ക്. അതിൽ, പെട്ടിയിലുണ്ടായിരുന്ന  ഒരു മദ്യക്കുപ്പി എടുത്തു. അതുകൊണ്ടുപോകാൻ കഴിയില്ലെന്ന് ഒരുദ്യോഗസ്ഥൻ പറഞ്ഞു. കാരണം അത് സീൽ പൊട്ടിച്ചിരുന്നത്രേ! ബാക്കി മൂന്നെണ്ണം കൊണ്ടുപോകാൻ അനുവദിച്ചു. പെട്ടിയിൽ ഉണ്ടായിരുന്ന  ഒരു ചെറിയ കത്തിയും സാനിറ്റൈസർ കുപ്പിയും അവർ എടുത്തുകളഞ്ഞു. അങ്ങനെ റെയിൽവേസ്റ്റേഷന്റെ ഉള്ളിൽ കടന്നു. 


സഹയാത്രികരിൽ ഒരാളുടെ പാസ്‌പോർട്ടിൽ എന്തോ പിഴവുണ്ടായിരുന്നതുകൊണ്ടു കുറച്ചുനേരം അവരെ പുറത്തുതന്നെ ഇരുത്തി. വളരെ സമയമെടുത്തു അതു പരിഹരിക്കാൻ.


കൃത്യസമയം പാലിച്ച് ട്രെയിൻ എത്തി. ഞങ്ങൾ അകത്തുകയറി. സുന്ദരമായ ട്രെയിൻ. സീറ്റുകളും മനോഹരം. നല്ല  തിരക്കുമുണ്ട്.    വാതിലിനടുത്താണ് ലഗ്ഗേജ് വയ്ക്കാനുള്ള റാക്കുകൾ.   പക്ഷേ എല്ലാവരുടെയും ലഗ്ഗേജ് വയ്ക്കാനുള്ള സ്ഥലമുണ്ടായിരുന്നില്ല. സീറ്റുകൾക്കിടയിലും ഇടനാഴിയിലുമൊക്കെയായി വെച്ചാണ് അതിനൊരു പരിഹാരം കണ്ടത്. സീറ്റ് നമ്പർ അനുസരിച്ച്  എല്ലാവരും ഇരുന്നു. കൃത്യം 10 . 31 തന്നെ ട്രെയിൻ ഓടിത്തുടങ്ങി. 311 കിലോമീറ്റർ ദൂരമുണ്ട്  വിയന്റിയനിലേക്ക്. ഹൈസ്പീഡ് ട്രെയിൻ ആയതുകൊണ്ട് രണ്ടുമണിക്കൂർ മതി ഈ ദൂരംതാണ്ടാൻ. സാധാരണ ട്രെയിൻ ആണെങ്കിൽ എട്ടുമണിക്കൂറിലധികമെടുക്കും. 


മലകൾക്കിടയിലൂടെയാണ് ട്രെയിൻ ഓടിക്കൊണ്ടിരുന്നത്. ഇടയ്ക്കിടെ വലിയ ടണലുകളിൽക്കൂടിയാണ് യാത്ര. കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളുമൊക്കെ ഇടയ്ക്കു കാഴ്ചയിലെത്തുന്നുണ്ട്. ചിലഭാഗത്ത് മലകളിൽ ഇടതൂർന്ന വനങ്ങളാണ്.ലാവോസിന്റെ ഭൂവിസ്തൃതിയിൽ  ഏകദേശം  60% വനങ്ങളാണ്. വലിയ പാറക്കെട്ടുകളും കാണാം. ഈ പാറകളിലൊക്കെ ധാരാളം ഗുഹകളുമുണ്ട്. 'ഒരു ദശലക്ഷം ഗുഹകളുടെ നാട്' എന്നൊരു വിളിപ്പേരും ലാവോസിനുണ്ട്. മറ്റൊരു വിളിപ്പേര്  'ഒരു ദശലക്ഷം ആനകളുടെ നാട്' എന്നാണ്. ലാവോസിന്റെ ദേശീയമൃഗവും ഏഷ്യൻ ആനയാണ്.  കുറേദൂരം ഇങ്ങനെപോയശേഷം പിന്നെ നിരപ്പുള്ള ഭൂഭാഗമായി. ധാരാളം നെൽപ്പാടങ്ങളും മറ്റുകൃഷിസ്ഥലങ്ങളുമൊക്കെ കാഴ്ച്ചയിൽ വന്നുകൊണ്ടിരുന്നു. അരിയാണ് ഇവിടുത്തെ പ്രധാനാഹാരം .ലാവോസിലെ ഓരോ വ്യക്തിയും പ്രതിവർഷം ഏകദേശം 170 കിലോഗ്രാമോളം  സ്റ്റിക്കി റൈസ് കഴിക്കുന്നു എന്ന് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു. 'ചോറ് കഴിച്ചോ?' എന്നാണ് ഇവിടുത്തുകാർ പരസ്പരം കണ്ടുമുട്ടുമ്പോൾ ലോഹ്യംചോദിക്കാറ്.


  ഇതിനിടയിൽ ഏതാനും  ചില സ്റ്റേഷനുകളും കടന്നുപോയി. ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു. ഒരുസ്റ്റേഷനിൽ ഞങ്ങളുടെ സംഘമൊഴികെ  എല്ലാവരും  ഇറങ്ങി. അധികംതാമസിയാതെ ഞങ്ങൾ വിയന്റിയനിലെത്തി. വിയന്റിയൻ റെയിൽവേ സ്റ്റേഷൻ ആധുനികസംവിധാനങ്ങളൊക്കെയുള്ള വലിയൊരു സ്റ്റേഷനാണ്. ചൈനീസ് വാസ്തുശൈലിയിൽ ലാവോഷ്യൻ രീതികൾ സമന്വയിപ്പിച്ചുള്ള നിർമ്മാണമാണ് സ്റ്റേഷൻകെട്ടിടസമുച്ചയം. മൂന്നു പ്ലാറ്റുഫോമുകളിലായി അഞ്ചുട്രാക്കുകൾ ഉണ്ട്. 2500 പേരെ ഉൾക്കൊള്ളാനാകുന്ന ഒരു വലിയ സ്റ്റേഷൻ ഹാളും ഇവിടെയുണ്ട്.   2021 ഡിസംബർ മാസത്തിൽ പ്രവർത്തനരംഭിച്ച 'ലാവോസ് - ചൈന റയിൽവേ'യുടെ സതേൺ ടെർമിനസ് ആണിത്. ചൈന മുൻകൈയെടുത്തു നടപ്പാക്കിയ റെയിൽവേലൈനാണിത്. കടൽതീരമില്ലാത്ത രാജ്യമായതുകൊണ്ടു ലാവോസിനു വിദേശരാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇതിനൊരു പരിഹാരമായിക്കൂടെയാണ് ഈ  റെയിൽവേ നടപ്പാക്കാൻ ചൈന സന്നദ്ധമായത്. ഈ റെയിൽവേയുടെ  ലാവോസിലെ ഭാഗം ബോട്ടൻ- വിയന്റിയൻ റെയിൽവേ എന്നറിയപ്പെടുന്നു. 




വിയന്റിയനിൽ ഞങ്ങൾക്കു ചെലവഴിക്കാൻ അധികസമയമില്ല. ലാവോസ് എന്ന സുന്ദരരാജ്യത്തെ ഓർമ്മത്താളുകളിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തി ഇന്നുതന്നെ വിയറ്റ്നാം എന്ന അടുത്ത ലക്ഷ്യത്തിലേക്ക് പറക്കേണ്ടതുണ്ട്. എങ്കിലും പ്രധാനപ്പെട്ട ചില ചരിത്രസ്മാരകങ്ങളും ലാവോസിന്റെ സമകാലികമായ അടയാളപ്പെടുത്തലുകളുടെ ചില ആധുനികനിർമ്മിതികളെയുമൊക്കെ തിടുക്കത്തിലൊന്നു നോക്കിക്കാണണം. ഉച്ചയ്ക്ക് ഒരുമണികഴിഞ്ഞു  സമയം. അതുകൊണ്ടു ഉച്ചഭക്ഷണം കഴിക്കാൻ 'ഡൽഹി ഡർബാർ' എന്നുപേരുള്ള ഒരു ഇന്ത്യൻ റെസ്റ്ററന്റിലേക്കാണ് ആദ്യം പോയത്. ഭക്ഷണമൊക്കെ നന്നായിരുന്നെങ്കിലും ഒരുകാര്യം തീരെ ഇഷ്ടമായില്ല. അവിടെ വാഷ് ഏരിയായിൽ  കൈ കഴുകാനുള്ള വാഷ് ബേസിനും ക്ലോസറ്റും അടുത്തടുത്ത് സെറ്റ് ചെയ്തിരിക്കുന്നു. രണ്ടിനുംകൂടി ഈ ഒരിടം മാത്രം! അത് ജുഗുപ്സാവഹം എന്നേ പറയേണ്ടൂ. 




ഉച്ചഭക്ഷണം കഴിഞ്ഞശേഷം ആദ്യം പോയത്  'ഫാ താത് ലുവാങ്' എന്നൊരു ക്ഷേത്രത്തിലേക്കാണ് . വിയന്റിയൻ നഗരത്തിന്റെ കേന്ദ്രഭാഗത്തു സ്ഥിതിചെയ്യുന്ന, സ്വർണ്ണനിറത്തിലുള്ള  ഈ ബൃഹത്തായ ക്ഷേത്രം ലാവോസിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ സ്മാരകമായി പൊതുവെ കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്രം  ദേശീയചിഹ്നത്തിലും  ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സ്വർണ്ണനിറത്തിലുള്ള ഈ ക്ഷേത്രത്തിൽ ശ്രീബുദ്ധന്റെ ഉരാസ്ഥിയുടെ  ഒരു ഭാഗം സൂക്ഷിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അശോകചക്രവർത്തിയാണത്രേ അതിവിടെ എത്തിച്ചത്! ക്രിസ്തുവിനുമുമ്പ് മൂന്നാം നൂറ്റാണ്ടിൽ ആണ് ഈ ക്ഷേത്രം ആദ്യമായി  നിർമ്മിച്ചതെങ്കിലും പതിമൂന്നാം നൂറ്റാണ്ടിൽ ഒരു  ഖമർ ക്ഷേത്രമായി പുനർനിമ്മാണം നടക്കുകയുണ്ടായി. പക്ഷേ അത് കാലംകടന്നപ്പോൾ നാശോന്മുഖമായി. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ സിദ്ധാതിരധ് രാജാവ് തന്റെ തലസ്ഥാനം ലുവാങ് പ്രബാങിൽ നിന്ന് വിയെന്റെയിനിലേക്ക് മാറ്റിസ്ഥാപിക്കുകയും 'ഫാ താത് ലുവാങ് വീഥി'യുടെ ഒരറ്റത്തായി പുതിയ ക്ഷേത്രം സ്ഥാപിക്കുമായുമുണ്ടായി. ധാരാളം സ്വർണ്ണം ഉപയോഗിച്ചിരുന്നതുകൊണ്ടു  വീണ്ടും പലപ്പോഴായി വിദേശശക്തികൾ ക്ഷേത്രം ആക്രമിച്ചുകൊള്ളയടിക്കുകയും  കേടുപാടുകൾ വരുത്തുകയും ചെയ്തു. ഇന്ന് കാണുന്നരീതിയിൽ ഇത് നിർമ്മിക്കപ്പെട്ടത് രണ്ടാം ലോകമഹയുദ്ധത്തിനു ശേഷമാണ്. പൂർണ്ണമായും സ്വർണ്ണവർണ്ണത്തിലാണെങ്കിലും ഗോപുരഗ്രഭാഗം മാത്രമേ  സ്വർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ളു. അസ്ഥിവാരം  69mX68m അളവിലും ഗോപുരഗ്രാം വരെയുള്ള ഉയരം 45 മീറ്ററുമാണ് .  ക്ഷേത്രവും പരിസരവും മനസ്സിൽനിന്ന് മായാത്തവിധം  അതിമനോഹരമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്.  


ഈ സുന്ദരമായ സ്വർണ്ണസൗധത്തോടു  വിടപറഞ്ഞു വീണ്ടും യാത്രതുടങ്ങി. ബസ്സ് ഓടുന്നവഴിയിൽ  പ്രധാനമന്ത്രിയുടെ ഓഫീസും പാർലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ വാസഗൃഹവും ഒക്കെ കണ്ടിരുന്നു. അതു നിന്നത് 'പട്ടു സായി സ്മാരകം' എന്ന   ഒരു യുദ്ധസ്മാരകത്തിന്റെ മുമ്പിലാണ്. വിജയകവാടം എന്നും ഇതറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിലും ഫ്രഞ്ചുഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും ജീവഹാനിവന്ന ധീരയോദ്ധാക്കളുടെ ദീപ്തസ്മരണയ്ക്കായി നിർമ്മിച്ചതാണ് ഈ സ്മാരകം.  1950-കളിൽ, അമേരിക്ക ലാവോസിന് നഗരത്തിലെ വിമാനത്താവളത്തിന്റെ വികസനത്തിനായി ഫണ്ടുകളും വലിയൊരു അളവിലുള്ള സിമന്റും നൽകി. വിയറ്റ്നാം യുദ്ധസമയത്ത് യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളമായി ഇത് ഉപയോഗിക്കാമായിരുന്നു. എന്നാൽ കരാർ ഒപ്പിടുന്നതിന് മുമ്പ് ഫണ്ടുകളും കോൺക്രീറ്റും എത്തി, അതിനാൽ വിദേശ താൽപ്പര്യങ്ങൾക്കായി ഒരു വിമാനത്താവളം നിർമ്മിക്കുന്നതിനുപകരം, ഒരു വലിയ വിജയകമാനം നിർമ്മിക്കാൻ റോയൽ ലാവോഷ്യൻ സർക്കാർ തീരുമാനിച്ചു. സ്മാരകത്തിന് പൂർണ്ണതയുണ്ടോ എന്നൊന്നും  മനസ്സിലാകുന്നില്ല. പാരീസിലെ ആർക്ക് ഡി ട്രയോംഫിനോട് സാമ്യമുള്ളതിനാൽ ഇത് വിയന്റിയാനിലെ ആർക്ക് ഡി ട്രയോംഫ് എന്നും അറിയപ്പെടുന്നു. പക്ഷേ  അലങ്കാരപ്പണികളൊക്കെ  നടത്തിയിരിക്കുന്നത് ലാവോഷ്യൻ കലാരീതികളിലാണ്. ഹിന്ദുദൈവങ്ങളുടെയൊക്കെ ചിത്രങ്ങളും റിലീഫ് വർക്കുകളും ധാരാളമായുണ്ട്.  സ്മാരകത്തിന്,  ഞങ്ങൾ കാണുമ്പോഴുള്ള അവസ്ഥ അത്ര നല്ലതായിരുന്നില്ല. പായൽപിടിച്ച് കറുത്ത് വൃത്തിഹീനമായിത്തോന്നി. 


പിന്നീട്  പോയത് 'വാറ്റ് സീ മുവാങ്' എന്ന ബുദ്ധക്ഷേത്രത്തിലേക്കാണ്. വിയൻടിയാന്റെ മാതൃക്ഷേത്രമെന്നും ഇതറിയപ്പെടുന്നു.  ഐതിഹ്യമനുസരിച്ച്, 1563-ൽ ക്ഷേത്രം നിർമ്മിക്കുമ്പോൾ  കേന്ദ്രസ്‌തംഭം സ്ഥാപിക്കാനുള്ള തടമെടുക്കവേ  അറിയാതെ ഒരു നീരുറവയ്ക്കുമേൽ ആയുധപ്രഹരമേല്പിക്കുകയും ജലം അനിയന്ത്രിതമായി മുകളിലേക്കുയർന്നുപൊങ്ങിയൊഴുകിയത്രേ ! . എത്ര ശ്രമിച്ചിട്ടും  ആ ജലപ്രവാഹം തടുക്കാൻ ആർക്കും കഴിഞ്ഞില്ല.    പ്രകൃതിദേവതയുടെ കോപംമൂലമാണിതെന്നു മനസ്സിലാക്കി  സി മുവാങ് എന്ന ഒരു ഗർഭിണിയായ സ്ത്രീ ദേവപ്രീതിക്കായി ആത്മത്യാഗം ചെയ്യാൻ തയ്യാറായി! അവൾ ആ ഗർത്തത്തിലിറങ്ങി അതിലിരിക്കുകയും നൂറുദിവസത്തിനുശേഷം ജലമൊഴുക്ക് നിശ്ശേഷം ഇല്ലാതാവുകയും ക്ഷേത്രത്തിന്റെ പ്രധാനസ്തംഭം അതിനുമുകളിൽ സ്ഥാപിക്കുകയും ചെയ്തു. ഈ ക്ഷേത്രം ആ സ്ത്രീയുടെ പേരിലാണിന്ന് അറിയപ്പെടുന്നത്. പ്രകൃതിശക്തികളെ വിശ്വസിക്കുന്ന അനിമിസ്ററ് വിശ്വാസം തേരവാദ ബുദ്ധിസവുമായി എത്രത്തോളം  ഇഴുകിചേർന്നുനിൽക്കുന്നു എന്നത്  ഈ ക്ഷേത്രം സാക്ഷ്യപ്പെടുത്തുന്നു. 


മാന്യമായ വസ്ത്രധാരണവും അച്ചടക്കമുള്ള പെരുമാറ്റവും ഈ ക്ഷേത്രദർശനത്തിനു ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്.തൊപ്പിയോ ശിരോവസ്ത്രമോ പാടില്ല.  രണ്ട് ഹെക്ടറിലധികം വിസ്തൃതിയുള്ള  സി മുവാങ് ക്ഷേത്ര സമുച്ചയത്തിൽ ബുദ്ധമതാരാധനയ്ക്കുള്ള ഒരു പ്രധാന ഹാളും സി മുവാങ്ങിനെ ആരാധിക്കുന്നതിനുള്ള ഒരു സ്ഥലവും ഉൾപ്പെടുന്നു. ധാരാളം ശില്പങ്ങളും കൊത്തുപണികളുംകൊണ്ടലങ്കരിച്ചിരിക്കുന്ന ചുറ്റുമതിലും പടിപ്പുരയും കടന്നുചെന്നാൽ മരച്ചുവട്ടിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വലിയ ബുദ്ധപ്രതിമയും  ചുറ്റുപാടുമുള്ള പലരൂങ്ങളിലെ പ്രതിമകളുമാണ് കണ്ണിൽപ്പെടുക. പക്ഷികളുടെയും മൃഗങ്ങളുടയുമൊക്കെ മുഖങ്ങളുള്ള മനുഷ്യന്റെ ഉടലുമുള്ള വർണ്ണശബളമായ കുറേ വലിയ  പ്രതിമകൾ ഉണ്ട്. അതൊക്കെ എന്താണെന്നൊന്നും മനസ്സിലായില്ല. പൂർണ്ണകുംഭവുമായിരിക്കുന്ന ബുദ്ധനും  അതിനടുത്തായുള്ള സീ മുവാങ്ങിന്റെ പ്രതിമയുമൊക്കെ വളരെ മനോഹരമാണ്.  ബുദ്ധനയച്ചിരിക്കുന്ന സംരക്ഷകരായ  രണ്ടു ദിവ്യഹംസങ്ങളുടെയും സാന്നിധ്യം ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു. 




പ്രധാന ക്ഷേത്രത്തിൽ രണ്ട് ഹാളുകളുണ്ട്. ആദ്യത്തേത് ചെറുതും ലാളിത്യമുള്ള നിർമ്മാണശൈലിയിലുള്ളതുമാണ്.  ബുദ്ധസന്യാസിമാർ അനുഗ്രഹം നൽകുന്നത് അവിടെയാണ്. മന്ത്രംചൊല്ലിയ ഒരു ചരട് അവർ കൈയിൽ കെട്ടിത്തരികയും ചെയ്യും. എന്തെങ്കിലും ഒരാഗ്രഹം  സാധിക്കണമെങ്കിൽ ഇവിടെവന്ന് ഒരുകാര്യം ചെയ്യാനുള്ള ദൃഢനിശ്ചയം  എടുത്ത് അത് നടപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥിച്ചാൽ അത് നടക്കുമെന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം . 




പിന്നിലുള്ള വലിയ ഹാളിൽ  ആരാധകർ വഴിപാടുകൾ അർപ്പിക്കുന്ന ഒരു അലങ്കരിച്ച ബലിപീഠമുണ്ട്. ധാരാളം ബുദ്ധപ്രതിമകളുള്ള  ഈ ബലിപീഠമാകട്ടെ നിലത്തുറച്ചിരിക്കുന്ന രണ്ടു ശിലകളുടെ (മാതൃ-പിതൃ സ്തംഭങ്ങൾ)മേൽ സ്ഥാപിച്ചിരിക്കുന്ന  ശിലാഖണ്ഡത്തിനു ചുറ്റുമാണ്. ഇത് ശിവലിംഗമാണെന്നാണ് ഗൈഡ് പറഞ്ഞത്. പക്ഷേ നമ്മുടെ ശിവലിംഗം പോലെയല്ല, പണ്ടൊക്കെ നാട്ടിൽ ഉണ്ടായിരുന്ന മൈൽകുറ്റിയുടെ ആകൃതിയിലാണ്. ഒരു ശുഭ്രവസ്ത്രം അതിൽ ചുറ്റിയിട്ടുമുണ്ട്. തകർന്നടിഞ്ഞ  പഴയൊരു ഖമർഗോത്രക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുടെ മുകളിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഒരുഭാഗത്ത്  കല്ലുകളും മറ്റും കൂടിക്കിടക്കുന്നതും കാണാം.  അതിസൂക്ഷ്മവും വളരെ  പൂർണ്ണതയുള്ളതും അതിസുന്ദരവുമാണ് ഖമർ-ലാവോസ് വാസ്തുശൈലിയിൽ രൂപംകൊടുത്തിരിക്കുന്ന  ക്ഷേത്രത്തിലെ ഓരോ അലങ്കാരപ്പണികളും. സ്വർണ്ണവർണ്ണത്തിനാണ് കൂടുതൽ പ്രാമുഖ്യം. കല്ലും മരവുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെങ്കിലും അലങ്കാരപ്പണികൾക്ക് സ്വർണ്ണവും മറ്റുലോഹങ്ങളുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. ശ്രീബുദ്ധന്റേയും മിക്കഹിന്ദുദൈവങ്ങളുടെയൊക്കെ ധാരാളം വിഗ്രഹങ്ങളുണ്ട്. ആദ്യം ഹിന്ദുക്ഷേത്രമായിരുന്നെന്നും പിന്നീട് ബുദ്ധക്ഷേത്രമാക്കിയെന്നും പറയപ്പെടുന്നു. ചുറ്റുപാടുകളിലായി വിവിധതരത്തിലെ വൃക്ഷങ്ങളും ചെടികളുമൊക്കെയുണ്ട്. പുറത്തേക്കുള്ള വഴിയോരത്ത് പൂത്തുനിൽക്കുന്ന ഒരു  ഒരു നാഗലിംഗമരം കണ്ടപ്പോൾ ഗൈഡ് പറഞ്ഞു ലുംബിനിയെന്ന കാട്ടിൽ മായാദേവി ബുദ്ധനെ പ്രസവിച്ചത് ഈ മരത്തിന്റെ ചുവട്ടിൽവെച്ചായിരുന്നുവെന്നാണ് വിശ്വാസമെന്ന്. അതിനാൽ ഈ മരത്തിനു ബുദ്ധമതത്തിൽ വളരെ പ്രാധാന്യമുണ്ടത്രേ!  ശ്രീലങ്ക സന്ദർശിച്ച  വേളയിൽ അവിടെയും ബുദ്ധക്ഷേത്രങ്ങളോടുചേർന്നു ഈ വൃക്ഷം കണ്ടിരുന്നു. 


ഇനിയും ഇവിടെ ചെലവഴിക്കാൻ സമയം അനുവദിക്കുമായിരുന്നില്ല. അതിനാൽ ഈ കൊച്ചുസുന്ദരമായ രാജ്യത്തോട് വിടപറഞ്ഞു  വിയറ്റ്നാമിലേക്കു  പറക്കാൻ ഞങ്ങൾ എയർപേട്ടിലേക്ക്  യാത്രയായി 


കിഴക്കനേഷ്യൻ മരതകമണികൾ - 12


12. കുവാങ് സീ ജലപാതം 

==================

തോണിയാത്ര തുടരുകയാണ്. കാഴ്ചകൾ  ബാക്കിയുണ്ട്. ഇനി പോകുന്നത് തികച്ചും വിസ്മയകരമായ മറ്റൊരു ദൃശ്യാനുഭവത്തിലേക്കാണ്. കുവാങ് സീ  എന്നറിയപ്പെടുന്ന ഒരു ജലപാതശൃംഖലയും അതിനോടുചേർന്നുള്ള ഒരു കരടിപരിത്രാണനകേന്ദ്രവും.  കുവാങ് സീ, വനത്തിനുള്ളിൽ  വളരെ ഉയരത്തിൽനിന്നു താഴേക്കുപതിച്ച്, കളകളംപാടി  പല തട്ടുകളായി ഒഴുകി ഇടയിൽ പൊയ്കകളും ചാലുകളും സൃഷ്ടിച്ച്  അതിസുന്ദരമായൊരു ദൃശ്യവിരുന്നൊരുക്കി കാത്തിരിക്കുകയാണ്. ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ അമ്പതു വെള്ളച്ചാട്ടങ്ങളുടെ പട്ടികനോക്കിയാൽ അതിലൊന്നു കുവാങ് സീ ആയിരിക്കും. ടട് കുവാങ് സീ  എന്നതിന് "The Falls of the Golden Deer" എന്നാണ് ഇംഗ്ലീഷ്  പരിഭാഷ. ഈ പേരിനുപിന്നിൽ ഒരു കഥയുമുണ്ട്.  പണ്ടെന്നോ  നാട്ടിൽ കഠിനമായ  വരൾച്ച ജനങ്ങളെ വല്ലാതെ വലച്ചപ്പോൾ ജ്ഞാനിയായ  ഒരു വൃദ്ധൻ ഈ സ്ഥലത്ത്  ജലസ്രോതസ്സ് ഉണ്ടാകുമെന്നു കണ്ടെത്തുകയും അവിടം കുഴിച്ച് നീരൊഴുക്കുണ്ടാക്കുകയും ചെയ്തത്രേ! അക്കാലത്ത് ഐതിഹ്യകഥകളിലൊക്കെ പ്രചാരത്തിലുണ്ടായിരുന്ന ഒരു സ്വർണ്ണമാൻ  ഈ നീരൊഴുക്കിന്റെ വശ്യഭംഗിയിൽ മനംമയങ്ങി പാറകൾക്കിടയിൽ കൂടുകൂട്ടിയെന്നാണ് വിശ്വാസം. 


ബോട്ട് യാത്രകഴിഞ്ഞു കുറേദൂരം റോഡുയാത്രകൂടി  ചെയ്തിട്ടാണ് കുവാങ് സീയുടെ പരിസരത്തുള്ള പാർക്കിംഗ് ഏരിയായിൽ  എത്തുന്നത്. അവിടെയുള്ള ടിക്കറ്റ് കൗണ്ടെരിൽനിന്നു എടുത്ത  ടിക്കറ്റ്  എൻട്രി ഗേറ്റിൽ കാണിച്ചാൽ അവർ നമുക്ക് ഒരു വാഹനം കാട്ടിത്തരും. ഈ ഇലക്ട്രിക്ക് വെഹിക്കിളിൽ കുവാങ് സീയുടെ പ്രവേശനകവാടംവരെ പോകാം. വിദേശികൾക്ക് 60000 കിപ്പ് ആണ് ടിക്കറ്റ് ചാർജ്ജ്. ഇവിടെയൊക്കെ ഭക്ഷണസാധനങ്ങൾ വിൽക്കുന്നവരെയും മറ്റു  കടകളുമൊക്കെ ധാരാളമായി കാണാം. ശുചിമുറിസൗകര്യങ്ങളുമുണ്ട്.   ഇനി  ഒരു ഗഹനകാന്തരത്തിലേക്കു കടക്കുകയായി. നടക്കാൻ ബുദ്ധിമുട്ടുള്ളവരെ മലയുടെ മുകൾഭാഗംവരെ ഈ വാഹനത്തിൽ എത്തിക്കും. ഞങ്ങൾ നടന്നുകയറാനാണ് തീരുമാനിച്ചത്. ആദ്യം എത്തുന്നത് കരടികൾ യഥേഷ്ടം വിഹരിക്കുന്ന ഒരു ഭാഗത്തേക്കാണ്.  ഇതൊരു  മൃഗശാലയൊന്നുമല്ല.  ബെയർ റെസ്ക്യൂ  സെന്റർ ആണ്. 


ഈ  കരടിസംരക്ഷണകേന്ദ്രത്തിൽ ഓരോവർഷവും ധാരാളം കരടികൾ എത്തപ്പെടാറുണ്ട്. വേട്ടക്കാരിൽനിന്നും ബെയർ ബൈൽ ഫാമിങ് നടത്തുന്നവരിൽനിന്നും അംഗവൈകല്യം സംഭവിച്ചതോ മാരകമുറിവേറ്റതോ ആയ കരടികളെ മോചിപ്പിച്ച് ഇവിടെയെത്തിച്ച് സ്വാഭാവികമായ ജീവിതപരിസരങ്ങൾ ഒരുക്കിക്കൊടുത്തു സംരക്ഷിക്കുന്ന കേന്ദ്രമാണിത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ലെങ്കിലും  കാലാകാലങ്ങളായി കറുത്തമുടി ഇടതൂർന്നുവളരാൻ സഹായിക്കുന്ന  കരടിനെയ്യുടെ ഔഷധമൂല്യത്തെക്കുറിച്ച് മനുഷ്യൻ വളരെ ബോധവാനാണ്. എന്നാൽ  കരടിയുടെ പിത്തരസം (bile) എന്തിനാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലായില്ല. അന്വേഷണത്തിൽ അറിയാൻകഴിഞ്ഞത് പനിമുതൽ കരൾരോഗങ്ങൾക്കുവരെയുള്ള മരുന്ന്  ഇതിൽനിന്നുണ്ടാക്കാന്നുണ്ടെന്നാണ്.  ഈ ചികിത്സകളും ശാസ്ത്രീയമായി   അടിത്തറയുള്ളതൊന്നുമല്ല. പക്ഷേ ഇതിനൊക്കെയായി കരടികൾ അനുഭവിക്കേണ്ടിവരുന്ന ക്രൂരതകൾ ചില്ലറയൊന്നുമല്ല. മനുഷ്യന്റെ ക്രൂരതയുടെയും ഒപ്പം സഹജീവിയോടുള്ള ആർദ്രസ്നേഹത്തിന്റെയും നേർക്കാഴ്ചകൾ ഒരേസമയം നമ്മളിവിടെ ദർശിക്കുന്നു. ഈ  ലോകം എത്ര വിചിത്രം!


പിന്നെയും ആകാശംമുട്ടെ  വളർന്നുനിൽക്കുന്ന വൃക്ഷമുത്തശ്ശന്മാർക്കിടയിലൂടെ ആരോ  തെളിച്ചുപോയ മൺപാതയിൽ പദങ്ങളൂന്നി, ഇരുവശത്തുമുള്ള  അനവധിയായ സസ്യവൈവിധ്യങ്ങളെ നോക്കിക്കണ്ടു  മുന്നോട്ടു നടക്കാം. അധികവും നമ്മുടെ നാട്ടിലുള്ളവതന്നെ. കുറച്ചുദൂരം നടക്കുമ്പോൾ തള്ളിനിൽക്കുന്ന ചുണ്ണാമ്പുകല്ലുകളിലൂടെ പാൽനുരപതച്ചു കുതിച്ചു താഴേക്കുപതിക്കുന്ന ഒരു കാട്ടുചോലയും അതുവന്നുപതിച്ചു രൂപംകൊണ്ട ചെറിയൊരു ജലാശയവും. പച്ചയും നീലയും കലർന്നൊരു മനോഹരവർണ്ണമാണ് ആ ജലത്തിന്. ഈ വൈഡൂര്യവർണ്ണമാണ് കുവാങ് സീയെ     ഇത്രമേൽ   ജനപ്രിയമാക്കുന്നത്.  വെള്ളത്തിൽ  കലര്ന്ന  കാൽസിയം  കാർബോണറ്റിന്റെ  അംശവും മണ്ണിലെ ചെമ്പും   അലുമിനിയവും പോലുള്ള  ലോഹങ്ങളുടെ  അംശമുള്ള  ധാതുക്കളുമാണ്  സൂര്യപ്രകാശത്തിൽ  പ്രതിഫലിച്ച് ഈ വർണ്ണചാരുതയേകുന്നത്. എത്രകണ്ടാലും മതിവരില്ല ഈ സുന്ദരദൃശ്യം. 


വീണ്ടും കാനനവീഥിയിലൂടെ മുകളിലേക്ക്   നടക്കണം. ചിലയിടങ്ങളിൽ വഴുക്കലുണ്ടാകും. ശ്രദ്ധയോടെ, മുമ്പോട്ടുപോകുമ്പോൾ അതാ മുമ്പുകണ്ടതിനേക്കാൾ മനോഹരമായ മറ്റൊരു ജലപാതദൃശ്യം.. ശുഭ്രവർണ്ണത്തിൽ താഴേക്കു കുതിച്ച് അവിടെയും  ഒരു സുന്ദരസരോവരം രൂപമെടുക്കുന്നു. നിറങ്ങുകവിഞ്ഞ തടാകജലം ഒരു കാട്ടുചോലയായി ഒഴുകിപ്പോകുന്നു.   ചിലരൊക്കെ വെള്ളത്തിലിറങ്ങി നീന്തുന്നതും കാണാം. ഇങ്ങനെ പല തട്ടുകളിലായി മുകളിലേക്കെത്തുമ്പോൾ ജലപാതത്തിന്റെ ഉയരം വളരെക്കൂടുന്നു. പാറക്കെട്ടിന്റെ വലുപ്പവും ആകൃതിയുമനുസരിച്ച് വെള്ളമൊഴുകുന്ന രൂപവും അത്യാകർഷകമായിരിക്കുന്നു. എത്രയോ കാലങ്ങളായി നിരന്തരം   വെള്ളമൊഴിയൊഴുകി ചുണ്ണാമ്പുകല്ലുകളിൽ തേയ്മാനം വന്നു പല ആകൃതികൾ രൂപപ്പെട്ടിട്ടുണ്ട്. ആ കാഴ്ചകണ്ടാസ്വദിക്കാൻ വെള്ളച്ചാട്ടത്തിനഭിമുഖമായി ഒരു പാലം നിർമ്മിച്ചിട്ടുണ്ട്. മുകളിലെയും തഴെയുള്ളതുമായ ജലമൊഴുക്ക് അവിടെനിന്നാസ്വദിക്കാം. കുറേസമയം ആ അഭൗമസൗന്ദര്യത്തിനു ഹൃദയംകൊടുത്ത്, കഴിയുന്നത്ര കണ്ണുകളിലാവാഹിച്ച് ഞങ്ങൾ തിരിച്ചിറങ്ങി. അപ്പോഴേക്കും വാഹനത്തിൽ മലമുകളിലേക്കുപോയ സഹയാത്രികരും അവിടെയെത്തിയിരുന്നു. ചിലർ  ഞങ്ങളുടെകൂടെ  നടന്നുതന്നെ മടങ്ങി. കാടിന്റെ സൗന്ദര്യമറിയണമെങ്കിൽ നടന്നുതന്നെ പോകണം. 


പ്രായമേറെയുള്ള കൂറ്റൻമരങ്ങളാണ്  കാട്ടിലധികവും. വേരുകളും വള്ളിപ്പടർപ്പുകളുമൊക്കെയായി അവരുടെ സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നു. എന്റെ  സ്വന്തംനാടായ  ഇടുക്കിജില്ലയിലെ കാടുകളും ഇതുപോലെയൊക്കെയുണ്ട്. പക്ഷേ അവിടെ കണ്ടിട്ടില്ലാത്ത ധാരാളം സസ്യങ്ങൾ ഇവിടെയുണ്ട് .  കാട്ടിൽ വളർന്നുനിൽക്കുന്ന  ചേമ്പ് അതിഗംഭീരം. നല്ല  ഉയരവും വളരെ വിസ്തൃതമായ ഇലകളും. ഭക്ഷ്യയോഗ്യമാണോഎന്നറിയില്ല. പക്ഷികളും മൃഗങ്ങളുമൊക്കെ കുറവാണെന്നു തോന്നുന്നു. അധികമൊന്നും കാണാൻ കഴിഞ്ഞില്ല.  എന്തായാലും കണ്ണും മനസ്സും നിറഞ്ഞു കാടിനോടും കാട്ടരുവിയോടും കരടികളോടും വിടചൊല്ലി ഞങ്ങൾ യാത്രയായി.  


കിഴക്കനേഷ്യൻ മരതകമണികൾ - 11

 

11.മീകോങ് നദിയും പാക് ഔ ഗുഹയും പിന്നെ പാമ്പും തേളും ഉറങ്ങിക്കിടക്കുന്ന  

വിസ്കിക്കുപ്പികളും 

===================================================


ദൈർഘ്യത്തിൽ ലോകത്തു പന്ത്രണ്ടാം സ്ഥാനവും ഏഷ്യയിൽ ഏഴാം സ്ഥാനവും തെക്കുകിഴക്കനേഷ്യയിൽ ഒന്നാമതും നിൽക്കുന്ന നദിയാണ് മീകോങ്. 4350 കിലോമീറ്റർ നീളമുള്ള ഈ നദി  ചൈനയിലെ കൺഖീ പ്രവശ്യയിൽനിന്നുദ്ഭവിച്ച്, ടിബറ്റ് , ചൈന, മ്യാന്മാർ, ലാവോസ്, തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി വിയറ്റ്നാമിലെ  ഹോചിമിൻസിറ്റിക്കടുത്തുവെച്ച് സൗത്ത് ചൈനാകടലിൽ തന്റെ പ്രവാഹം അവസാനിപ്പിക്കുന്നു. ഇത്രയും രാജ്യങ്ങളിലൂടെ ഒഴുകുന്നതിനാൽ  നദി വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു.  തന്റെ പ്രവാഹവീഥിയിലെ തീരങ്ങളെയും അവിടുത്തെ ജീവജാലങ്ങളെയും സ്നേഹാമൃതംപകർന്നു പരിപോഷിപ്പിച്ച് , അതാതിടങ്ങളിലെ സംസ്കൃതിയുടെ പരിവാഹകയായി,  ഈ നദി ഏവരുടെയും സ്നേഹഭാജനമായി നിലകൊള്ളുന്നു. ഈനദിയിലൂടെ ഒരല്പദൂരമെങ്കിലും സഞ്ചരിക്കാൻ കഴിയുകയെന്നത് ഭാഗ്യംതന്നെയല്ലേ!


ഒമ്പതുമണിക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു. തീരത്തെത്തിയപ്പോൾ നദീയാത്രയ്ക്കായി തയ്യാറായിവന്നവർ ധാരാളമുണ്ടായിരുന്നു. ഏതൊക്കെയോ നാടുകളിൽനിന്നെത്തിയ വിദേശസഞ്ചാരികൾ. ഞങ്ങൾക്കായി കാത്തുകിടന്ന തോണിലക്ഷ്യമാക്കി നടന്നു . വളരെ നീളമുള്ള  വലിയ  തോണിയാണ്. ആദ്യംകാണുന്ന ഓപ്പൺ  സിറ്റ്ഔട്ട് പോലൊരു ഭാഗം കടന്നാണ് ഉള്ളിലേക്ക് കടക്കേണ്ടത്. ആ  ഭാഗത്ത്  മേൽക്കൂരയുള്ളതുകൊണ്ടു വെയിലും മഴയുമൊന്നും നമ്മളറിയില്ല.  ലൈഫ് ബോട്ടുകൾ ധാരാളമുണ്ടായിരുന്നെങ്കിലും അതു ധരിക്കണമെന്നു  ബോട്ട്ജീവനക്കാർ    നിർദ്ദേശിച്ചതുമില്ല. ഒരുനടപ്പാതയ്ക്കിരുവശവുമായി  ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. മേശകൾക്കപ്പുറവും ഇപ്പുറവുമായാണ് കസേരകൾ. ഈ ബോട്ടിൽത്തന്നെയാണ് ഞങ്ങളുടെ ഉച്ചഭക്ഷണവും. അതിനാലാണ്.  മേശകൾ. ജീവനക്കാരിൽ സ്ത്രീകളുമുണ്ട്. 




നദി കലങ്ങിമറിഞ്ഞൊഴുകുന്നു. ഇരുകരകളിലെയും ഹരിതഭംഗിയുടെ  കാഴ്ചകൾകണ്ടു പോകാം. തീരഭൂവിടങ്ങളിൽ ഇടയ്ക്ക്  ഏതാനുംചില വീടുകളും  അവിടവിടെയായി കൃഷിസ്ഥലങ്ങളും കന്നുകാലികളും  കാഴ്ചയിലെത്തുന്നു. അവയൊക്കെ ഗ്രാമങ്ങളാണ്. ചിലപ്പോൾ മുകളിലേക്ക് കയറിപ്പോളുന്ന കൽപ്പടവുകൾ കാണാം. ഏതോ ഗ്രാമത്തിലേക്കുള്ള പ്രവേശനപാതയാവാം.   ആടുകളും പശുക്കളും  പോത്തുകളും (അതോ എരുമകളോ?) തീരത്തെ പുൽമേടുകളിൽ മേഞ്ഞുനടക്കുകയോ അയവിറക്കി വിശ്രമിക്കുകയോ ചെയ്യുന്നുണ്ട്. വെളുത്ത പോത്തുകളെയാണ് അവിടെ കണ്ടത്. പാലിനു മാത്രമല്ല, നിലമുഴാനും ഈ കണ്ണുകളെ ഉപയോഗപ്പെടുത്തും.    നദീതീരമായതുകൊണ്ടു മണ്ണ് ഫലഭുയിഷ്ഠമായിരിക്കാം. എന്നാൽ  കൃഷി വളരെക്കുറവാണ്. ഇന്നാട്ടുകാർ അത്ര കഠിനാദ്ധ്വാനികളൊന്നുമല്ലെന്നാണ് ഈ കാഴ്ച വ്യക്തമാക്കുന്നത്. തോണിയാത്ര മുന്നോട്ടുപോകുമ്പോൾ ഗ്രാമങ്ങൾ അപ്രത്യക്ഷമാകുന്നു. പകരം സാന്ദ്രമായ  ഹരിതഭംഗിയുടെ കാളിമ  പടർന്ന  ഘോരവനദൃശ്യങ്ങൾ. പിന്നെയും മനുഷ്യസാന്നിധ്യത്തിന്റെ ഊഷ്മളഭാവങ്ങൾ നേർക്കാഴ്ചകളാക്കി ഗ്രാമദ്ര്യശ്യങ്ങൾ കണ്ണുകൾക്ക് വിരുന്നേകും. നദിയിൽത്തന്നെയുള്ള ചില തുരുത്തുകളും മൺതിട്ടകളുമൊക്കെയായി വേറെയും കൗതുകക്കാഴ്ചകൾ. 


ഇരുവശത്തുമുള്ള    കരകളിലെ വിസ്മയിപ്പിക്കുന്ന  കാഴ്ചകൾ നോക്കിയിരുന്നു  ഞങ്ങളങ്ങനെ തോണിയാത്ര ആസ്വദിക്കുന്നു. ഇടയ്ക്ക് ബോട്ടിലെ  അടുക്കളയിൽനിന്ന് ഗ്രീൻടീ എല്ലാവർക്കും നൽകി. ഏതാണ്ട് മുക്കാൽമണിക്കൂർ കഴിഞ്ഞപ്പോൾ ബോട്ട് പടിഞ്ഞാറുഭാഗത്തെ കരയോടടുപ്പിച്ചു.  ഒരു ഗ്രാമമുണ്ടിവിടെ. അവിടേക്കാണ് പോയത്. ബാൻ സാങ് ഹൈ(Ban Xang Hai) എന്നാണിതറിയപ്പെടുന്നത്. കുശവഗ്രാമമെന്നാണ് ഈ പേരിനർത്ഥമെന്നു പറയപ്പെടുന്നു. മുമ്പ് മൺപാത്രനിർമ്മാണം മാത്രമായിരുന്നു ഈ ഗ്രാമത്തിൽ ചെയ്തിരുന്നത്.  പക്ഷേ  ഇപ്പോളിവിടെ  പട്ടുതുണിനെയ്ത്തും ശില്പവേലകളും  വിസ്‌കി നിർമ്മാണവുമൊക്കെയുണ്ട്. സഞ്ചാരികൾക്ക്  ഈ  ഗ്രാമം  വിസ്കിഗ്രാമമാണ്.


ബോട്ടിൽനിന്നിറങ്ങി കുറച്ചു കൽപ്പടവുകൾ കയറി  ഗ്രാമത്തിന്റെ പടിപ്പുരകടന്നു പുല്ലും ഓലയും ഓടും മേഞ്ഞ വലുതും ചെറുതുമായ  ഗ്രാമീണവീടുകൾക്കിടയിലൂടെ നടന്ന് ആദ്യമെത്തിയത് മദ്യം വാറ്റുന്ന സ്ഥലത്തേക്കാണ്. മുമ്പിൽ ഒരു മേശമേൽ ചെറുതും വലുതുമായ  കുറേ കുപ്പികൾ ഭംഗിയായി നിരത്തിവെച്ചിരിക്കുന്നു. അതിലൊക്കെ നിറച്ചിരിക്കുന്നത് അവിടെയുണ്ടാക്കിയ  മദ്യമാണ്. പക്ഷേ കണ്ണുതള്ളുംവിധം  ആ കുപ്പികളിൽ ഭീതിപ്പെടുത്തുന്ന  മറ്റു  ചില  വസ്തുക്കളുമുണ്ടായിരുന്നു. വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാമ്പുകളും ഭീമാകാരൻ തേളുകളും കൂടാതെ  പല്ലിയും പാറ്റയും   ഒക്കെയുണ്ട്. മദ്യത്തിന് വീര്യവും സ്വാദും കൂട്ടാനിത്തരം ക്ഷുദ്രജീവികളെ ഉപയോഗിക്കുമത്രേ! ഇതിനായി ഇത്തരം ജീവികളെ വളർത്തുന്ന ഗ്രാമങ്ങൾപോലും തീരങ്ങളിലെ വനാന്തരങ്ങളിലുണ്ടുപോലും.  


ചോറിൽനിന്നാണ് (sticky rice) ഇവിടെ മദ്യം വാറ്റിഎടുക്കുന്നത്. ഏതാണ്ട് ഒരുമാസത്തോളമെടുക്കും ഈ വാറ്റ് ജോലി പൂർത്തിയാകാൻ. യീസ്റ്റുപയോഗിച്ച് ചോറുപുളിപ്പിച്ചെടുത്ത് ഘട്ടംഘട്ടമായി  വാറ്റിയാണ് വിസ്കിയും റൈസ് വൈനുമൊക്കെ ഉണ്ടാക്കുന്നത്. അതിനായുള്ള നന്നങ്ങാടിപോലെയുള്ള വലിയ ഭരണികളും വാറ്റാനുള്ള അസംസ്കൃതവസ്തുക്കളും (നമ്മുടെ നാടൻഭാഷയിൽ കോട) മറ്റ് ഡിസ്റ്റില്ലെറി ഉപകരണങ്ങളൊക്കെ ആ കേന്ദ്രത്തിലുണ്ട്. അവിടുണ്ടായിരുന്ന ആതിഥേയർ ഞങ്ങൾക്ക് അതൊക്കെ വിവരിച്ചുതന്നു. പിന്നെ അവിടെയുണ്ടാക്കിയ വിവിധയിനം വൈനും വിസ്‌കിയുമൊക്കെ അതിഥികൾക്ക് സ്വാദുനോക്കാൻ  കൊടുക്കുന്നുമുണ്ട്. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരിൽ ചിലർ സ്വാദുനോക്കുകയും ഇഷ്ടപ്പെട്ടത് വാങ്ങുകയുമൊക്കെ ചെയ്യുണ്ടുമായിരുന്നു. ചേട്ടനും നാലുകുപ്പികളിലായി ഏതൊക്കെയോ വാങ്ങി. (സത്യമായും ചേട്ടനു കുടിക്കാനല്ല, സുഹൃത്തുക്കൾക്ക് സമ്മാനിക്കാനാണ്.)  ഇത്തരം വാറ്റുകേന്ദ്രങ്ങൾ ഈ ഗ്രാമത്തിലെ പലവീടുകളോടുചേർന്നും പ്രവർത്തിച്ചുവരുന്നുണ്ടത്രേ! പക്ഷേ ഗ്രാമത്തിലൊരിടത്തും മദ്യപിച്ചു ബോധംപോയ ഒരാളെയും  കാണാൻ കഴിഞ്ഞില്ല.


അവിടെനിന്നു മുന്നോട്ടു നടക്കുമ്പോൾ തെരുവിനിരുവശവും പരമ്പരാഗത ശൈലിയിലുള്ള വൃത്തിയും ഭംഗിയുമുള്ള   ഗ്രാമീണവസതികൾ. ഭൂരിഭാഗം വീടുകളും രണ്ടുനിലകളുള്ളവയാണ്. അവയുടെയൊക്കെ താഴത്തെ നിലയിൽ  മുന്നിലത്തെ വരാന്തയോട് ചേർന്നമുറിയിൽ വിവിധവസ്തുക്കൾ  കച്ചവടത്തിനായി നിരത്തിവെച്ചിരിക്കുന്നതുകാണാം. അതൊക്കെ അവർ വീടുകളിൽ നിർമ്മിക്കുന്നവയാണ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ, ശില്പങ്ങൾ, ഭക്ഷ്യവസ്തുക്കൾ  അങ്ങനെ പലവിധ ഉത്പന്നങ്ങൾ. അതൊക്കെ ഗ്രാമീണർക്കുവേണ്ടിയല്ല, അവിടയെത്തുന്ന വിദേശസഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ്. ചിലവീടുകളിൽ വസ്ത്രംനെയ്യുന്ന ഉപകരണങ്ങളും അവയിൽ നടന്നുകൊണ്ടിരിക്കുന്ന നെയ്ത്തുജോലികളും   കാണാം. നെയ്തെടുത്ത ഷാളുകളും മറ്റു വസ്ത്രങ്ങളുമൊക്കെ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 


വളരെ ശ്രദ്ധേയമായി തോന്നിയ കാര്യം  സ്ത്രീകളാണ് കച്ചവടക്കാർ എന്നതാണ്. വളരെ പ്രായമുള്ള  സ്ത്രീകളുമുണ്ട് ഇക്കൂട്ടത്തിൽ.   പുരുഷന്മാരൊക്കെ രാവിലെതന്നെ കൃഷിസ്ഥലങ്ങളിലേക്കോ പട്ടണത്തിലെ ജോലികൾതേടിയോ പോയിരിക്കും. കുട്ടികൾ സ്‌കൂളിലേക്കുപോയിക്കഴിഞ്ഞാൽ വീട്ടിലെ സ്ത്രീകൾക്ക് ഈ കച്ചവടം നേരംപോക്കിനൊപ്പം നല്ലൊരു വരുമാനവും നേടിക്കൊടുക്കും. ഉയർന്ന വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും മാർക്കറ്റിംഗിനാവശ്യമായ ഇംഗ്ലീഷ് വാക്കുകൾ അവർ പഠിച്ചുവെച്ചിട്ടുണ്ട്. അവരുടെ  വിനയവും മുഖപ്രസാദവും വളരെ ആകർഷണീയവുമാണ്.  ഇവിടെയെത്തുന്നവർ എന്തെങ്കിലുമൊക്കെ വാങ്ങാതെ മടങ്ങാറില്ല. ആവശ്യമില്ലെങ്കിലും  ഞങ്ങളും എന്തൊക്കെയോ അവിടെനിന്നു വാങ്ങിയിരുന്നു. വിലപേശിയില്ല. അതിനാൽ വില വളരെക്കൂടുതൽ കൊടുക്കേണ്ടിവന്നു സഹയാത്രികരിക്കാരിൽനിന്നു മനസ്സിലാക്കി. നാട്ടിൽകൊണ്ടുവന്നു ഒരുപ്രാവശ്യം കഴുകിയപ്പോഴേ വാങ്ങിയ തുണിത്തരങ്ങൾ ഉപയോഗശൂന്യമായി.  


ഗ്രാമത്തിന്റെ ഉൾഭാഗത്തേക്കു  ചെല്ലുമ്പോൾ അവിടെ ചില ദേവാലയങ്ങളും  ക്ഷേത്രങ്ങളുമൊക്കെയുണ്ട്. അവയിൽ ദർശിക്കാൻ കഴിയുന്ന  പരമ്പരാഗതവാസ്തുവൈഭവം ഹൃദയാവർജ്ജകമാണ്. ഈ ഗ്രാമത്തിൽ ഞങ്ങൾക്കനുവദിച്ചിരുന്ന സമയം ഏതാണ്ടവസാനിക്കാറായതുകൊണ്ടു കൂടുതൽസമയം ഈ സുന്ദരദൃശ്യങ്ങളിൽ മനസ്സുകൊരുത്തുനിൽക്കാൻ സാധിച്ചില്ല.  ഈ സുന്ദരമായ ഗ്രാമത്തോടും അവിടുത്തെ പുഞ്ചിരിക്കുന്ന മുഖങ്ങളോടും അവർക്കറിയാത്ത ഭാഷയിൽ  വിടചൊല്ലി  തിരികെനടന്നു ബോട്ടിൽക്കയറി. 


ബോട്ട് പിന്നെയും മുന്നോട്ടുനീങ്ങി. തീരത്തോടുചേർന്നുള്ള ഉയർന്ന പർവ്വതത്തിൽ സ്ഥിതിചെയ്യുന്ന  പ്രസിദ്ധമായൊരു ഗുഹാസമുച്ചയത്തിലേക്കാണ് ഇനി പോകുന്നത്.   പാക് ഔ ഗുഹ എന്നാണ് ഇതറിയപ്പെടുന്നത്. നാലുകിലോമീറ്റർകൂടി ഇനിയും പോകണം. വിസ്കിഗ്രാമത്തിലേക്കുവന്നത് 22 കിലോമീറ്റർ ജലയാത്ര ചെയ്താണ്. വടക്കുദിക്കിലേക്ക്,  ഒഴുക്കിനെതിരെയാണ് ഈ തോണിയാത്ര.  പലയിടത്തും നദിക്ക് ഒരുകിലോമീറ്ററിലധികം വീതിയുണ്ട്. വേറെയും ധാരാളം ബോട്ടുകൾ ജലപ്പരപ്പിൽ കാണാം. എല്ലാം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞാണ് പോകുന്നത്. 


അങ്ങുദൂരെ ഗുഹ കാണാറായി. ബോട്ട് കരയോടടുപ്പിച്ചു. പലകകൾ നിരത്തിയ പ്ലാറ്റുഫോമിലൂടെ ഗുഹയുടെ അടുത്തേക്ക് നടന്നു. ഉയർന്ന മലയുടെ ചെരിവിലെ ചുണ്ണാമ്പുപാറകളിൽ ജലമൊഴുകി പ്രകൃതിദത്തമായുണ്ടായ ഗുഹകളാണ്. പ്രധാനമായി രണ്ടു വലിയ ഗുഹകളാണ്. ഒന്ന് ജലനിരപ്പിൽനിന്നു അധികമുയരത്തിലല്ലാത്തതും മറ്റൊന്ന് കുറേക്കൂടി ഉയരത്തിലുള്ളതുമാണ് . ഞങ്ങൾ  താഴെയുള്ള ഗുഹകൾ മാത്രമേ സന്ദർശിക്കുന്നുള്ളു. ധാം തിങ് എന്നാണ് ഇതിന്റെ പേര്. ധാം തേയുങ് എന്ന് പേരുള്ള  മുകളിലേത് എത്തിപ്പെടാൻ  കൂടുതൽ ബുദ്ധിമുട്ടുള്ളതും  വളരെ വലുതും ഇരുട്ടുനിറഞ്ഞതുമാണ്. അത് അത്ര സുരക്ഷിതമല്ലാത്തതുകൊണ്ട് അങ്ങോട്ടുള്ള യാത്ര ഗൈഡ് തടഞ്ഞു. 


കുറച്ചു പടിക്കെട്ടുകൾ  കയറിയാണ് ഗുഹയിലെത്തുന്നത്. അവിടുത്തെ കാഴ്ചകൾ അമ്പരപ്പിക്കുന്നതാണ് ഗുഹയിലും പാറയിലെ പൊത്തുകളിലും പതിഞ്ഞ കല്ലുകളിലുമൊക്കയായി ആയിരക്കണക്കിന് പലവലുപ്പത്തിലെ  ബുദ്ധവിഗ്രഹങ്ങൾ. ഒരു വിരലോളം മാത്രമുള്ള പ്രതിമകൾ മുതൽ  ഒരാളോളം വലുപ്പമുള്ളതുമുണ്ട് ഇക്കൂട്ടത്തിൽ . പലവിധലോഹങ്ങളിലും തടികളിലും കല്ലിലുമൊക്കെയാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ബുദ്ധമതാനുയായികൾക്ക്‌ ഇതൊരു തീർത്ഥാടനകേന്ദ്രമാണ്. ഭക്തർ വഴിപാടായി കൊണ്ടുവന്നു സ്ഥാപിച്ചിരിക്കുന്നതാണ് ഈ വിഗ്രഹങ്ങളൊക്കെ. 




എട്ടാം നൂറ്റാണ്ടുമുതൽ സമീപസ്ഥരായ ഗ്രാമീണർക്ക്  ഈ ഗുഹകൾ ഒരു പുണ്യസ്ഥലമായിരുന്നു. നദീദേവതയുടെ ക്ഷേത്രവും ആരാധനയുമൊക്കെ ഇവിടെ നടന്നിരുന്നു. പിന്നീട് പതിനാലാം  നൂറ്റാണ്ടിൽ   അന്നത്തെ  രാജാവ് ബുദ്ധമതം സ്വീകരിക്കുകയും രാജ്യത്തിൻറെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇതൊരു ബുദ്ധക്ഷേത്രമായി മാറി. വിശേഷാവസരങ്ങളിൽ രാജാവും കുടുംബങ്ങളുമൊക്കെ അവിടെ ബുദ്ധവിഗ്രഹങ്ങൾകൊണ്ടുവന്നു പ്രതിഷ്ഠിക്കുന്ന പതിവും തുടങ്ങി . ക്രമേണ ജനങ്ങളും അതൊരാചാരമാക്കിമാറ്റി. അവർ  പ്രധാനമായും പുതുവർഷത്തിലായിരുന്നു ഈ ചടങ്ങു നടത്തിയിരുന്നത്. ഇപ്പോഴാകട്ടെ മറ്റുസമയങ്ങളിലും ചടങ്ങുണ്ട്. അതിനാൽ ദിനംപ്രതി വിഗ്രഹങ്ങളുടെ എണ്ണം കൂടിവരുന്നു. ദീപം കൊളുത്തിയിരിക്കുന്നതും സമ്പ്രാണിത്തിരി കത്തിച്ചുവെച്ചിരിക്കുന്നതുമൊക്കെ കാണാം.  ഉപക്ഷേത്രങ്ങൾപോലെ രണ്ടു ചെറിയ ക്ഷേത്രങ്ങളുമുണ്ട്. 


ഗുഹയിൽനിന്നുള്ള  പുറത്തേക്കാഴ്ചകൾ അതിമനോഹരമാണ്. അങ്ങേക്കരയിൽ വലിയൊരു ഗ്രാമം കാണാം. ബാൻ പാക് ഔ എന്നാണ് ആ ഗ്രാമത്തിന്റെ പേര്. ആ ഗ്രാമവാസികളാണ് ഈ ഗുഹയുടെ സംരക്ഷണവും മറ്റും ഏറ്റെടുത്തിരിക്കുന്നത്. ഇവിടതന്നെ  മീകോങ് നദിയും പോഷകനദിയായ ഔ നദിയും ഒന്നുചേർന്നൊഴുകുന്ന ദൃശ്യം മറക്കാനാവില്ല. രണ്ടുനദികളിലേയും ജലധാരകൾക്ക് അവയൊഴുകിവരുന്ന പ്രദേശങ്ങളിലെ മണ്ണിന്റെ നിറമനുസരിച്ചുള്ള  വർണ്ണവൈജാത്യം  കൗതുകകരമായിത്തോന്നി. ഒന്നിന് ഇരുണ്ട  നിറവും മറ്റൊന്ന് മഞ്ഞയും!


അനുവദിച്ചിരുന്ന സമയം കഴിഞ്ഞപ്പോൾ ഞങ്ങൾ ബോട്ടിലേക്ക് മടങ്ങി. പക്ഷേ കുറേസമയം കാത്തിരുന്നിട്ടും കൂട്ടത്തിലുള്ള  ഒരാളെ കാണുന്നില്ല. അയാളില്ലാതെ മടങ്ങിപ്പോകാനുമാവില്ല. ഒപ്പമുണ്ടായിരുന്ന ഒരു ബന്ധു പറഞ്ഞു അദ്ദേഹം മുകളിലേക്ക് കയറിയിപ്പോകുന്നത് കണ്ടെന്നു. അങ്ങോട്ട് പോകരുതെന്ന് ഗൈഡ് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തിയതാണ്. എന്തായാലും കുഴപ്പമൊന്നുമില്ലാതെ അദ്ദേഹം അല്പസമയം കഴിഞ്ഞപ്പോൾ മുകളിലത്തെ ഗുഹയും സന്ദർശിച്ചു മടങ്ങി ബോട്ടിലെത്തി. പിന്നെ ഉച്ചഭക്ഷണം. ഈ മീകോങ് നദിയും അതിലൂടെയുള്ള ബോട്ട് യാത്രയും അതിൽ ലഭിച്ച ലാവോസിന്റെ  തനിനാടൻ ഭക്ഷണവും ഇന്നുകണ്ട കാഴ്ചകളും ഒരിക്കലും മനസ്സിൽനിന്നു മായാത്ത  മധുരാനുഭവങ്ങൾതന്നെ!


കിഴക്കനേഷ്യൻ മരതകമണികൾ - 10

10.തക് ബാത്തും മോണിംഗ് മാർക്കറ്റും
===============================


രാവിലെ നാലുമണിക്കുതന്നെ ഉണർന്നു. പ്രഭാതകൃത്യങ്ങൾക്കുശേഷം റൂമിലുണ്ടായിരുന്ന കെറ്റിലിൽ കാപ്പിയുണ്ടാക്കിക്കുടിച്ചു. അഞ്ചുമണിയായപ്പോൾ യാത്രയ്ക്ക് തയ്യാറായി. ചൂടുവെള്ളം കിട്ടാൻ താമസം വന്നതിനാൽ  ചില സഹയാത്രികർ വരാൻ കുറച്ചു വൈകി. എല്ലാവർക്കും റൂമിനെക്കുറിച്ചു ധാരാളം പരാതികൾ. എങ്കിലും ഈ തണുത്ത വെളുപ്പാൻകാലത്ത് ആരോഗ്യപ്രശ്നങ്ങളെയൊന്നും വകവയ്ക്കാതെ ചുറുചുറുക്കോടെ എല്ലാവരും വാഹനങ്ങളിൽ  കയറി. റോഡിൽ പൊടി നിറഞ്ഞിട്ടുണ്ടെങ്കിലും ഈ വണ്ടികളൊക്കെ ഇപ്പോൾ ഷോറൂമിൽനിന്നു കൊണ്ടുവന്നതാണെന്നു തോന്നിപ്പോകുന്നതുപോലെ വെട്ടിത്തിളങ്ങി മനോഹരമായിരിക്കുന്നു. 'തക് ബാത്' എന്നൊരാചാരം എല്ലാദിവസവും പുലർകാലത്ത് ഇവിടെ അരങ്ങേറുന്നുണ്ട് . അതിനു സാക്ഷ്യംവഹിക്കാനും ആവശ്യമുള്ളവർക്ക്  പങ്കെടുക്കാനുമായാണ് ഇപ്പോഴത്തെ യാത്ര.  ആറരയോടെ ചടങ്ങവസാനിക്കും.  ഇതെന്താണെന്നല്ലേ ? പറയാം. 

ഇന്നാട്ടിലെ മൊണാസ്ട്രികളിലും ബുദ്ധവിഹാരങ്ങളിലുമൊക്കെയുള്ള ബുദ്ധസന്യാസിമാർ അതിരാവിലെ ഭിക്ഷാടനത്തിനിറങ്ങുന്ന ചടങ്ങാണിത്. എല്ലാദിവസവും ഉദയത്തിനുമുന്നേതന്നെ  വഴിയോരത്ത് തങ്ങൾക്കു നൽകാൻ കഴിയുന്നതിൽ ഏറ്റവുംനല്ല  ഭക്ഷണവുമായി നാട്ടുകാർ ഭക്ത്യാദരങ്ങളോടെ കാത്തിരിക്കും. നിരനിരയായി നടന്നുവരുന്ന കഷായവസ്ത്രധാരികളായ  ഭിക്ഷുക്കൾ ഭക്ഷണം സ്വീകരിച്ച് തങ്ങളുടെ തോളിൽ തൂക്കിയിട്ടിരിക്കുന്ന  പാത്രങ്ങളിൽ  ശേഖരിച്ചു മടങ്ങിപ്പോകും.  യുട്യൂബിലൊക്കെ ഇതിനെക്കുറിച്ചുള്ള വ്‌ളോഗുകൾ പലതും കണ്ടിട്ടുണ്ടെകിലും ഇപ്പോൾ ഇത് നേരിൽക്കാണാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു. 

 മതപരവും ആത്മീയസ്വഭാവമുള്ളതുമായൊരു ചടങ്ങായതുകൊണ്ടു  ശരീരം നന്നായി മറയുന്നവിധത്തിൽ  വസ്ത്രം ധരിക്കണമെന്നു നിർദ്ദേശമുണ്ടായിരുന്നു.   
 തേരവാദ  ബുദ്ധിസം (പരമ്പരാഗത ബുദ്ധമതതത്വങ്ങങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്ന   യാഥാസ്ഥികബുദ്ധമതവിഭാഗം) ലാവോസിൽ പ്രചാരത്തിലായ  പതിനാലാം നൂറ്റാണ്ടുമുതൽ ഈ ചടങ്ങു നടക്കുന്നു എന്നാണ് ചരിത്രഭാഷ്യം. ഈ വിഭാഗത്തിൽ സന്യാസിമാരും സാധാരണക്കാരും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇത് പരസ്പരപിന്തുണയുടെ  മാർഗ്ഗമാണ്. സന്യാസിമാർ അറിവും ബുദ്ധതത്വങ്ങളും  ആത്മീയദർശനങ്ങളും ജനങ്ങൾക്ക് പകർന്നുനൽകുന്നു. സാധാരണജങ്ങളാകട്ടെ, സന്ന്യാസിമാർക്ക്  അവർക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റുവസ്തുക്കളും നിറഞ്ഞമനസ്സോടെ തങ്ങളുടെ അവകാശമെന്ന രീതിയിൽ നൽകുന്നു.  ശ്രീബുദ്ധനോടുള്ള ആരാധനയും ബുദ്ധമതതത്വങ്ങളോടുള്ള  ആദരവും  അഭിനിവേശവുമൊക്കെയാണ് തദ്ദേശീയരെ ഇത്തരമൊരു പുണ്യപ്രവൃത്തിയിലേക്കു പ്രേരിപ്പിക്കുന്നത്. അതുചെയ്യുന്നതാവട്ടെ അങ്ങേയറ്റം ആത്മസമർപ്പണത്തോടെയാണെന്നും മനസ്സിലാക്കാനാവും. 

മീകോങ് നദീതീരത്തോടുചേർന്നുള്ള ചെറിയമലഞ്ചെരുവിലെ ചുരംപോലുള്ള പാതയുടെ താഴെഭാഗത്താണ് വാഹനങ്ങൾ പാർക്കുചെയ്തത് ഞങ്ങൾ മുകളിലേക്കുനടന്ന് മൊണാസ്ട്രിയും ക്ഷേത്രങ്ങളുമൊക്കെയുള്ള തെരുവിലാണ് നിലയുറപ്പിച്ചത്. വളരെ  വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന പാതയുടെ വശത്തെ നടപ്പാതയിൽ കാർപ്പറ്റ് വിരിച്ചതിനുമേൽ  നിരവധി  ചെറിയ സ്റ്റൂളുകൾ നിരത്തിയിരിക്കുന്നു. അതിൽ ഇരുന്നുവേണം ദാനധർമ്മം നടത്തേണ്ടത്.  സഞ്ചാരികൾക്കായി അവിടെവന്നിരിക്കുന്ന വിദേശികൾക്കും ഈ ചടങ്ങിൽ ഭാഗഭാക്കാകാം. ദാനം ചെയ്യാനുള്ള ചോറും പഴങ്ങളുമൊക്കെ അടങ്ങിയ  കൂടകൾ വിൽക്കാനായി കുറച്ചുപേർ നിൽക്കുന്നുണ്ട്. ഒരെണ്ണം വാങ്ങി, പാദരക്ഷകൾ ഊരിവെച്ച് ഒരു സ്റ്റൂളിൽ ഇരിക്കാം. സന്യാസിമാർ വരുമ്പോൾ ഓരോരുത്തരുടെയും കൈയിലുള്ള പാത്രത്തിലോ  സഞ്ചിയിലോ അല്പാല്പമായി  അത് നിക്ഷേപിച്ചാൽ മതി. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നവരിൽ ചിലരും തക് ബാത്തിൽ പങ്കുചേരാൻ ഭക്ഷണക്കൂടയും  വാങ്ങി സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു. ഈ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തുന്നവർ തികഞ്ഞ നിശ്ശബ്ദത പാലിച്ച് അച്ചടക്കത്തോടെ നിൽക്കേണ്ടതുണ്ട്. ഫോട്ടോയും  വീഡിയോയും എടുക്കാം. പക്ഷേ ഫ്ലാഷ്ലൈറ്റ് പാടില്ല. 

സമയം കടന്നുപോകുന്നു. തെരുവുനിറയെ സഞ്ചാരികളെക്കൊണ്ടു  നിറഞ്ഞു. നിൽക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥ. സന്യാസിമാരെ സ്പർശിക്കാതിരിക്കാൻ തെരുവിൽ  കയറുകൊണ്ട്  ഒരു അതിർത്തിരേഖ സൃഷ്ടിച്ചിരുന്നു. അങ്ങനെയിരിക്കെ അതാ കുങ്കുമനിറത്തിലെ വസ്ത്രം ധരിച്ച് നഗ്നപാദരായി പലപ്രായത്തിലുള്ള  സന്യാസിമാർ നിശ്ശബ്ദരായി നടന്നുവരുന്നു. മുഖത്തു ശാന്തതയുടെ അവരണമണിഞ്ഞ നേർത്ത മന്ദസ്മിതം. ഓരോരുത്തരിൽനിന്നായി ഭിക്ഷ സ്വീകരിച്ച് വണങ്ങി അവർ കടന്നുപോകുന്നു. ശ്വാസമടക്കി എല്ലാവരും അത് കണ്ടുനിന്നു. ഒടുവിലത്തെ സന്യാസിയും ഭക്ഷവാങ്ങി നടന്നുമറഞ്ഞപ്പോൾ ഞങ്ങളും പതിയെ ക്ഷേത്രങ്ങളും മൊണാസ്ട്രിയുമൊക്കെ ഒന്ന് കണ്ടുവരാമെന്നു കരുതി നടന്നു. നാടിൻറെ വാസ്തുവൈദഗ്ധ്യം പ്രകടമാക്കുന്നവിധമായിരുന്നു അവയുടെയൊക്കെ  നിർമ്മിതി. കുറേസമയം  നടന്നശേഷം  മറ്റൊരു ദൃശ്യവിസ്മയം അനുഭവേദ്യമാക്കുന്നതിനായി മുന്നോട്ടു നടന്നു. 

കഴിഞ്ഞദിവസം നൈറ്റ് മാർക്കറ്റായിരുന്നു കണ്ടതെങ്കിൽ ഇപ്പോൾ കാണുന്നത്  മോർണിംഗ് മാർക്കറ്റ് ആണ്. രാത്രിവിപണി പ്രധാനമായും വിദേശികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നെങ്കിൽ ഇതാകട്ടെ വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഉപകാരപ്രദം. തദ്ദേശീയരുടെ കൃഷിയിടങ്ങളിൽ വിളയുന്ന പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും മത്സ്യമാംസാദികളും  പലചരക്കുസാധനങ്ങളും കൗതുകവസ്തുക്കളും കരകൗശലോത്പന്നങ്ങളും ഒക്കെ ഇവിടെ നമുക്ക് വാങ്ങാനാവും. തെരുവോരങ്ങളിൽ അവയൊക്കെ നിരത്തിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ കാണുന്ന മിക്കവാറും പഴങ്ങളും പച്ചക്കറികളും ഇവിടെയുമുണ്ട്. നമുക്ക് പരിചിതമല്ലാത്ത ധാരാളം ഇനങ്ങളും ഇവിടെക്കാണാം. ഇഞ്ചിയൊക്കെ വളരെ വലുപ്പമുള്ളവയാണ്. കാന്താരിയും നല്ല നീളമുള്ളവയാണ്. കോഴികളെ കൊന്നു തൂവലൊക്കെ കളഞ്ഞു  കാലുൾപ്പെടെ നിരത്തിവെച്ചിരിക്കുന്നതുകണ്ടു. കോഴിക്കാൽ ഇട്ട് സൂപ്പുണ്ടാക്കുമത്രേ!  മീകോങ് നദിയിലെ മത്സ്യങ്ങളുൾപ്പെടെ  പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വാങ്ങാനെത്തുന്നവർക്ക് അത് ചൂടോടെ കഴിക്കാനാവും.  രാവിലെ അഞ്ചുമണിമുതൽ പതിനൊന്നുതുമണിവരെയാണ് ഈ ചന്ത പ്രവർത്തിക്കുന്നത്. 

ചന്തയിൽ അധികനേരം ചെലവിടാനാകില്ല. ഹോട്ടലിൽച്ചെന്നു പ്രഭാതഭക്ഷണം കഴിച്ച് അടുത്ത യാത്രയ്ക്ക്  പുറപ്പെടണം. മീകോങ് നദിയിലൂടെ  ഒരു തോണിയാത്രയാണ് ഇന്നത്തെ  ലക്‌ഷ്യം. 



 

Monday, January 19, 2026

 ദിൽവാരാക്ഷേത്രം 


=================


രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷൻ ആയ   മൗണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന ജൈനമതക്ഷേത്രമാണ്   ദിൽവാരാക്ഷേത്രം. ഒരുപക്ഷേ മൗണ്ട് അബുവിലെത്തുന്ന സഞ്ചാരികളിൽ ഏറ്റവുംകൂടുതൽപേർ സന്ദർശിച്ചിരിക്കുന്നത് ഒരു മാർബിൾശിലാവിസ്മയമായ  ഈ ജൈനക്ഷേത്രസമുച്ചയമായിരിക്കും. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ജൈനതീർത്ഥാടനകേന്ദ്രമാണ് ഇത്. ആദ്യമായി ഈ ക്ഷേത്രം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചത് 2001-ൽ ആയിരുന്നു. ഇരുപതുവർഷങ്ങൾക്കുശേഷം, 2021-ൽ  കോവിഡ് കാലത്തെ അടച്ചുപൂട്ടലുകൾക്കുശേഷം വീണ്ടും ക്ഷേത്രം സന്ദർശകർക്ക് തുറന്നുകൊടുത്ത സമയത്താണ് ഞാൻ വീണ്ടും ദിൽവാരാ ക്ഷേത്രത്തിലെത്തിയത്.  

രാജസ്ഥാന്റെ കരിഞ്ഞ മണൽപ്പരപ്പുകളെ പിന്നിലാക്കി, മലനഗരമായ മൗണ്ട്  അബു വിലേക്ക് കയറുമ്പോൾ വായുവിൽത്തന്നെ ഒരു തണുപ്പു പടരുന്നു. മരങ്ങളിലൂടെ പതിയുന്ന സൂര്യവെളിച്ചം മലമുകളിൽ ഒരു ശാന്തത പകരുന്നു. ആ ശാന്തതയുടെ ഹൃദയത്തിൽ   'ദിൽവാര'- ഭാരതീയശില്പകലയുടെ അതുല്യസൗന്ദര്യത്തിന്റെ  നിതാന്തനിദർശനമായ, വെണ്ണക്കൽക്കവിത.



പതിനൊന്നുമുതൽ പതിനാറുവരെയുള്ള  നൂറ്റാണ്ടുകളിലാണ്  ഈ ക്ഷേത്രങ്ങളുടെ  നിർമ്മാണം നടന്നത്. അതിസൂക്ഷ്മവും അതിലേറെ സങ്കീർണവുമായ, എന്നാൽ അങ്ങേയറ്റം പരിപൂർണ്ണത നിലനിർത്തി മെനെഞ്ഞെടുത്തിരിക്കുന്ന അതിമനോഹരമായ       ശില്പചാരുതകളാണ്  ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. സ്തൂപങ്ങളും കമാനങ്ങളും ചുവരുകളും  തോരണങ്ങൾ ചാർത്തിയ   വാതിലുകളും   ഉയരത്തിലുള്ള താഴികക്കുടങ്ങളും വേദികകളും എല്ലാം അതിസമർത്ഥരായ ശില്പികളുടെ കലാനൈപുണ്യത്തിന്റെ, കഠിനാദ്ധ്വാനത്തിൻ്റെ, ആത്മസമർപ്പണത്തിൻ്റെ         നിതാന്തനിദർശനങ്ങളാണ്. താജ് മഹലിനെ ലോകാദ്‌ഭുതമായി കാണുന്ന നമുക്ക്, അതിനേക്കാൾ ഏറെ  പുരാതനമായ ഈ വെണ്ണക്കൽവിസ്മയത്തെ എന്തുകൊണ്ട് ലോകാദ്‌ഭുതമായി കാണാൻ കഴിയുന്നില്ലാ  എന്നു ചിന്തിച്ചുപോകുന്നു. 




ക്ഷേത്രത്തിനുള്ളിൽ കടക്കണമെങ്കിൽ ബാഗ്, മൊബൈൽ, കാമറ മുതലായവയൊന്നും കൈയ്യിൽ  കരുതാൻ പാടില്ല. അതുകൊണ്ടു പുറത്തുള്ള കൗണ്ടറിനടുത്ത് ഇവയൊക്കെ ടൂർമാനേജരെ ഏല്പിച്ചശേഷം ചെരുപ്പ് ഒരു ഷെൽഫിൽ നിക്ഷേപിച്ചിട്ടാണ് ക്ഷേത്രത്തിലേക്ക് കയറിയത്. ഈ അഭൗമസൗന്ദര്യത്തെ ഒന്ന് കാമറയിലാക്കാൻ കഴിയില്ലല്ലോ എന്ന വ്യഥ മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. 

പുറത്ത് നിന്നാൽ അത്ര ആഡംബരമൊന്നുമില്ലാത്ത ഒരു ശിലാനിർമ്മിതിയാണ്. കാണുന്നത് ലാളിത്യം മാത്രം.  പക്ഷേ അകത്തേക്ക് ഒരു ചുവടുവെച്ച നിമിഷം —

മർബിള്‍ശിലകൾ  നിശ്ശബ്ദസംഗീതം പൊഴിച്ചുതുടങ്ങുന്നു. ഇരുപതുവർഷംമുമ്പ് ഇവിടെ വന്നപ്പോൾ  കാണാൻസാധിച്ച വെണ്മയും തിളക്കവുമൊന്നും ഇപ്പോൾ പായൽക്കറുപ്പിൽ മൂടിപ്പോയിരിക്കുന്നു. ഒരുപക്ഷേ കോവിഡ്കാലത്തെ ദീർഘമായ അടച്ചുപൂട്ടലിൽ ക്ഷേത്രത്തിന്റെ പരിപാലനവും നിർത്തിവെച്ചിരുന്നതുകൊണ്ടാവാം ഈ മാറ്റം.



വിവിധഘട്ടങ്ങളിലായി പൂർത്തീകരിക്കപ്പെട്ട ഈ ശില്പകലാസംഗ്രഹം അഞ്ചു പ്രധാനഭാഗങ്ങളുൾപ്പെട്ട ഒരു ക്ഷേത്രസമുച്ചയമാണ്.  ഇവയിൽ ഏറ്റവും പ്രശസ്തവും  പുരാതനവുമായത്,  ആദ്യജൈനതീർത്ഥങ്കരനായിരുന്ന ആദിനാഥ്ജിക്കായി സമർപ്പിക്കപ്പെട്ട 'വിമൽ വസാഹി'  എന്ന ക്ഷേത്രമാണ്. ഗുജറാത്തിലെ സോളങ്കിവംശരാജാവായിരുന്ന വിമൽ ഷാ, 1021ൽ  പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ആയിരത്തിയഞ്ഞൂറോളം  ശില്പികളും അതിനടുത്ത് തൊഴിലാളികളും പതിനാലുവർഷംനീണ്ട കഠിനാദ്ധ്വാനത്തിന്റെ മധുരഫലമാണ് വിമൽ വസാഹി . പക്ഷേ പലതവണ വിദേശാക്രമണത്തിനു വിധേയമായ ഈ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. പുനഃരുദ്ധാരണത്തിനു ശ്രമങ്ങൾ നടന്നുവെങ്കിലും മൂലനിർമ്മിതിയുടെ പൂർണ്ണതയും ചാരുതയും  അവയിലൊന്നും ലഭിച്ചതുമില്ല.




 ക്ഷേത്രത്തിന്റെ മുൻപിലെ സഭാതലത്തിൽ  ശില്പമനോഹരമായ  നാല്പത്തിയെട്ടു വെണ്ണക്കൽസ്‌തൂപങ്ങളുണ്ട്. സ്തംഭങ്ങൾക്ക്  ഒരേ രൂപമല്ല, ഓരോന്നും വ്യത്യസ്തം, ഓരോന്നും ഓരോ  കഥ. കല്ലിൽ പതിഞ്ഞ നൃത്തഭംഗികൾക്ക്  ദേവസദസ്സിലെ അപ്സരസ്സുകളുടെ പൂർണ്ണത.  മദ്ധ്യത്തിൽ എട്ടുതൂണുകൾ മനോഹരമായ   താഴികക്കുടത്തെ താങ്ങിനിർത്തുന്നു.  അവ തന്നിൽ  ചേരുന്നിടത്തെ  അലുക്കുകളും എല്ലാം ചേർന്നു ഒരു മായികലോകത്തിൽ നമ്മെ എത്തിക്കും. താഴികക്കുടത്തിനു പതിനൊന്നു വൃത്തനിരകളിലാണ് കൊത്തുപണികൾ. ഒരു മാലയുടെ പതക്കംപോലെതോന്നും ഇത്. അതിൽകാണുന്ന വള്ളിപ്പടർപ്പുകളിൽ  വിരിഞ്ഞ പുഷ്പങ്ങൾ കല്ലിൽ കൊത്തിയവയാണെന്നു മനസ്സിലാകാൻ കുറച്ച് നിമിഷം വേണം.  


ചുറ്റുമുള്ള നാലുചുവരുകളിലായി ജൈനമതവിശ്വാസത്തിലെ  24 തീർത്ഥങ്കരന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇടനാഴികളിലെ മുകൾത്തട്ടിൽ പുരാണകഥകളും  കൊത്തിവെച്ചിരിക്കുന്നു.  ക്ഷേത്രത്തിലെ ആദിനാഥ്ജിയുടെ പ്രതിഷ്ഠ കൃഷ്ണശിലയിൽ ഉള്ളതാണ്. ക്ഷേത്രവാതിലിന് സമീപമുള്ള ഹസ്തിശാലയിൽ പത്തു മാർബിൾഗജവീരന്മാരുണ്ട്. വിമൽ ഷായുടെ പ്രതിമയും അവിടെകാണാം. ഇവ വെറും ആരാധനാലയങ്ങൾ അല്ല. ഇവ മനസ്സിന്റെ ശുദ്ധിയിലേക്കുള്ള വാതിലുകൾ പോലെ. ജൈനതീർത്ഥങ്കരന്മാരുടെ ശാന്തമായ മുഖങ്ങൾക്കു  മുന്നിൽ നിൽക്കുമ്പോൾ, ആത്മാവിന്റെ ഉൾക്കാമ്പിൽനിന്നു  ശാന്തത മെല്ലേ പടർന്നുകയറുന്നു. 



1231  ൽ  പണിതീർത്ത ലൂണി വസാഹിയാണ് രണ്ടാമത്തെ പ്രധാന ക്ഷേത്രം. വീർധവാൻ എന്ന ഗുജറാത്ത് രാജാവ് തന്റെ സഹോദരനായ ലൂണിയുടെ പാവനസ്മരണാർത്ഥം നിർമ്മിച്ച ഈ ക്ഷേത്രം 22 )മത് തീർത്ഥങ്കരനായിരുന്ന നേമിനാഥപ്രഭുവിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെയും  സ്തൂപങ്ങളും താഴികക്കുടങ്ങളും ചുവരുകളും മച്ചും നിലവറയുമൊക്കെ വിസ്മയജനകമായ  വിവിധങ്ങളായ ശില്പങ്ങൾകൊണ്ട് അലംകൃതമാണ്.  ഹസ്തിശാലയും പ്രൗഢമനോഹരം. 




മൂന്നാമതായി പിത്തൽഹാർ ക്ഷേത്രമാണ്. പഞ്ചലോഹവിഗ്രഹമാണ് പ്രതിഷ്ഠയെങ്കിലും അതിലെ പ്രധാന ഘടകപദാർത്ഥം  പിത്തള ആയതിനാലാണ് ക്ഷേത്രത്തിന് ഈ പേരുള്ളത്. ഒന്നാമത്തെ  ജൈനതീർത്ഥങ്കരനായിരുന്ന  ഋഷഭദേവ(ആദിനാഥൻ)ന്റേതാണ് ഇവിടുത്തെയും  പ്രതിഷ്ഠ. വിഗ്രഹം, പല കാലങ്ങളിലെ  ശത്രുക്കളുടെ  ആക്രമണങ്ങളിൽ  ഏതാണ്ട് വികലമാക്കപ്പെട്ട നിലയിലാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർണ്ണമാക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.  ഇടനാഴിയിലെ രംഗമണ്ഡപവും  അപൂർണ്ണമാണ്‌. 


അടുത്തത്  പാർശ്വനാഥക്ഷേത്രമാണ്.  മൂന്നുനിലകളിലായി വിഗ്രഹങ്ങൾ  പ്രതിഷ്ഠിച്ചിരിക്കുന്നപോലെ തോന്നുന്ന ഈ ക്ഷേത്രമാണ് സമുച്ചയത്തിലെ  ഏറ്റവും ഉയരം കൂടിയതും. 23 )o ജൈനതീർത്ഥങ്കകാരനായ പാർശ്വനാഥന്‌ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽക്കാണുന്ന,  ദേവതമാരുടെയും സാലഭഞ്ജികമാരുടേയുമൊക്കെ ശില്പങ്ങളുടെ സൗന്ദര്യം വാക്കുകളിൽ ധ്വനിപ്പിക്കാൻ കഴിയുന്നതല്ല. ഭാഷയുടെ അപൂർണ്ണത നമ്മൾ തിരിച്ചറിയുന്നത് ഇത്തരം ചില സന്ദർഭങ്ങളിലാണ്.


 അടുത്തത്  ഈ ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും ചെറിയ നിർമ്മിതിയായ മഹാവീർസ്വാമിക്ഷേത്രമാണ്.  24 )o ജൈനതീർത്ഥങ്കരനായ മഹാവീരനാണ് പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ, ഇരുവശത്തും തീർത്ഥങ്കരന്മാരുടെ മൂന്ന് വീതം പ്രതിമകളുണ്ട്.  പൂക്കൾ,പക്ഷികൾ, നടനവിസ്മയങ്ങൾ, അശ്വഗണങ്ങൾ, ഗജവീരന്മാർ  എന്നിവയുടെയൊക്കെ ജീവസ്സുറ്റ   സുന്ദരമായ ശില്പങ്ങൾ കൽച്ചുവരുകളെ അലങ്കരിക്കുന്നു. 1582 ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയെങ്കിലും 1764 ൽ സിരോഹിയിലെ  ചിത്രകാരന്മാർ ആലേഖനം ചെയ്ത ഏതാനും ചിത്രങ്ങളും ചുവരുകളുടെ ഉപരിഭാഗങ്ങളിൽ കാണാം. 




അലാവുദ്ദീൻ ഖിൽജി 1311 ൽ ഈ പ്രദേശങ്ങളിൽ   ആക്രമണം നടത്തിയപ്പോൾ ക്ഷേത്രനിർമ്മിതികൾക്ക് നന്നേ കേടുപാടുകൾ സംഭവിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിലും പതിനഞ്ചാം  നൂറ്റാണ്ടിലും വിവിധ സുൽത്താൻ സാമ്രാട്ടുകൾ തടത്തിയ തേരോട്ടങ്ങളിൽ ശിഥിലീകരണം നടന്നിരുന്നു.  പല  ഭരണാധികാരികളും  പുരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും പൂർവ്വരൂപത്തിന്റെ യഥാതഥമായ സൗന്ദര്യാവിഷ്കാരം അപ്രാപ്യമായി നിലകൊണ്ടു. മാർബിളിന്റെ വർണ്ണാന്തരങ്ങളിൽനിന്ന്   നവീകരണങ്ങൾ  തിരിച്ചറിയാനാകും. 



ക്ഷേത്രത്തിലെ പുരോഹിതന്മാരിൽ ഒരാളെന്നു തോന്നിയ ഒരാളോട് അവിടുത്തെ പ്രതിഷ്ഠകളെക്കുറിച്ചും   ശില്പങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോൾ ഒരു ഗൈഡിനെപ്പോലെ എല്ലായിടവും കൊണ്ടുനടന്നു വിശദമായി പറഞ്ഞുതന്നു. കൈയ്യിൽ ബാഗും പേഴ്‌സും പണവുമൊന്നും ഇല്ലാതിരുന്നതുകൊണ്ട്  അദ്ദേഹത്തിന് പാരിതോഷികങ്ങൾ  നല്കാനുമായില്ല. ആ വിഷമം അദ്ദേഹത്തെ അറിയിച്ചപ്പോൾ  'അതൊന്നും സാരമില്ല, വീണ്ടും വരണം' എന്നുപറഞ്ഞു സന്തോഷത്തോടെ യാത്രയാക്കി.  ക്ഷേത്രത്തിന്റെ മനോഹാരിത നൽകിയ അനിർവചനീയമായ  ആഹ്ലാദത്തോടൊപ്പം  ആ ദുഃഖം ഇന്നും മനസ്സിനെ നീറ്റുന്നുണ്ട്. ഒപ്പം  മനസ്സിൽ ഉടക്കിനിന്ന ചോദ്യം, 'ഇതൊക്കെ  മനുഷ്യകരങ്ങൾ  മിർമ്മിച്ചതോ അതോ,  ദൈവികമായൊരു സ്വപ്നം ഭൂമിയിൽ വന്നുപതിച്ചതോ!'


ദിൽവാരയിൽ നിന്ന് മടങ്ങുപോൾ  മനസ്സിൽ അലയടിച്ചത്  ഒരേയൊരു ചിന്ത- സൗന്ദര്യത്തിന് ശബ്ദഘോഷം ആവശ്യമില്ല. അതു  മൗനത്തിലായാലും, മനുഷ്യഹൃദയത്തെ ആഴത്തിൽ സ്പർശിക്കാം. 

Sunday, January 18, 2026

Filament prayer

 വിശ്വേശ്വരാ നിന്റെ  നിർമ്മലഭാവത്താൽ 

ഇരുൾവീണ പാതയിൽ ദീപമാകൂ 

ഒരു നേർത്ത തന്തുവാമെന്നിലൂടെന്നുമാ

നന്മതൻ ദീപ്തി  തെളിയട്ടെ  നിത്യവും.

  

ധർമ്മമാം  ശക്തിയും സത്യമാം നിധിയുമായ് 

ഒറ്റയ്ക്കല്ലൊരുമിച്ചു  മുന്നേറുവാനായി 

അക്ഷരജ്ജ്ഞാനത്തിന്നമൃതം പകർന്നുകൊ- 

ണ്ടജ്ഞാനമാറ്റുവാൻ ഊർജ്ജമായി നിറയുക  


ഹൃത്തിലെ  വറ്റാത്ത സ്നേഹപ്രവാഹത്താൽ  

മൊഴികളിൽ നിറയുന്ന കാരുണ്യമധുവിനാൽ

നോവും മനസ്സിനു സ്വാന്തനമാകുവാൻ 

അനുഗ്രഹമേകണേ മേല്ക്കുമേലീശ്വരാ! 



==================================

Filament

A single thread of borrowed light,
a whisper spun in air—
it bridges dark to glowing bright,
a promise, fine and rare.

So slight it seems to bending winds,
yet steady in its aim;
it hums with quiet origin,
a trembling, silver flame.

In canopies of woven stars,
in bulbs of modest glow,
in every fragile thing that sparks
a world we do not know—

there lives a filament of thought,
of longing, pulse, and gleam,
the slender path that carries us
from shadow into dream.

=====================

ദിവ്യജ്യോതി നിറയേണമേ,  

മനസിൽ വെളിച്ചമാവണമേ,  

വചനങ്ങൾ പൂത്തു വീണീടട്ടെ,  

സത്യത്തിന്റെ വഴിയിലൂടെ.


സൃഷ്ടിയുടെ ദീപം കത്തിച്ചീടാൻ  

സഹായമായ് കൈകൊടുക്കണേ,  

വാക്കുകൾ വഴി നീ തന്നു തന്ന  

സൗന്ദര്യം ഞങ്ങൾ പാടട്ടെ.


ഹൃദയങ്ങൾ ചേർത്ത് ഞങ്ങൾ ഇന്നിവിടെ  

ഒരുമയായി ചിന്തിക്കുമ്പോൾ,  

വളർന്നീടട്ടെ സ്നേഹവിത്തുകൾ,  

ജീവിതവഴികളിൽ.


ജ്ഞാനദാതാവേ, തീരെത്തണേ  

എഴുത്തിലും വായനയിലും,  

സ്വാന്തനമായ് നിന്റെ സാന്നിധ്യം  

പകരണമേ ഓരോ വരിയിലും.



കിഴക്കനേഷ്യൻ മരതകമണികൾ - 9

9.ലുവാങ് പ്രബാങ് എന്ന പൈതൃകനഗരത്തിൽ 


=======================================


ലാവോസ്, ഒട്ടും കടൽത്തീരമില്ലാത്ത,  കരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്. കടല്‍ത്തീരമില്ലെങ്കിലും    മലകളും  കാടുകളും  മരങ്ങളും പുഴകളുമെല്ലാം   ധാരാളമുള്ള നാടാണിത്. പ്രധാന നദിയായ മീകോങ് നദിയിലും കൈവഴികളിലുമായി ധാരാളം ദ്വീപുകളുമുണ്ട്.  തായ്‌ലാൻഡും മ്യാന്മറും ചൈനയും  വിയറ്റ്നാമും കമ്പോഡിയയുമാണ് അതിർത്തികൾ പങ്കിടുന്ന രാജ്യങ്ങൾ. ഇതൊരു കമ്മ്യൂണിസ്റ് രാജ്യമാണ്. ലാവോ പീപിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്നാണ് ലാവോസിന്റെ ഔദ്യോഗികമായ പേര്. കമ്മ്യുണിസ്റ്റ് ഭരണകൂടം നിലനിൽക്കുന്നതിനാലാവാം ചുവപ്പുബാൻഡുകൾക്കിടയിലെ നീലബാൻഡിന്റെ  മദ്ധ്യത്തിൽ  വെളുത്ത വൃത്തം പതിച്ച ദേശീയപതാകയോടൊപ്പം   അരിവാൾ ചുറ്റിക പതിച്ച ചുവപ്പുപതാകകൾ പലയിടത്തും കാണാൻ കഴിയുന്നത്. ബുദ്ധമതമാണ് രാജ്യത്തിൻറെ ഔദ്യോഗികമതം. ഇവർ  65  ശതമാനത്തിലധികം വരും.  അരിയാണ് പ്രധാനഭക്ഷണം. 




വിസ സംബന്ധിയായ  ഔദ്യോഗികകാര്യങ്ങളൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. ഇത്   ലുവാങ് പ്രബാങ് എന്ന പൈതൃകനഗരമാണ്. 1975-ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ എത്തുന്നതുവരെ ലാവോസ് സാമ്രാജ്യത്തിന്റെ രാജകീയ ആസ്ഥാനവും ഭരണ സിരാകേന്ദ്രവുമായിരുന്നു ലുവാങ് പ്രബാങ്. ചിയാങ് തോങ്(Chiang Thong) എന്ന പഴയപേരിലും ലുവാങ് പ്രബാങ് അറിയപ്പെടാറുണ്ട്. വിമാനത്താവളം കണ്ടാൽ നമ്മുടെ നാട്ടിലെ ഒരു  ബസ്സ്റ്റാൻഡ് പോലെയേ  തോന്നുകയുള്ളൂ   . ടൂർ മാനേജർ നേരത്തെതന്നെ  പറഞ്ഞിരുന്നു, തീരെ വികസനമില്ലാത്ത രാജ്യമാണ്. ഹോട്ടലിലും റെസ്റ്ററന്റിലും ഒക്കെ  മറ്റുസ്ഥലങ്ങളിലേതുപോലുള്ള സൗകര്യങ്ങളൊന്നും ഇവിടെ പ്രതീക്ഷിക്കരുത് എന്ന്. ഞങ്ങൾക്കുപോകാനുള്ള വാഹനം പോലും പത്തുപേർക്ക് മാത്രം  പോകാനുള്ള വലുപ്പമുള്ളതാണ്. നാലെണ്ണം ഉണ്ടായിരുന്നു. ഇവിടുത്തെ യാത്രകൾ ഇനി ഈ ചെറുവാഹനങ്ങളിലായിരിക്കും. വലിയ ബസ്സ് പോകാനുള്ള സൗകര്യം ഇവിടുത്തെ റോഡുകൾക്കില്ലത്രേ!  




ലാവോസിലെ  ഗൈഡ്, ഹോട്ടലിലേക്ക് പോകാനായി ഞങ്ങളെ   വാഹനങ്ങളിൽ കയറ്റി. ലഗ്ഗേജ് എല്ലാം  മറ്റൊരു ടുക്ക് ടുക്കിൽ ഒന്നിച്ചു കൊണ്ടുപോവുകയായിരുന്നു.  അന്തിവെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു.  അരനൂറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടിലെ ഏതോ ഒരു ഗ്രാമത്തിലൂടെ പോകുന്നതുപോലെയുണ്ട്. ചെറിയ പെട്ടിക്കടകളും പൊടിപറത്തുന്ന പൊട്ടിപ്പൊളിഞ്ഞ റോഡും പുല്ലും ഓടും മേഞ്ഞ   കൊച്ചുകൊച്ചു വീടുകളും തൊടികളും ഒക്കയാണ് കാഴ്ച്ചയിൽ വന്നുകൊണ്ടിരിക്കുന്നത്. രണ്ടുനിലയിൽക്കൂടുതലുള്ള കെട്ടിടങ്ങളൊന്നുമില്ല. ഇവിടെയും കണിക്കൊന്നയും   മാവുമൊക്കെ ഇലകൾപോലും കാണാൻ കഴിയാതെ  നിറയെ പൂക്കളുമായി എല്ലായിടത്തും  ഐശ്വര്യത്തോടെ നിൽക്കുന്നു. തൈമാവുകൾപോലും പൂക്കാലം ശിരസ്സിലേന്തിനിൽക്കുന്ന കാഴ്ച!




ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ,  നീണ്ടുപോകുന്ന പാതയുടെ അങ്ങേയറ്റത്തതായി ഇരുളിന്നഗാധതയിലേക്കു മുങ്ങിത്താഴാനായി ചുവപ്പിൽക്കുളിച്ചുനിൽക്കുന്ന അസ്തമയസൂര്യൻ. ഹോട്ടലിൽ റൂം അലോട്ട്മെന്റ് ആകുമ്പോഴേക്കും അസ്തമയം കാണാനായി കുറച്ചുദൂരം റോഡിലൂടെ നടന്നു. പക്ഷേ വാഹനങ്ങളുടെ ബാഹുല്യവും റോഡിന്റെ പരിതാപാവസ്ഥയും കാരണം പുകപോലെ  പൊടി പറന്നുയരുന്നു. ആരോഗ്യത്തിന് അത് ദോഷംചെയ്യുമെന്നതുകൊണ്ടു തിരികെനടന്നു താക്കോൽ വാങ്ങി മുറിയിലേക്ക് പോയി.   വളരെ വിശാലമായൊരു വളപ്പിലാണ് ഈ ഹോട്ടൽ വളരെ പഴക്കംതൊന്നുന്ന, ഒന്നും രണ്ടും നിലകളുള്ള ധാരാളം കെട്ടിടങ്ങൾ, വിശാലമായ ഭക്ഷണശാല,  നീന്തൽക്കുളം, ഉദ്യാനങ്ങൾ ഒക്കെയുണ്ട്. ഞങ്ങളുടെ മുറി താഴത്തെ നിലയിലായിരുന്നു. പഴമയുടെ വിരൽസ്പർശമുണ്ടെങ്കിലും മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുറിതുറക്കുന്നത് സിററ്ഔട്ടിലേക്കാണ്. അതുകഴിഞ്ഞാൽ പൂത്തുനിൽക്കുന്ന ധാരാളം ടോർച് ജിഞ്ചർ ചെടികൾ. അതിനപ്പുറം റോഡാണ് . ആദ്യം കരുതിയത് ഏലച്ചെടികൾ വളർന്നുനിൽക്കുന്നെന്നാണ്. പിന്നീടാണ് താമരപ്പൂവിനോട് സാദൃശ്യമുള്ള പൂക്കൾ ശ്രദ്ധയിൽപെട്ടത്.  എല്ലാ  സൗകര്യങ്ങളുമുള്ള മനോഹരമായ മുറിയാണ്. പക്ഷേ  ടോയ്ലറ്റ്, ബാത്രൂം വാതിലുകൾ തടികൊണ്ടുള്ളതാണ്. അത് അടയ്ക്കാൻ കഴിയുന്നില്ലായിരുന്നു. തടികൾക്കു കാലാവസ്ഥാനുസൃതമായുണ്ടാകുന്ന വികാസസങ്കോചങ്ങൾ ഇങ്ങനെ ചില അസൗകര്യങ്ങൾ ഉണ്ടാക്കും. കർട്ടനിട്ടിരുന്നതുകൊണ്ടു ആ പ്രശ്നം ചെറിയതോതിൽ പരിഹരിച്ചു. 




മുറിയിലെത്തി അല്പനേരത്തെ വിശ്രമത്തിനുശേഷം ഞങ്ങൾ റോഡിലൂടെ കുറച്ചുദൂരം നടന്നു. മുറ്റത്തു പൂച്ചെടികളും കുലമറിഞ്ഞുപൂത്തുനിൽക്കുന്ന മാവുകളും പഴുത്ത  ചെറിയ  ഓറഞ്ചുകൾ നിറയെയുള്ള ഓറഞ്ചുചെടികളും ചേർന്ന്   അലങ്കാരംതീർക്കുന്ന  ചെറിയ വീടുകളും  തൊടികളുമൊക്കെയാണ് ഇരുവശത്തും ചെറിയ കടകളുമുണ്ട്. മുറിയിൽ രണ്ടു ചെറിയകുപ്പി വെള്ളമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു ഒരു കുപ്പി വെള്ളം അടുത്തുകണ്ട കടയിൽനിന്ന് വാങ്ങി. വില,  പതിനായിരം കിപ്. ഏകദേശം നമ്മുടെ  നാൽപതു രൂപ. നല്ല  തണുപ്പുണ്ടായിരുന്നതിനാൽ  അല്പനേരംകൂടി നടന്നശേഷം തിരികെഹോട്ടലിലേക്കുപോയി. കുളികഴിഞ്ഞു പുറത്തിറങ്ങി. അങ്കണത്തിൽ അവിടവിടെയായി ചില പവലിയനുകളും   ഇരിപ്പിടങ്ങളുമൊക്കെയുണ്ട്. സഹയാത്രികർ പലരും അവിടെയിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവരോടൊപ്പംകൂടി. അത്താഴം കഴിക്കാൻ കുറച്ചുദൂരെയുള്ള റെസ്റ്ററന്റിലേക്കു  പോകണം. 


സമയം  ഏഴരയായപ്പോൾ  ഞങ്ങളെക്കൊണ്ടുപോകാനുള്ള വാഹനങ്ങൾ എത്തി. റെസ്റ്ററന്റിൽ  ഇന്ത്യക്കാർ ജോലിക്കാരായുണ്ടെങ്കിലും ഇത് നടത്തുന്നത് ഒരു ശ്രീലങ്കക്കാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ ഈ രാജ്യക്കാരിയാണ്. അവരുടെ കുട്ടികളുമുണ്ട്. വളരെ സൗഹൃദപരമായ പെരുമാറ്റം. വിഭവങ്ങളൊക്കെ നമ്മുടേതുതന്നെ. ചോറും വിവിധതരം കറികളും കൂടാതെ ദോശ, ഇഡലി,  ചപ്പാത്തി എന്നിവയുമുണ്ടായിരുന്നു. നാടൻശൈലിയിൽ തയ്യാറാക്കിയ,  കറിയും വറുത്തതുമായ കോഴിയും മത്സ്യവും കൂടാതെ ഗുലാബ്ജാമുനും പിന്നെ അവരുടെ തോട്ടത്തിൽനിന്നുകൊണ്ടുവന്ന വിവിധതരം പഴങ്ങളും. പക്ഷേ ഭക്ഷണശാലയും പരിസരവുമൊന്നും അത്ര തൃപ്തികരമായി തോന്നിയില്ല. വൃത്തി വളരെ കുറവും. 


ഭക്ഷണശേഷം അധികം ദൂരെയല്ലാത്ത  ഒരു നിശാവിപണിയിലേക്കാണ് ഞങ്ങൾ പോയത്. ഒരു തെരുവുമുഴുവൻ കച്ചവടകേന്ദ്രമായി മാറിയിരിക്കുന്ന കാഴ്ചയാണ് അവിടെ കാണാൻ കഴിയുന്നത്. ഇത് വൈകുന്നേരം അഞ്ചുമണിമുതൽ രാത്രി പതിനൊന്നുമണിവരെ മാത്രം പ്രവർത്തിക്കുന്നൊരു ചന്തയാണ്. ആ സമയത്ത് വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കും. വളരെ അപൂർവ്വമായി പൊലീസ് വാഹനങ്ങൾ കാണാൻ കഴിയും.  1996 മുതൽ ഈ ചന്ത ഇവിടെ പ്രവർത്തിക്കുന്നു. ഇവിടുത്തെ ജനത കരകൗശലപ്രവൃത്തികളിൽ അഗ്രഗണ്യരാണ്. തുണിനെയ്ത്ത്, മുളകൊണ്ടുള്ള പലതരം വസ്തുക്കൾ, കുട്ടനിർമ്മാണം, സഞ്ചികളുണ്ടാക്കൽ, പായനെയ്ത്ത്, കല്ലിലും തടിയിലും ലോഹങ്ങളിലുമുള്ള ശില്പനിർമ്മാണം സ്വർണ്ണത്തിലും വെള്ളിയിലുമൊക്കെയുള്ള ആഭരണങ്ങൾ ഇങ്ങനെപോകുന്നു അവരുടെ കർമ്മമേഘലകൾ.  പകൽസമയത്ത് അവരുണ്ടക്കുന്ന വസ്തുക്കൾ ഇത്തരം വിപണികളിൽ എത്തിച്ച് അവർ കച്ചവടം ചെയ്യുന്നു. സ്ത്രീകളാണ് ഈ കച്ചവടക്കാരിൽ അധികവും. 




ടൂറിസം ഓഫീസിനടുത്തുനിന്നാരംഭിച്ചു റോയൽപലസ്‌ മ്യൂസിയം വരെയുള്ള ഏകദേശം ഒരുകിലോമീറ്റർ ദൂരം    വീഥിക്കിരുവശവും നിരനിരയായി ഒരുക്കിയിരിക്കുന്ന താൽക്കാലിക സ്റ്റാളുകളിൽ കിട്ടാത്ത വസ്തുക്കളൊന്നുമില്ല. ചിത്രങ്ങളും കരിക്കേച്ചറും വരയ്ക്കുന്ന കലാകാരന്മാരും ധാരാളമുണ്ട്. ഒരു ത്രുശൂർപൂരത്തിനുള്ളതുപോലെ ജനം തെരുവിലൂടെ  ഒഴുകി നീങ്ങുന്നു. അവരൊക്കെ വിദേശികളാണ്. കച്ചവടക്കാർ മാത്രമാണ് അന്നാട്ടുകാർ. ഈ ചെറിയ പട്ടണത്തിൽ  ഇത്രയും ജനം എവിടിരുന്നു എന്നതിശയിച്ചുപോയി. വലിയ ഹോട്ടലുകൾപോലും എവിടെയും കാണാൻ കഴിഞ്ഞില്ല. എന്നിട്ടും ഇത്രയധികം  വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ഈ പട്ടണത്തിനു കഴിഞ്ഞുവെന്നത് അവിശ്വനീയമായിത്തോന്നി. ഇത്രയും ജനം  ഉണ്ടെങ്കിലും ആ നിരത്തുകളൊക്കെ വളരെ വൃത്തിയായണ് സൂക്ഷിക്കുന്നത്. രാവിലെയാകുമ്പോൾ പഴയപടി വാഹനഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യും. നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ സങ്കല്പിക്കാനാവുമോ!


ഈ തെരുവിനു സമാന്തരമായിപ്പോകുന്ന മറ്റൊരുവീഥി ഭക്ഷത്തിനായി മാറ്റിയിരിക്കുന്നതാണ്. ഇരുവശവും സസ്യ-സസ്യേതരമായ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന സ്റ്റാളുകൾ കാണാം. മുമ്പിലും കുറച്ചുമാറിയുള്ള ചെറുവേദികളിലുമൊക്കെ കസേരകൾ നിരത്തിയിട്ടുണ്ടാവും.  ഭക്ഷണം വാങ്ങി എവിടെയുമിരുന്നു കഴിക്കാം. കാലിയായ കസേരകൾ അധികമൊന്നും കാണാൻ കഴിഞ്ഞില്ല. ഞങ്ങൾ ഭക്ഷണം കഴിച്ചതുകൊണ്ടു ഇതൊന്നും കഴിക്കാനുമാവില്ല. പൊരിച്ചുവച്ചിരിക്കുന്ന നീരാളിയുടെ കാലുകളാണ് ഏറ്റവുംകൂടുതൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. നമ്മുടെ പാലപ്പംപോലെ എന്തോ ഒരു സാധനവും വാഴയിലയിൽ വെച്ചിരിക്കുന്നതുകണ്ടു. കണ്ടു. ഖാനോം ക്രോക് എന്നാണത്രെ അതിന്റെ പേര്. നേർത്ത അരിപ്പൊടിയിൽ തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന അപ്പമാണത്. പശപശപ്പുള്ള ചോറുകൊണ്ട് ഉണ്ണിയപ്പക്കാരയിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു വിഭവം കണ്ടപ്പോൾ ആദ്യം കരുതിയത് പണിയാരം ആണെന്നാണ്.  ലാവോസ് കൂടാതെ അയൽരാജ്യങ്ങളായ തായ്‌ലണ്ടിന്റേയും വിയറ്റ്നാമിന്റെയും കമ്പോഡിയയുടെയും ചൈനയുടേയുമൊക്കെ പരമ്പരാഗതവിഭവങ്ങൾ നമുക്കീ ഭക്ഷണത്തെരുവിൽ കാണാനാവും. ഫ്രഞ്ച് കോളനിയായിരുന്നതുകൊണ്ടു ഭക്ഷണത്തിൽ ഫ്രഞ്ച് സ്വാധീനവും പ്രകടമാണ്. ഇത്തരത്തിലെ ഒരു നൈറ്റ് സ്ട്രീറ്റും  ഫുഡ്സ്ട്രീറ്റും നമ്മുടെ നാട്ടിൽ കണ്ടിട്ടേയില്ല. 


നേർവീഥിയും ഉപവീഥികളുമായി നീണ്ടുപരന്നുകിടക്കുന്ന ഈ നിശാചന്തയിൽ കുറേനേരം ചുറ്റിനടന്ന്, ചെറിയ ചില ഷോപ്പിങ്ങും നടത്തി ഞങ്ങൾ എത്തണമെന്ന് പറഞ്ഞിരുന്ന  സമയത്തുതന്നെ വാഹനം പാർക്ക് ചെയ്തിരുന്ന പാതവക്കിലെത്തി. പത്തുമണിയാകുന്നു. ഇനി  ഹോട്ടലിലേക്ക്. ഇന്ന് നേരത്തെ കിടന്നുറങ്ങണം. നാളെ രാവിലെ അഞ്ചുമണിക്ക് പുറപ്പെടേണ്ടതുണ്ട്. അദ്‌ഭുതങ്ങൾ കാത്തിരിക്കുന്നു.